തിരുവനന്തപുരം: മാസപ്പടി വിവാദത്തില്‍ നിയമസഭയില്‍ കണ്ടതുപോലെയായിരുന്നില്ല മുഖ്യമന്ത്രി ഇന്ന് പത്രസമ്മേളനത്തില്‍. തന്നെയും മകളെയും കുറിച്ചുള്ള ആരോപണങ്ങളെ പൂര്‍ണമായി നിഷേധിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്.
കരിമണല്‍ കമ്പനി സിഎംആര്‍എല്‍ ഡയറിയിലെ മാസപ്പടി വിവാദത്തെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പി.വി എന്ന ചുരുക്കപ്പേര് തനിക്ക് മാത്രമല്ല ഉള്ളതെന്നും മാസപ്പടി വാങ്ങിയവരുടെ ലിസ്റ്റില്‍ തന്റെ പേര് ഉണ്ടാകില്ലെന്നും കേന്ദ്ര ഏജന്‍സികളുടെ വാക്കുകേട്ട് മാധ്യമങ്ങള്‍ ഊഹിക്കുകയാണ്. നിയമപ്രകാരമുള്ള ബാധ്യതകള്‍ നിറവേറ്റിയിട്ടുണ്ട്. പിണറായി വിജയനെ അടിച്ചുതാഴ്ത്താനാണ് ശ്രമം നടക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.
സേവനം നല്കാതെയല്ലേ വീണയുടെ സ്ഥാപനത്തിന് സിഎംആര്‍എല്‍ പണം നല്‍കിയത് എന്ന ചോദ്യത്തിന് മുഖ്യമന്ത്രി വ്യക്തമായ മറുപടി നല്‍കിയില്ല.
പ്രഫഷനലായ ഒരാള്‍ നടത്തുന്ന കാര്യങ്ങള്‍ എങ്ങനെയാണ് മറ്റുതരത്തില്‍ വ്യാഖ്യാനിക്കപ്പെടുന്നത്. പണം വാങ്ങിയത് അവര്‍ ആരെങ്കിലും കണ്ടെത്തിയതാണോ?. അവരുടെ കമ്പനിയുടെ കണക്കിലുള്ളതല്ലേ. എന്തെല്ലാം നിയമപ്രകാരമുള്ള ബാധ്യതകളുണ്ടോ അതെല്ലാം നിറവേറ്റിയ കമ്പനിയല്ലേ അത്. കൊടുത്ത കമ്പനിയുടെ കണക്കിലുണ്ട്. സ്വീകരിച്ച കമ്പനിയുടെ കണക്കിലുണ്ട്. സ്വീകരിച്ച കമ്പനി അതുമായി കൊടുക്കുന്ന ആദായനികുതി സ്റ്റേറ്റ്മെന്റില്‍ വന്നിട്ടുണ്ട്. നിയമപ്രകാരം എന്തെല്ലാം ചെയ്യണമോ അതെല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിഷയത്തില്‍ നിയമനടപടിയുണ്ടോ എന്ന ചോദ്യത്തിന് നിയമപരമായി എന്തെങ്കിലും ചെയ്യണമെങ്കില്‍ അവര്‍ ആലോചിച്ച് ചെയ്യട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിഎംആര്‍എല്‍ സിഎഫ്ഒയേ താന്‍ കണ്ടിട്ടേയില്ലെന്നും പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
ഏഴു മാസം വാര്‍ത്താ സമ്മേളനം നടത്താത്തതിന്റെ കാരണങ്ങള്‍ വിശദീകരിച്ച മുഖ്യമന്ത്രി, മാധ്യമങ്ങളെ വേണ്ട എന്നു വച്ചാല്‍ താന്‍ ഇന്ന് വാര്‍ത്താ സമ്മേളനത്തിനു വരുമോയെന്ന് മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടിയായി ചോദിച്ചു.
‘വാര്‍ത്താ സമ്മേളനത്തിന് ഗ്യാപ് വന്നത് ഗ്യാപ് വന്നതുകൊണ്ട് തന്നെ. അതിലെന്താ വേറെ പ്രശ്നം വന്നിരിക്കുന്നത്. എല്ലാദിവസവും നിങ്ങളെ കാണാറില്ലായിരുന്നല്ലോ. ആവശ്യം ഉള്ളപ്പോള്‍ നിങ്ങളെ കാണാറുണ്ടല്ലോ. അതിനിയും കാണും. അതിനു വേറെ പ്രശ്നം ഒന്നുമില്ല. എല്ലാക്കാലത്തും നിങ്ങള്‍ക്ക് അതറിയാമല്ലോ. ആവശ്യമുള്ളപ്പോള്‍ നിങ്ങളെ കാണാറുണ്ട്’- മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: