കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണക്കെതിരായ മാസപ്പടി വിവാദത്തില്‍ റിവിഷന്‍ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് മാറ്റിവെച്ചു. ഹര്‍ജിക്കാരനായ കളമശേരി സ്വദേശി ഗിരീഷ് ബാബുവിന്റെ മരണം അഭിഭാഷകന്‍ കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് സിംഗിള്‍ ബെഞ്ചിന്റെ നടപടി.
മുഖ്യമന്ത്രിക്കും മകള്‍ക്കും പുറമേ രമേശ് ചെന്നിത്തല, പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ രാഷ്‌ട്രീയ നേതാക്കള്‍ക്കെതിരെയും അന്വേഷണം വേണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. മാസപ്പടി ആരോപണം അന്വേഷിക്കണമെന്ന ആവശ്യം മൂവാറ്റുപുഴ വിജിലന്‍സ് കോടതി നേരത്തെ തളളിയിരുന്നു. ഇത് ചോദ്യംചെയ്താണ് ഗിരീഷ് ബാബു ഹൈക്കോടതിയെ സമീപിച്ചത്.
ഹര്‍ജിയില്‍ പരാതിക്കാരന്റെ വാദം കഴിഞ്ഞ തവണ പൂര്‍ത്തിയായിരുന്നു. കേസ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി വീണ്ടും പരിഗണിക്കണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. തന്റെ വാദം കേള്‍ക്കാതെയാണ് അന്വേഷണം വേണമെന്ന ആവശ്യം വിജിലന്‍സ് കോടതി തള്ളിയതെന്നാണ് ഗിരീഷ്ബാബുവിന്റെ വാദം.
അതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ കമ്പനിയുടെ ഐജിഎസ്ടി പരിശോധനയില്‍ റിപ്പോര്‍ട്ട് വൈകുന്നതില്‍ ആക്ഷേപം ഉയരുന്നു.
ധനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം നികുതി സെക്രട്ടറി പരിശോധന ആരംഭിച്ച് മൂന്നാഴ്ച കഴിഞ്ഞു. ധനവകുപ്പിന് ഇതുവരെ വിവരങ്ങള്‍ കൈമാറിയിട്ടില്ല. സാങ്കേതിക നടപടികള്‍ ബാക്കിയുണ്ടെന്നാണ് നികുതി വകുപ്പും റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്ന് ധനവകുപ്പും വിശദീകരണം നല്‍കിയിരിക്കുന്നത്.
എന്നാല്‍ സിഎംആര്‍എല്ലില്‍ നിന്നും വാങ്ങിയ 1.72 കോടിയുടെ ഐജിഎസ്ടി അടച്ചില്ലെന്നായിരുന്നു മാത്യു കുഴല്‍നാടന്റെ പരാതി. കഴിഞ്ഞ മാസമാണ് മാത്യു കുഴല്‍നാടന്‍ എംഎല്‍എ പരാതി നല്‍കിയത്. കഴിഞ്ഞ 21ന് ആണ് ധനമന്ത്രി നികുതി വകുപ്പിന് പരാതി കൈമാറിയത്. വീണ ഐജിഎസ്ടി അടച്ചോ എന്ന് പരിശോധിക്കണമെന്നായിരുന്നു കുഴല്‍നാടന്‍ ഉന്നയിച്ച പരാതി.
സിഎംആര്‍എല്ലില്‍ നിന്ന് 1.72 കോടി രൂപ കൈപ്പറ്റിയത് കൂടാതെ മുന്‍ വര്‍ഷങ്ങളില്‍ 81.48 ലക്ഷം രൂപ വീണ്ടും വാങ്ങിയതായി രേഖകളുണ്ടെന്നായിരുന്നു മാത്യു കുഴല്‍നാടന്റെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: