കരുവന്നൂര്‍ സഹകരണ ബാങ്കിലെ അഴിമതിയെക്കുറിച്ച് അനുദിനം പുറത്തുവരുന്ന വിവരങ്ങള്‍ ജനങ്ങളെ അമ്പരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അന്വേഷണം നടത്തുന്ന കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുന്‍മന്ത്രിയും സിപിഎം സംസ്ഥാനസമിതിയംഗവുമായ എ.സി. മൊയ്തീനെ ഒരു പ്രാവശ്യം ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുകയും, മൊഴികളും രേഖകളും പരിശോധിച്ചശേഷം വീണ്ടും ഹാജരാവാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയുമാണ്. എംഎല്‍എമാരുടെ ഓറിയന്റേഷന്‍ ക്ലാസുള്ളതിനാല്‍ ഹാജരാവാന്‍ കഴിയില്ലെന്ന് മൊയ്തീന് അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മുന്‍ധനമന്ത്രി ഡോ. തോമസ് ഐസക്കിനെ ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോഴും ഹാജരാകാതിരിക്കാന്‍ ഇതേ ന്യായംതന്നെയാണ് പറഞ്ഞിരുന്നത്. ഇതില്‍നിന്ന് പാര്‍ട്ടിയുടെ ഒരു തന്ത്രമാണിതെന്ന് മനസ്സിലാക്കാം. എ.സി. മൊയ്തീന്റെ മൊഴികളില്‍ പൊരുത്തക്കേടുണ്ടെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനാലാണ് വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നതെന്നും, അറസ്റ്റുചെയ്യാന്‍ സാധ്യതയുണ്ടെന്നും ഭയന്നാണ് മൊയ്തീന് ഒഴിഞ്ഞുമാറുന്നതെന്ന് കരുതേണ്ടിയിരിക്കുന്നു. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് മുന്‍ എംപി പി.കെ. ബിജുവിനെയും ഇഡി വിളിച്ചുവരുത്തുമെന്നാണ് അറിയുന്നത്. തട്ടിപ്പില്‍ പങ്കുള്ള ഇടനിലക്കാരനും സിപിഎം നേതാക്കളുടെ ബിനാമിയുമായ ഒരാള്‍ നല്കിയ മൊഴിയനുസരിച്ച് ബിജുവും കോടിക്കണക്കിന് രൂപ കൈപ്പറ്റിയതായാണ് അറിയുന്നത്. ഇക്കാര്യം നിഷേധിച്ചുകൊണ്ട് ബിജു പറയുന്ന കാര്യങ്ങള്‍ ഒട്ടും വിശ്വാസയോഗ്യമല്ല.
കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകരുടെ വ്യാജ പേരുകളില്‍ ലോണെടുത്ത് ഭരണസമിതിക്കാര് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയെന്നായിരുന്നു ആദ്യം പുറത്തുവന്നത്. അംഗങ്ങള്‍ക്ക് നിക്ഷേപം തിരിച്ചുകൊടുക്കാനാവാത്ത അവസ്ഥ വന്നപ്പോഴായിരുന്നു തട്ടിപ്പ് പുറത്തായത്. അധ്വാനിച്ചുണ്ടാക്കിയ പണം ലഭിക്കാതെ ചികിത്സ മുടങ്ങിയവരും മരണമടഞ്ഞവരുമുണ്ട്. എന്നിട്ടും അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ച് കുറ്റവാളികളെ രക്ഷിക്കാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിച്ചത്. ചിലരെ ബലിയാടാക്കി നടപടിയെടുത്തെങ്കിലും ആരോപണവിധേയരായ പാര്‍ട്ടിനേതാക്കളെയും ഉദ്യോഗസ്ഥരെയും സസ്പെന്‍ഷനും സ്ഥലംമാറ്റവുമുള്‍പ്പെടെയുള്ള കുറഞ്ഞ ശിക്ഷാ നടപടികളെടുത്ത് സംരക്ഷിച്ചു. ഇതിനു പിന്നാലെയാണ് ഇഡി അന്വേഷണത്തിനെത്തിയത്. ഇങ്ങനെയാണ് 300 കോടിയോളം രൂപയുടെ നിയമവിരുദ്ധ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയതും. നോട്ട് നിരോധനക്കാലത്ത് കോടാനുകോടി രൂപയുടെ കള്ളപ്പണം ഈ ബാങ്കുവഴി വെളുപ്പിക്കുകയുണ്ടായെന്ന് തിരിച്ചറിഞ്ഞ് അന്വേഷണം വ്യാപിപ്പിച്ചതോടെയാണ് ഇതിലെ പ്രധാന കണ്ണികള്‍ എ.സി. മൊയ്തീനെയും പി.കെ. ബിജുവിനെയും പോലുള്ളവരാണെന്ന് തിരിച്ചറിഞ്ഞിരിക്കുന്നത്. എന്നാല്‍ ഇഡി അന്വേഷണത്തില്‍നിന്ന് ലഭിച്ച വിവരമനുസരിച്ച് തട്ടിപ്പ് കരുവന്നൂര്‍ ബാങ്കില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നും, കേരള ബാങ്ക് ചെയര്‍മാനും സിപിഎം സംസ്ഥാന സമിതിയംഗവുമായ എം.കെ. കണ്ണനും ഇതില്‍ പങ്കുണ്ടെന്നാണ് വന്നിരിക്കുന്നത്. ഇതുസംബന്ധിച്ച രേഖകള്‍ വിവിധയിടങ്ങളില്‍ നടത്തിയ റെയ്ഡുകളില് ലഭിച്ചതായാണ് വിവരം.
സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഭരണത്തിലിരിക്കുന്ന പല സഹകരണ ബാങ്കുകളിലും കള്ളപ്പണം വെളുപ്പിക്കുന്നതുള്‍പ്പെടെ നിയമവിരുദ്ധമായ പണമിടപാടുകള്‍ നടത്തിയിട്ടുള്ളതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ സത്യവാങ്മൂലം നല്‍കിതായാണ് ഏറ്റവും പുതിയ മാധ്യമ റിപ്പോര്‍ട്ടുകള്‍. നരേന്ദ്ര മോദി സര്‍ക്കാര്‍ നോട്ടുനിരോധനം കൊണ്ടുവന്നപ്പോള്‍ ആ അവസരം മുതലാക്കി കോടാനുകോടി രൂപ സഹകരണ ബാങ്കുകള്‍ വഴി വെളുപ്പിച്ചെടുത്തുവെന്ന് ആരോപണമുണ്ടായിരുന്നു. ഈ ബാങ്കുകളുടെ നിക്ഷേപം സംബന്ധിച്ച വിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പരിശോധിക്കുന്നതിനെ സിപിഎമ്മും പിണറായി സര്‍ക്കാരും രൂക്ഷമായി എതിര്‍ക്കുകയും ചെയ്തു. അത് എന്തുകൊണ്ടാണെന്ന് ഇപ്പോള്‍ വ്യക്തമാവുകയാണ്. ഇസ്ലാമിക തീവ്രവാദ സംഘടനകളും സിപിഎമ്മും ചേര്‍ന്നുള്ള കൂട്ടുകെട്ടിന്റെ ഫലമായാണ് വിദേശത്തുനിന്നടക്കമുള്ള പണം സഹകരണ ബാങ്കുകളിലെത്തിയതെന്നും, രണ്ടുകൂട്ടരും ഇതിന്റെ ഗുണഭോക്താക്കളാണെന്നും ആരോപണമുണ്ട്. ഇതിനോടകം പുറത്തുവന്നിട്ടുള്ള വിവരങ്ങള്‍ ഇത് ശരിവയ്ക്കുന്നുമുണ്ട്. രാജ്യദ്രോഹ പ്രവര്‍ത്തനത്തിന് തുല്യമായ ഒരു സമാന്തര സമ്പദ്വ്യവസ്ഥ സഹകരണ ബാങ്കുകള്‍ വഴി നിലവില്‍വന്നിരിക്കുകയാണ് കേരളത്തില്‍. നിക്ഷേപകരെ ബന്ദികളാക്കിയുള്ള ഇതിന്റെ നടത്തിപ്പുകാരും ഗുണഭോക്താക്കളും സിപിഎമ്മുകാരാണ്. ഈ സാമ്രാജ്യത്തിലേക്കാണ് ഇഡി കടന്നുകയറിയിരിക്കുന്നത്. സര്‍വശക്തിയുമെടുത്ത് പ്രതിരോധിക്കാനാണ് സിപിഎം തീരുമാനം. അന്വേഷണവുമായി സഹകരിക്കരുതെന്ന് ഇതില്‍ പങ്കുള്ളവര്‍ക്ക് സിപിഎമ്മിന്റെ നിര്‍ദ്ദേശം പോയെന്നാണ് അറിയുന്നത്. ഇതിനെ മറികടന്ന് കുറ്റക്കാരായ ഒറ്റയാളെപ്പോലും രക്ഷപ്പെടാന്‍ അനുവദിക്കാതെ ഇഡിയുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടാവണം. കാലതാമസം ഉണ്ടായാല്‍ ഇക്കൂട്ടര്‍ നിയമത്തിന്റെ പിടിയില്‍നിന്ന് രക്ഷപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: