എറണാകുളം: പൊതുസ്ഥലത്ത് തുടരെ മാലിന്യം വലിച്ചെറിയുന്ന കുറ്റം ആവര്‍ത്തിക്കുന്നവര്‍ക്ക് തടവ് ഉള്‍പ്പെടെയുള്ള ശിക്ഷ നല്കാന് നിയമത്തില്‍ ഭേദഗതി വരുത്താനാകുമോയെന്ന് ആരാഞ്ഞ് ഹൈക്കോടതി. അനധികൃതമായി മാലിന്യം നിക്ഷേപിക്കുന്നവരെ തടയുന്ന ഉത്തരവാദിത്വം ഭാഗികമായി പോലീസിനെയും ഏല്‍പ്പിക്കുന്നത് പരിശോധിക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു.
മാലിന്യ നിര്‍മാര്‍ജ്ജനത്തിനായി തദ്ദേശഭരണ സ്ഥാപനങ്ങള്‍ അനുയോജ്യമായ സ്ഥലങ്ങള്‍ കണ്ടെത്തണമെന്നും ബൂത്ത് സ്ഥാപിക്കാനുള്ള സംവിധാനവുമുണ്ടാക്കണമെന്നും കോടതി നിര്‍ദേശിച്ചു. സംസ്ഥാനത്ത് പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിക്കാന്‍ കുപ്പിയുടെ ആകൃതിയിലുള്ള ബൂത്തുകള്‍ സ്ഥാപിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കൂടാതെ ദേശീയ പാത നിര്‍മ്മാണത്തിനായി പ്ലാസ്റ്റിക്, മറ്റ് മുനിസിപ്പല്‍ മാലിന്യങ്ങള്‍ പ്രയോജനപ്പെടുത്തുന്ന കാര്യങ്ങള്‍ അറിയിക്കാന്‍ ദേശീയ പാത അതോറിറ്റിക്കും ഹൈക്കോടതി നിര്‍ദ്ദേശം നല്കി.
ബ്രഹ്മപുരം തീപിടിത്തത്തെ തുടര്‍ന്ന് ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം. ജസ്റ്റിസ് ബെച്ചു കുര്യന് തോമസ്, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് കേസ് പരിഗണിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: