ന്യൂദല്‍ഹി: അഞ്ചുദിവസം നീളുന്ന പാര്‍ലമെന്റിന്റെ പ്രത്യേകസമ്മേളനത്തിന് തുടക്കമായി. ഗണേശ ചതുര്‍ഥി ദിനമായ ഇന്ന് പാര്‍ലമെന്റിന്റെ പുതിയ മന്ദിരത്തിലേക്ക് മാറുന്നതിന്റെ ഭാഗമായി പാര്‍ലമെന്റിന്റെ കഴിഞ്ഞ 75 വര്‍ഷങ്ങളെക്കുറിച്ച് ഇന്നലെ ഇരുസഭകളും ചര്‍ച്ചചെയ്തു. സ്വാതന്ത്ര്യാനന്തരമുള്ള 75 വര്‍ഷത്തെ നിരവധി അവിസ്മരണീയമായ മുഹൂര്‍ത്തങ്ങളിലൂടെ സഭ വീണ്ടും കടന്നുപോയി.
പാര്‍ലമെന്റിന്റെ ഈ പ്രത്യേകസമ്മേളനം ചെറുതാണെങ്കിലും ചരിത്രപരമായ തീരുമാനങ്ങളുടെ കാര്യത്തില്‍ വലിയ പ്രാധാന്യമുണ്ടെന്ന് പ്രത്യേകസമ്മേളനത്തിന് മുമ്പായി മാധ്യമങ്ങളോട് സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പുതിയ മന്ദിരത്തിലേക്ക് ഇന്ന് പ്രവേശിക്കുമെങ്കിലും പഴയമന്ദിരം വരുംതലമുറകള്‍ക്ക് പ്രചോദനമാകുമെന്നും ലോക്സഭയില്‍ ചര്‍ച്ചയ്ക്ക് തുടക്കമിട്ട പ്രധാനമന്ത്രി പറഞ്ഞു.
പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് മാറുന്നതിന് മുന്നോടിയായി പഴയ മന്ദിരത്തിന് ഇന്ന് എംപിമാര്‍ ആദരമര്‍പ്പിക്കും. ലോക്സഭയിലേയും രാജ്യസഭയിലേയും എല്ലാ അംഗങ്ങളും പാര്‍ലമെന്റ് മന്ദിരത്തിനു മുന്നില്‍ പ്രത്യേകയോഗം ചേരും. യോഗത്തിനു മുമ്പ് മന്ദിരത്തിനു മുന്നില്‍ നിന്ന് അംഗങ്ങളുടെ ഗ്രൂപ്പ് ഫോട്ടോ എടുക്കും. യോഗത്തിനു ശേഷം പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് അംഗങ്ങള്‍ പ്രവേശിക്കും. രാവിലെ 11 മണിക്ക് സെന്‍ട്രല്‍ ഹാളിലാകും ആദ്യ യോഗം.
ഞായറാഴ്ചയാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ഉപരാഷ്ട്രപതിയും രാജ്യസഭ ചെയര്‍മാനുമായ ജഗ്ദീപ് ധന്‍കര്‍ ദേശീയ പതാക ഉയര്‍ത്തിയത്. മെയ് 28 നാണ് അഭിമാനമായ പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രത്തിന് സമര്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: