Categories: Literature

രാവിന്റെ മൂന്നാം യാമം

കവിത

Published by

രാപ്പുള്ളുമയങ്ങുന്ന
രാവിന്റെ മൂന്നാം യാമം
രാശിചക്രത്തില്‍ പരേ-
താത്മാക്കളുണരുന്നു.
ഭീരുവാമിവന്‍ ഭയാ-
ക്രാന്തസംഭ്രമമിരുള്‍-
ത്തീരവീഥിയിലന്ധം
നില്‍ക്കവെ തളരുന്നു.
പിന്‍തുടര്‍ന്നീടും ചെമ്പന്‍
നായ്‌ക്കളോ കിതയ്‌ക്കുന്നു?
അന്ധകാരത്തിന്‍ വവ്വാല്‍-
ക്കൂട്ടമോ പറക്കുന്നു?
കണ്ഠനാളവും ചുണ്ടും വരണ്ടു,
ദാഹം! ദാഹം!
അന്തരാത്മാവില്‍ നര-
കാഗ്നിയോ പടരുന്നു?
പ്രാണനിലാരോ കട-
ന്നേറുന്നു നിണദാഹം
നാവുനീട്ടുന്നു പ്രാണ
വല്ലഭേക്ഷമിച്ചാലും.
ചോരവാര്‍ന്നിടും ചുണ്ടും
ദംഷ്‌ട്രയും ചേര്‍ക്കട്ടെ നിന്‍
ചാരുവാംഗളത്തിലും
നീലമാം ഞരമ്പിലും
രാവൊടുങ്ങുന്നു നീയാം
ശവപേടകം ശയ്യാ-
ഗാരമായെനിക്കുമെന്‍
നീചമാം നിശകള്‍ക്കും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: Poem