ലഖ്നൗ: ഭാരതത്തിന്റെ വിഖ്യാത ടെന്നീസ് താരം രോഹന് ബൊപ്പണ്ണ ജയത്തോടെ ഡേവിസ് കപ്പിനോട് വിടപറഞ്ഞു. മൊറോക്കോയ്ക്കെതിരായ ലോക ഗ്രൂപ്പ് രണ്ട് പോരാട്ടത്തില്‍ യുകി ഭാംബ്രിയുമൊത്ത് ഡബിള്‍സ് മത്സരത്തില്‍ വിജയം നേടിയാണ് ബൊപ്പണ്ണ ഡേവിസ് കപ്പിനോട് വിടപറഞ്ഞത്. മത്സരത്തില മൊറോക്കോയെ 4-1ന് മറികടന്ന് ഭാരതം ലോക ഗ്രൂപ്പ് 1 പ്ലേഓഫില്‍ കടന്നു.
മൊറോക്കോയുടെ എലിയട്ട് ബെന്ചെത്രി-യൂനസ് ലലാമി ലാറൗസി സഖ്യത്തിനെതി
രെ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ബൊപ്പണ്ണ-ഭാംബ്രി സഖ്യത്തിന്റെ ജയം. സ്കോര്‍: 6-2, 6-1.
സിംഗിള്‍സ് മത്സരങ്ങളില്‍ സുമിത് നാഗല്‍, ദിഗ്വിജയ് പ്രതാപ് സിങ് എന്നിവരും ഭാരതത്തിനുവേണ്ടി ജയം കണ്ടു. ആദ്യദിനം രണ്ടാം സിംഗിള്‍സില്‍ നാഗല്‍ ജയിച്ചപ്പോള്‍ ശശികുമാര്‍ മുകുന്ദ് ആദ്യ മത്സരത്തിനിടെ പരിക്കേറ്റു പിന്‍വാങ്ങിയിരുന്നു. റിവേഴ്സ് സിംഗിള്‍സില്‍ ശശികുമാര്‍ മുകുന്ദിന് പകരമായാണ് ദിഗ്വിജയ് പ്രതാപ് സിങ് മത്സരിച്ചത്.
നാല്പത്തിമൂന്നുകാരനായ ബൊപ്പണ്ണ ഡേവിസ് കപ്പില്‍ ഭാരതത്തിനായി 50 മത്സരങ്ങള്‍ തികച്ചാണ് വിടവാങ്ങുന്നത്. ഇതില്‍ 23 മത്സരങ്ങളില്‍ ജയം നേടി. 2002ല്‍ ഓസ്ട്രേലിയയ്ക്കെതിരെയായിരുന്നു കൂര്‍ഗ് സ്വദേശിയായ ബൊപ്പണ്ണയുടെ അരങ്ങേറ്റം. ഡേവിസ് കപ്പില്‍ നിന്നു വിരമിച്ചെങ്കിലും ബൊപ്പണ്ണ എടിപി ടൂര്‍ മത്സരങ്ങളില്‍ തുടര്‍ന്നു കളിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: