മഥുര(ഉത്തര്‍പ്രദേശ്): ബങ്കെ ബിഹാരി ക്ഷേത്രത്തിന്റെ ഭൂമി തിരിച്ചുനല്കാന്‍ അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണായക വിധി. ക്ഷേത്രഭൂമി റവന്യൂ രേഖകളില്‍ ശ്മശാനമെന്ന് രേഖപ്പെടുത്തിയ കേസിലാണ് ഉത്തരവ്. സര്‍ക്കാര്‍ രേഖകളില്‍ തെറ്റായി രേഖപ്പെടുത്തിയ എല്ലാ ക്ഷേത്രസ്വത്തുക്കളും ഒരു മാസത്തിനകം ക്ഷേത്രത്തിന്റെ നടത്തിപ്പ് ചുമതല വഹിക്കുന്ന ബിഹാരി സേവാട്രസ്റ്റിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഛാത്ര എസ്ഡിഎമ്മിന് കോടതി നിര്‍ദേശം നല്കി. തെറ്റായി രേഖപ്പെടുത്തിയ എല്ലാ റവന്യൂരേഖകളും റദ്ദാക്കാനും ജസ്റ്റിസ് സൗരഭ് ശ്രീവാസ്തവയുടെ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിട്ടുണ്ട്.
ശ്രീ ബിഹാരി സേവാ ട്രസ്റ്റ് നല്കിയ ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റിസ് സൗരഭ് ശ്രീവാസ്തവയുടെ സിംഗിള്‍ ബെഞ്ചിന്റെ വിധി. രാഷ്‌ട്രീയ സമ്മര്‍ദത്തിന് വഴങ്ങിയാണ് ബങ്കെ ബിഹാരി ക്ഷേത്രത്തിന്റെ ഭൂമി ശ്മശാനമായി രജിസ്റ്റര്‍ ചെയ്തതെന്ന് ട്രസ്റ്റിന്റെ ഹര്‍ജിയില്‍ പറയുന്നു. 2004ല്‍ മുലായം സിങ് യാദവ് ഉത്തര്‍പ്രദേശില്‍ അധികാരത്തിലിരിക്കെ അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ യുവജന വിഭാഗം നേതാവ് ഭോലാ ഖാന്‍ പത്താന്‍ മുഖ്യമന്ത്രിക്ക് അപേക്ഷ നല്കിയിരുന്നു. ഇതേത്തുടര്‍ന്ന് അന്നത്തെ ചീഫ് സെക്രട്ടറി ഉത്തരവിറക്കി. തുടര്‍ന്നാണ് ക്ഷേത്രഭൂമി ശ്മശാനത്തിന്റെ പേരില്‍ രജിസ്റ്റര് ചെയ്തത്.
ക്ഷേത്ര ട്രസ്റ്റ് പലതവണ പരാതി നല്കിയെങ്കിലും നടപടിയുണ്ടായില്ല. പുരാവസ്തു വകുപ്പ് പരാതിയില്‍ അന്വേഷണം നടത്തി ഭൂമി ക്ഷേത്രത്തിന്റേതാണെന്ന് തിരിച്ചറിഞ്ഞിട്ടും അത് ക്ഷേത്ര ട്രസ്റ്റിന്റെ പേരില്‍ തിരികെ രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഇതിന് പിന്നാലെയാണ് ട്രസ്റ്റ് അലഹബാദ് ഹൈക്കോടതിയില്‍ ഹര്‍ജി നല്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: