തിരുവനന്തപുരം: അസാമാന്യമായ നേതൃഗുണം ആദ്യം മുതല്‍ പി.പി.മുകുന്ദന് ഉണ്ടായിരുന്നുവെന്നും രണ്ടു ചേരിയില്‍ ആണെങ്കിലും തമ്മിലുള്ള ബന്ധത്തിന് ഒരിക്കലും കോട്ടം തട്ടിയില്ലെന്ന് അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എങ്ങനെ ഒരു സംഘടനയില്‍ പ്രവര്‍ത്തിക്കണം എന്നതിന്റെ ഉത്തമ മാതൃകയാണ് പി.പി.മുകുന്ദനെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിജെപി ജില്ലാ കമ്മറ്റി സംഘടിപ്പിച്ച പി.പി. മുകുന്ദന്‍ അനുസ്മരണ യോഗത്തില്‍ അധ്യക്ഷതവഹിക്കുകയായിരുന്നു അദ്ദേഹം.
നേതൃഗുണം പ്രകടിപ്പിക്കാനുള്ള അവസരം ലഭിച്ചപ്പോഴെല്ലാം തന്റെ സംഘടനയെ ഉയര്‍ത്തുന്നതിന് വേണ്ടി അദ്ദേഹം പ്രവര്‍ത്തിച്ചു. തികഞ്ഞ അര്‍പ്പണബോധത്തോടെ സംഘടനാ കാര്യങ്ങള്‍ നിര്‍വഹിച്ചു. പരസ്പര സ്‌നേഹത്തോടെയും ബഹുമാനത്തോടെയും പെരുമാറാന്‍ കഴിഞ്ഞു. ഏവരോടും സൗമ്യമായി പെരുമാറുമ്പോഴും സംഘടനാ കാര്യങ്ങളില്‍ കര്‍ക്കശമായ നിലപാട് എന്നും പി.പി. മുകുന്ദന്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരില്‍ വലിയ സംഘര്‍ഷം നിറഞ്ഞുനിന്ന ഘട്ടത്തില്‍ സര്‍ക്കാര്‍ ഇടപെട്ട് തടയുന്നതിന് ശ്രമിച്ചിരുന്നു. അക്കാലത്ത് എന്നും പി.പി.മുകുന്ദന്റെ സാന്നിധ്യം ഉണ്ടായി. കലുഷിതമായ നാളുകളില്‍ ഒരുമിച്ച് നാട്ടുകാരുടെ ഇടയില്‍ പോയി സമാധാനം അഭ്യര്‍ത്ഥിച്ചതും മുഖ്യമന്ത്രി അനുസ്മരിച്ചു. സംഘടന ചുമതലകളില്‍ നിന്നും മാറി നില്‍ക്കുമ്പോഴും സ്വന്തം പ്രസ്ഥാനത്തെ പോറലേല്‍പ്പിക്കുന്ന ഒരു പ്രവൃത്തിയും മുകുന്ദനില്‍ നിന്ന് ഉണ്ടായില്ല. എങ്ങനെ ഒരു സംഘടനയില്‍ പ്രവര്‍ത്തിക്കണം എന്നതിന്റെ ഉത്തമ മാതൃകയാണ് മുകുന്ദനെന്നും മുഖ്യമന്ത്രി പറഞ്ഞു.
യഥാര്‍ഥ കര്‍മയോഗിയായിരുന്നുവെന്നു പി.പി.മുകുന്ദനെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. ജനങ്ങള്‍ മുകുന്ദേട്ടനെന്നു വിളിച്ചിരുന്ന അദ്ദേഹം അര്‍ഥവത്തായ ഒരു ജീവിതമാണ് കാഴ്ചവച്ചത്. ജനങ്ങള്‍ക്കും സമൂഹത്തിനും നന്മ ചെയ്യുന്നതാകണം നമ്മുടെ ജീവിതം. എല്ലാവരെയും പ്രചോദിപ്പിക്കുന്ന വ്യക്തിത്വമായിരുന്നു പി.പി. മുകുന്ദന്റേത്. വിവിധ മേഖലകളില്‍പ്പെട്ടവര്‍ അനുശോചനത്തിന് ഒത്തു ചേര്‍ന്നത് അദ്ദേഹത്തിന്റെ നിസ്വാര്‍ത്ഥമായ സേവനത്തിന്റെ തെളിവാണ്. വിവിധ രാഷ്‌ട്രീയ കക്ഷികളുടെ പ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്ന അനുസ്മരണ പരിപാടി ജനാധിപത്യത്തിന്റെ വിജയമാണ്. കൂട്ടായ്മ തന്നെ അദ്ദേഹത്തോടുള്ള ആദരവാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന്‍ എസ്.സേതുമാധവന്‍, മന്ത്രി ആന്റണി രാജു, യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസ്സന്‍, സിപിഐ നേതാവ് സി.ദിവാകരന്‍, സിഎംപി സംസ്ഥാന ജനറല്‍സെക്രട്ടറി സി.പി. ജോണ്‍, ബിജെപി നേതാക്കളായ കെ.സുരേന്ദ്രന്‍, കുമ്മനം രാജശേഖരന്‍, കെ.രാമന്‍പിള്ള, ഒ.രാജഗോപാല്‍, വി.വി.രാജേഷ്,വെങ്ങാനൂര്‍ സതീഷ്, നിംസ് ആശുപത്രി ഡോ.ക്ടര്‍ മഞ്ജു തമ്പി, പങ്കജകസ്തൂരി എംഡി. ഡോ.ഹരീന്ദ്രന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: