ഭാരതമാകെ ഭാദ്രപദമാസത്തിലെ ശുക്ലപക്ഷപഞ്ചമിതിഥിയില് ഋഷിപഞ്ചമി ആഘോഷിക്കുന്നു. ആഘോഷങ്ങളില്‍ പങ്കെടുക്കുന്നവര്‍ ഋഷിപഞ്ചമി എന്തെന്ന ജ്ഞാനം ലഭിക്കാത്തവരായി പൂജകളിലും ഹോമങ്ങളിലും വ്യാപൃതരാകുന്നു. ‘ഋഷി’യെന്നത് സംന്യാസനാമവും ‘പഞ്ചമി’യെന്നത് തിഥിയുമാകുന്നു. ഈ രണ്ടു സംസ്കൃതപദങ്ങളും സംഗമിക്കുന്ന ഋഷിപഞ്ചമി ആരെ പ്രാര്‍ത്ഥനാനിരതമായി സ്തുതിക്കുന്ന ദിനമെന്ന് സര്വ്വലോകവാസികളും അറിയേണ്ടുന്ന വൈദികജ്ഞാനമാകുന്നു.
പ്രപഞ്ചോല്പ്പത്തിയെക്കുറിച്ചറിയുവാന് ധ്യാനനിരതരായി ഉഗ്രതപം ചെയ്ത അഞ്ചു ഋഷിമാരായ പുത്രന്മാരുടെ മുന്നില്‍ പരമപിതാവായ വിശ്വകര്‍മ്മ ഭഗവാന് പ്രത്യക്ഷമായ തിഥിയത്രെ ഋഷിപഞ്ചമി. അവരത്രെ സനക, സനാതന, അഭുവനസ, പ്രജ്ഞസ, സുവര്ണ്ണസ എന്നീ ഋഷിമാര്‍. അവര്‍ തന്നെയാണ് ആദിബ്രഹ്മാക്കളായ മനു, മയ, ത്വഷ്ട, ശില്പി, വിശ്വജ്ഞ.
പ്രപഞ്ചസ്രഷ്ടാവും ജഗത് പാലകനും ബ്രഹ്മാണ്ഡസ്വരൂപനും ഏകനുമായ പരമാത്മാവാണ് വിശ്വകര്‍മ്മ ഭഗവാനെന്നും അഞ്ചുവേദങ്ങളിലും പ്രതിപാദിക്കുന്ന. അഞ്ചാമത്തെ വേദമായ പ്രണവവേദത്തെ യജ്ഞകര്‍മ്മങ്ങള്‍ക്കായി ഉപയോഗിക്കാതിരുന്നതുകൊണ്ട് നൂറ്റാണ്ടുകളായി നമുക്കന്യമായി. പ്രണവവേദം ശാസ്ത്രസത്യങ്ങളുടെ, താരാപഥങ്ങളുടെ, സൗരയൂഥത്തിന്റെ, നിര്‍മ്മാണകലയുടെ, ഗോളശാസ്ത്രത്തിന്റെ, ഗണിതവിജ്ഞാനത്തിന്റെ, അപാരമായ അറിവുകളുടെ നിധി ശേഖരമാണ്.
ലോകത്തിലെ ആദ്യഗ്രന്ഥമായി ഗണിക്കുന്നത് ഋഗ്വേദത്തെയാണ്. ആദിവേദകാലഘട്ടത്തിലെ ജ്ഞാനസാഗരങ്ങളാണ് ഋഗ്വേദം, യജുര്‍വേദം, സാമവേദം, അഥര്‍വ്വവേദം, പ്രണവവേദം എന്നിവ. അഞ്ചുവേദങ്ങളിലും സനാതനബ്രഹ്മത്തെ പ്രകീര്‍ത്തിക്കുന്ന മന്ത്രങ്ങളാണ്. ഭാരതമതം സനാതനധര്മ്മത്തിലധിഷ്ഠിതമാണ്. ആരൊക്കെ തകര്‍ക്കാന്‍ ശ്രമിച്ചാലും തകര്‍ക്കാന്‍ കഴിയാത്ത സുദൃഢദര്ശനം ‘ലോകാസമസ്താസുഖിനോ ഭവന്തു’വും ‘വസുധൈവകുടുംബകവും’പൗരാണിക ഭാരതം പ്രഘോഷിച്ചത് സനാതന ധര്‍മ്മത്തിലൂടെയാണ്. അവിഭക്തഭാരതം എത്ര വിശാലമായിരുന്നു. അതിനാല്‍ ഭാരതഖണ്ഡമെന്നും അറിയപ്പെട്ടു. ലോകത്തെ മറ്റൊരു രാഷ്ട്രത്തിലും പിറന്നുവീണതല്ല വേദങ്ങള്‍. വേദങ്ങള്‍ സനാതന ബ്രഹ്മമായ വിശ്വകര്‍മ്മ ഭഗവാനെ വാഴ്ത്തി സ്തുതിക്കുന്നു.
വിശ്വകര്മ്മഭഗവാനെ സംപ്രീതനാക്കുന്ന സാമഗാനങ്ങള്‍ സത്യങ്ങളായി നിലനില്ക്കുമ്പോള് നൂറ്റാണ്ടുകള്‍ക്കുശേഷം ചമയ്ക്കപ്പെട്ട ഇതിഹാസകാവ്യങ്ങളില്‍ വിശ്വകര്‍മ്മ ഭഗവാനെ ദേവശില്പിയായി തരംതാഴ്ത്തുന്ന പ്രക്രിയ നിര്‍വ്വഹിച്ചു. വിശ്വകര്‍മ്മ ഭഗവാന് പ്രപഞ്ചസൃഷ്ടിയ്ക്കായി മൂന്ന് സ്വരൂപങ്ങളായി മാറുന്നതാണ് ബ്രഹ്മ, വിഷ്ണു, രുദ്രന്മാര്. ‘ഏകം സത് വിപ്രാ ബഹുധാ വദന്തി’. അഗ്നി, ഇന്ദ്രന്, സോമന്, വരുണന്, പര്ജ്ജന്യന് എന്നതെല്ലാം വിശ്വകര്മ്മാംശങ്ങളാണ്. സൂര്യനെ കൈയില്‍ വച്ചിരിക്കുന്നവനും, പ്രകാശം നല്കുന്നവനും വിശ്വകര്മ്മാവെന്നു വേദമതം. സൂര്യനെ നിയന്ത്രിക്കുന്നവനും, ലോകപാലകനുമായ വിശ്വകര്മ്മഭഗവാനെ കണ്ടെത്തുന്ന മഹാമന്ത്രങ്ങളിലൊന്നാണ് ഗായത്രി. വാചസ്പതിയായ ഭഗവാനെ സന്തോഷിപ്പിക്കുവാന്‍ ഹവിസ് സമര്‍പ്പിച്ച് സാഷ്ടാംഗ പ്രണാമത്തോടെ വാണീദേവിയെ കരതലാമലകമാക്കുന്ന വിദ്യാമന്ത്രങ്ങള് വ്യാഖ്യാനങ്ങള്ക്കുമപ്പുറത്താണ്. രാമായണത്തില്‍ നിറഞ്ഞു നില്ക്കുന്ന മോക്ഷമന്ത്രങ്ങളെല്ലാം വേദപ്പൊരുളായ വിശ്വകര്‍മ്മാവിന്റെ പരബ്രഹ്മവര്ണ്ണനകളാണ്.
സ്വയംഭൂവായ വിശ്വകര്‍മ്മ പരമേശ്വരന് പ്രപഞ്ചപാലനത്തിനായി മന്വാദികര്ക്ക് വേദരഹസ്യങ്ങള്‍ പകര്‍ന്നു നല്കുവാന് പ്രത്യക്ഷമായ ഋഷിപഞ്ചമി ജ്ഞാനവിജ്ഞാനങ്ങളുടെ ഗരിമയുയര്ത്തുന്ന പുണ്യദിനമാണ്. അക്ഷര
പൂജ ആരംഭിക്കുന്നത് വിശ്വകര്‍മ്മ പൂജയിലൂടെയാണ്. നവരാത്രി ആഘോഷങ്ങള്‍ സമാപിക്കുന്നതും ലോകേശനും മഹേശ്വരനുമായ വിശ്വകര്‍മ്മ പരബ്രഹ്മത്തെ പ്രസന്നമാകുന്ന സംഗീതസാഹിത്യ സദിരുകളിലൂടെയാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: