പൂനെ: സാംസ്കാരിക മാര്‍ക്സിസമെന്ന പേരില്‍ ലോകമെമ്പാടും വിനാശം വിതയ്ക്കുകയാണ് ഇടതുപക്ഷ ചിന്തകരെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ലോകജീവിതത്തെ നശിപ്പിക്കാനാണ് അവരുടെ ആശയങ്ങള്‍ പ്രേരിപ്പിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്ന് ലോകത്തെ മോചിപ്പിക്കേണ്ട ഉത്തരവാദിത്തം ഭാരതത്തിനാണ്, സര്‍സംഘചാലക് പറഞ്ഞു.
അഭിജിത്ത് ജോഗ് രചിച്ച മറാത്തി പുസ്തകമായ ‘ജഗല പൊഖര്‍നാരി ദാവി വാല്‍വി’യുടെ പ്രകാശനം പൂനെ സിംബയോസിസ് വിശ്വഭവന്‍ ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തെമ്പാടും വിവാഹങ്ങള്‍ക്കും പവിത്രമായ കുടുംബ ബന്ധങ്ങള്‍ക്കുമെതിരായ ചിന്തയാണ് ഇടതുപക്ഷക്കാര്‍ ഉയര്‍ത്തിയത്. പുരോഗമനത്തിന്റെ പേരില്‍ അവര്‍ പടിഞ്ഞാറന്‍ നാടുകളിലെ ചിന്താഗതിയില്‍ നാശത്തിന്റെ വിത്തു വിതച്ചു. ലോകമെമ്പാടുമുള്ള, പ്രത്യേകിച്ച് പാശ്ചാത്യ രാജ്യങ്ങളിലെ ഇടതുപക്ഷക്കാര്‍ വിവാഹബന്ധങ്ങളെയും മാംഗല്യസൂത്രത്തിന്റെ പവിത്രതയെയും അപഹസിച്ചു. പ്രത്യയശാസ്ത്ര ചര്‍ച്ചകളെന്ന പേരില്‍ ജനങ്ങളില്‍ തെറ്റായ ആശയങ്ങള്‍ വിതയ്ക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ഇത് സമൂഹത്തിനു ദോഷം ചെയ്യും. മനുഷ്യനെ മനുഷ്യത്വത്തിന്റെ ബന്ധങ്ങളിലൂടെ കൂട്ടിയിണക്കുന്ന സമാജ നിര്‍മിതി തകര്‍ക്കും. മനുഷ്യനെ ഈ ആശയങ്ങള്‍ മൃഗീയതയിലേക്കു നയിക്കും, സര്‍സംഘചാലക് ചൂണ്ടിക്കാട്ടി.
ഇടതുപക്ഷം ഭാരതീയ സമൂഹത്തിലും അവരുടെ വിനാശ പ്രക്രിയ ആരംഭിച്ചിട്ടുണ്ട്. സമൂഹത്തില്‍ മാത്രമല്ല, വീടുകളിലും ഇതെത്തിയിട്ടുണ്ട്. അതുകൊണ്ട് ഭാരതീയ സമൂഹം ഇതിനെതിരേ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം, അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്നു രാജ്യത്ത് ഉടലെടുത്തിരിക്കുന്ന സംഘര്‍ഷങ്ങള്‍ പുതുതല്ല. ദേവന്മാരും അസുരന്മാരും തമ്മിലുള്ള സംഘട്ടനത്തിന്റെ ആധുനിക രൂപമാണിത്. ധാര്‍മിക ജീവിതത്തെ നശിപ്പിക്കാനാണ് എന്നും അസുരന്മാര് ശ്രമിച്ചിട്ടുള്ളത്.
ഭാരതീയ ജീവിതത്തിനു നേരേ ഇടതുപക്ഷമുയര്‍ത്തുന്ന ഈ വെല്ലുവിളിയെ മറികടക്കാന്‍ നമ്മുടെ സംസ്കാരത്തെയും സനാതന ജീവിതമൂല്യങ്ങളെയും മുറുകെപ്പിടിക്കണം. സത്യം, അനുകമ്പ, പരിശുദ്ധി, തപസ്സ് എന്നീ നാലു തത്വങ്ങള്‍ സമാജം സ്വീകരിക്കണം. ചരിത്രകാലം മുതല്‍ ഭാരതം ഇത്തരം പ്രതിസന്ധികളെ അഭിമുഖീകരിച്ചിട്ടുണ്ട്, ഇതിനെ ഇല്ലാതാക്കാനുള്ള കരുത്ത് സനാതന മൂല്യങ്ങളിലൂന്നിയ നമ്മുടെ ജീവിതത്തിനുണ്ട്. സനാതനധര്‍മത്തിന്റെ മൂല്യങ്ങള്‍ തലമുറകളിലേക്കു പകരാന്‍ കഴിയണം. അതിനായി എല്ലാ ഭാഷകളിലും പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കണം. ഇത് ഏതെങ്കിലും ഒരു സംഘടനയുടെ പ്രവര്‍ത്തനമല്ല, മുഴുവന്‍ സമൂഹത്തിന്റെയും ഉത്തരവാദിത്തമാണ്, സര്‍സംഘചാലക് ഓര്‍മിപ്പിച്ചു.
ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ശാന്തിശ്രീ പണ്ഡിറ്റ്, പ്രസാധകരായ ദിലീപ്രാജ് പ്രകാശന് മാനേജിങ് ട്രസ്റ്റി രാജീവ് ബാര്‍വെ, അഭിജിത്ത് ജോഗ്, ഡോ. ബി. മജുംദാര്‍, ഡോ. വിദ്യ യെര്വ്ദേക്കര്, മിലിന്ദ് കുല്‍ക്കര്‍ണി, മധുമിത ബാര്‍വെ എന്നിവര്‍ പ്രസംഗിച്ചു.
പൂനെയില്‍ അഭിജിത്ത് ജോഗ് രചിച്ച പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: