കേരളത്തിലെ സഹകരണമേഖലയില്‍ നടക്കുന്ന അഴിമതിയുടെയും അരാജകത്വത്തിന്റെയും സാമ്പത്തിക തട്ടിപ്പിന്റെയും പിന്നില്‍ സിപിഎം എന്ന രാഷ്ട്രീയകക്ഷിയുടെ ഇടപെടല്‍ എത്രമാത്രം ശക്തമാണെന്നതിന്റെ വ്യക്തമായ സൂചനയാണ് കരുവന്നൂരിലെ സംഭവങ്ങള്‍. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ മുന്‍ സഹകരണമന്ത്രിയും സിപിഎം തൃശ്ശൂര്‍ ജില്ലാ മുന്‍ സെക്രട്ടറിയുമായ എ.സി. മൊയ്തീന്റെ നേതൃത്വത്തില്‍ ഏതാണ്ട് 300 കോടി രൂപയുടെ ക്രമക്കേട് നടന്നതായിട്ടാണ് കണ്ടെത്തിയിട്ടുള്ളത്. ബാങ്കിലെ നിക്ഷേപകരായ സാധാരണ കര്‍ഷകരും ചെറുകിട വ്യാപാരികളും വീട്ടമ്മമാരും ഒക്കെ നിക്ഷേപിച്ച പണം, വന്‍തോതില്‍ വ്യാജരേഖ ചമച്ചും വ്യാജ വായ്പ നല്‍കിയും സിപിഎം നേതാക്കള്‍, ബിനാമികള്‍, ഒരുപറ്റം തട്ടിപ്പുകാര്‍ എന്നിവര്‍ ചേര്‍ന്ന് കൊള്ളയടിക്കുകയായിരുന്നു.
മാസങ്ങളോളം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് മുന്‍മന്ത്രിയും മുതിര്‍ന്ന നേതാവുമായ എ.സി.മൊയ്തീനെ ചോദ്യം ചെയ്തത്. ബാങ്കില്‍ നിന്ന് നല്കിയ 150 കോടി രൂപയുടെ ബിനാമി വായ്പയില്‍ പലതും സിപിഎം സംസ്ഥാന സമിതി അംഗവും മുന്‍മന്ത്രിയുമായ മൊയ്തീന്റെ നിര്‍ദ്ദേശപ്രകാരമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സിപിഎം ജില്ലാ സെക്രട്ടറിയായിരിക്കെ ബാങ്കിന്റെ ഇടപാടുകളില്‍ ശക്തമായി ഇടപെട്ടതും പ്രവര്‍ത്തനം നിയന്ത്രിച്ചിരുന്നതും മൊയ്തീന് ആണെന്ന് എന്‍ഫോഴ്സ്മെന്റ് കണ്ടെത്തിയിട്ടുണ്ട്. ബാങ്ക് മാനേജര്‍ ആയിരുന്ന ബിജു കരീമും മൊയ്തീനും തമ്മിലുള്ള ബന്ധം ഇപ്പോഴും അന്വേഷണ വിഷയമാണ്. ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണം പൂര്‍ണമായും തട്ടിപ്പായിരുന്നുവെന്ന് എന്‍ഫോഴ്സ്മെന്റ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. സിപിഎം നേതൃത്വത്തിന്റെ പങ്ക് മൂടിവെച്ച് മൊയ്തീനെയും ബിനാമികളെയും ഒഴിവാക്കി ബാങ്കിലെ ഉദ്യോഗസ്ഥരെയും പ്രാദേശിക നേതാക്കളെയും മാത്രം പ്രതിയാക്കിയാണ് ക്രൈംബ്രാഞ്ച് മുന്നോട്ടു പോയത്. സിപിഎം നേതാക്കളെ വെള്ള പൂശാനും മൊയ്തീന് അടക്കമുള്ളവരെ രക്ഷപ്പെടുത്താനുമാണ് ക്രൈംബ്രാഞ്ച് ശ്രമിച്ചിരുന്നത്.
മൊയ്തീന്റെ പങ്ക് വ്യക്തമായതോടെ അദ്ദേഹത്തിന്റെ 28 ലക്ഷം രൂപയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുകയും 15 കോടി രൂപ വില വരുന്ന മറ്റു സ്വത്തുക്കളുടെ ഇടപാടുകളും മരവിപ്പിച്ചു. ഇടപാടുകളിലെ കമ്മീഷന് ഏജന്റായ എ.കെ.ബിജോയിയുടെ 30 കോടി രൂപയുടെ സ്വത്തും നേരത്തെ മരവിപ്പിച്ചിരുന്നു. ബിജോയ് അടക്കമുള്ള ചിലരുടെ സ്വത്തില്‍ മൊയ്തീന് അടക്കമുള്ള സിപിഎം നേതാക്കള്‍ക്ക് ബിനാമി പങ്കുണ്ട് എന്ന കാര്യം എന്‍ഫോഴ്സ്മെന്റ് പരിശോധിച്ച് വരികയാണ്. മൊയ്തീന്റെ ബന്ധുക്കളായ ഷിജു റഹീം സഹചാരികളായ അനില്‍ സുഭാഷ്, സതീഷ് എന്നിവരുടെ മാത്രം 25 കോടി രൂപയോളം അനധികൃത വായ്പ കണ്ടെത്തിയിട്ടുണ്ട്. ഈ പണവും മൊയ്തീനില്‍ എത്തിയോ എന്ന കാര്യമാണ് ഇപ്പോള്‍ എന്‍ഫോഴ്സ്മെന്റ് പരിശോധിക്കുന്നത്. നോട്ട് നിരോധന സമയത്ത് കരുവന്നൂര്‍ സഹകരണ ബാങ്കില്‍ 100 കോടിയോളം രൂപ അനധികൃതമായി എത്തിയതും മാറ്റിയെടുത്തതും ഇപ്പോള്‍ അന്വേഷിച്ചുവരികയാണ്. നിരോധിച്ച നോട്ടുകള്‍ വന്‍തോതില്‍ മാറ്റിയെടുത്തതായും കണ്ടെത്തിയിട്ടുണ്ട്. ചേര്‍പ്പിലെ സ്വര്‍ണ്ണ വ്യാപാരി അനില്‍, കാലടിയിലെ സതീശന് വെളപ്പായ എന്നിവരിലൂടെ നടത്തിയ സാമ്പത്തിക ഇടപാടുകള്‍ ആരുടേതാണ് എന്ന കാര്യമാണ് പ്രധാനമായും അന്വേഷിക്കുന്നത്. 2015-16 സാമ്പത്തിക വര്‍ഷം 405.51 കോടി നിക്ഷേപം ഉണ്ടായിരുന്നത് 2016-17 ല്‍ 51 കോടിയായി. നോട്ട് നിരോധനം ഉണ്ടായ നവംബര്‍ ആദ്യം കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപം കുമിഞ്ഞുകൂടി. ഏതാനും മാസങ്ങള്‍ക്കകം ഈ പണം പിന്‍വലിക്കപ്പെടുകയും ചെയ്തു. 200 കോടിയോളം രൂപ ചുരുങ്ങിയ കാലത്തിനുള്ളില്‍ ഇവിടെനിന്ന് പിന്‍വലിച്ചു. ഈ തുക ആരുടേതാണെന്നും എങ്ങനെ പോയി എന്നതുമാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്. നിരോധിത ഇസ്ലാമിക ഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ കള്ളപ്പണം പോലും ഇവിടെനിന്ന് വെളുപ്പിച്ച് മാറ്റി നല്‍കിയതായി സംശയമുണ്ട്.
ലൈഫ് മിഷന് അഴിമതി കേസില്‍ ആരോപണവിധേയനായിരുന്ന എ.സി.മൊയ്തീന് സംശുദ്ധ രാഷ്ട്രീയത്തിന്റെ ആളാണെന്നും നിരപരാധി ആണെന്നും ഒക്കെയാണ് സിപിഎം നേതൃത്വം പ്രചരിപ്പിച്ചിരുന്നത്. വടക്കാഞ്ചേരി ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ ആ ക്ലീന്‍ ഇമേജാണ് കെ.മുരളീധരനെ വീഴ്ത്താന്‍ ഉപയോഗിച്ചത്. അന്ന് വെറും ലക്ഷങ്ങളുടെ മാത്രം സ്വത്തുണ്ടായിരുന്ന മൊയ്തീന് ഏതാനും വര്‍ഷങ്ങള്‍ക്കകം കോടിക്കണക്കിന് രൂപയുടെ ആസ്തി ഉണ്ടായതിന്റെ വരുമാന സ്രോതസ്സ് ഇതുവരെ എന്‍ഫോഴ്സ്മെന്റിന്റെയോ മറ്റ് ഉദ്യോഗസ്ഥരുടെയോ മുന്‍പാകെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. സിപിഎം നേതാക്കള്‍ക്കോ പാര്‍ട്ടിക്കോ സഹകരണ മേഖലയിലെ അഴിമതിയില്‍ പങ്കില്ല എന്ന വ്യാഖ്യാനം സാധാരണ പ്രവര്‍ത്തകര്‍ക്ക് നല്‍കാനും അതിന്റെ പേരില്‍ പാര്‍ട്ടിയുടെ ചട്ടക്കൂട് ഉറപ്പിച്ചു നിര്‍ത്താനുമാണ് സിപിഎം ശ്രമിച്ചിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും ഈ ശ്രമം തുടരുമ്പോഴാണ് സിപിഎം നേതൃത്വത്തെയും മുന്നണിയെയും ഒന്നാകെ കുരുക്കുന്ന മൊഴികളും രേഖകളും പുറത്തുവരുന്നത്. കരുവന്നൂര്‍ കേസിലെ മുഖ്യപ്രതിയായ പി.സതീഷ് കുമാര്‍ ബഹറിനില്‍ ഉള്ള തന്റെ രണ്ട് വ്യാപാര സ്ഥാപനങ്ങളെ മറയാക്കി വിദേശത്തുനിന്നും കോടിക്കണക്കിന് രൂപ കൊണ്ടുവന്നതായി കണ്ടെത്തിയിട്ടുണ്ട്. ബഹറിനില്‍ സൂപ്പര്‍മാര്‍ക്കറ്റും സ്പെയര്‍പാര്‍ട്സ് കടയും നടത്തുന്ന സതീഷ് കുമാര്‍ അവിടെനിന്നുള്ള വരുമാനം എന്ന നിലയിലാണ് കോടിക്കണക്കിന് രൂപ കരുവന്നൂരില്‍ എത്തിച്ചത്. ഈ രൂപയുടെ ഉറവിടമാണ് ഇപ്പോള്‍ എന്‍ഫോഴ്സ്മെന്റ് അന്വേഷിക്കുന്നത്.
സതീഷ് കുമാറിനെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പുതന്നെ അയാളുടെ കഴിഞ്ഞ ആറുമാസത്തെ ടെലിഫോണ്‍ സംഭാഷണങ്ങള്‍, സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള സന്ദേശങ്ങള്‍, ശബ്ദ സന്ദേശങ്ങള്‍ എന്നിവയെല്ലാം എന്‍ഫോഴ്സ്മെന്റ് ശേഖരിച്ചിരുന്നു. മുന്‍മന്ത്രി എ.സി.മൊയ്തീന് മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരായ അനൂപ് ഡേവിസ് കാട, പി.ആര്.അരവിന്ദാക്ഷന് എന്നിവരുമായുള്ള ബന്ധത്തിന്റെ വ്യക്തമായ രേഖകളും സൂചനകളും ഈ സന്ദേശങ്ങളില്‍ ഉണ്ട്. വിദേശത്തുനിന്ന് എത്തിയ ഫണ്ട് ഉള്‍പ്പെടെയുള്ള കോടികളുടെ ഇടപാടും വെളുപ്പിക്കലും സംബന്ധിച്ച രേഖകള്‍ പല പ്രമുഖ നേതാക്കളിലേക്കും എത്തുന്നതാണ്. ബാങ്കിലെ ജീവനക്കാരും ഇടനിലക്കാരും അടക്കം കള്ളപ്പണം വെളുപ്പിക്കലിന് ഉപയോഗിച്ച 20 പേരെ ഈ ഡി കണ്ടെത്തി കഴിഞ്ഞിട്ടുണ്ട്. സതീഷ്, വെളുപ്പിച്ചെടുത്ത കള്ളപ്പണം ദേശവിരുദ്ധ ശക്തികള്ടേതാണ് എന്ന സൂചന വളരെ ശക്തമാണ്. ഓരോ മാസവും 20 കോടി രൂപയോളം കള്ളപ്പണം വെളുപ്പിച്ച് ഒരുകോടി രൂപ കമ്മീഷനായി പറ്റിയിരുന്നു എന്നാണ് ഇപ്പോള്‍ ലഭിച്ചിട്ടുള്ള പ്രാഥമിക സൂചന.
കരുവന്നൂര്‍ ബാങ്കിന്റെ തട്ടിപ്പിടപാടുകള് പൂര്‍ണ്ണമായും പുറത്തുവന്നതോടെ സിപിഎം നേതൃത്വത്തിന്റെ മുഖംമൂടിയാണ് അഴിഞ്ഞു വീഴുന്നത്. സംശുദ്ധ രാഷ്ട്രീയം പറഞ്ഞ് പാവപ്പെട്ടവരില്‍ പാവപ്പെട്ടവരായ കര്‍ഷക തൊഴിലാളികളുടെയും ചെറുകിട വ്യാപാരികളുടെയും ഓട്ടോറിക്ഷക്കാരുടെയും ഒക്കെ നിക്ഷേപം, ബിനാമി ഇടപാടുകളിലൂടെ കൈക്കലാക്കുകയും കൊള്ളയടിക്കുകയും ചെയ്തത് സിപിഎം നേതാക്കള്‍ തന്നെയാണെന്ന കണ്ടെത്തല്‍ പാര്‍ട്ടി സംവിധാനത്തെ പൂര്‍ണമായും പ്രതിരോധത്തിലാക്കിയിരിക്കുന്നു. കേരളത്തിലെ സഹകരണ മേഖലയില്‍ ഏതാണ്ട് 8000 ത്തിലേറെ സംഘങ്ങളാണ് സിപിഎം നിയന്ത്രണത്തിലുള്ളത്. ഈ സംഘങ്ങളിലെ നിയമനവും വായ്പയും നിക്ഷേപവും എല്ലാം സിപിഎം സംഘടനാ സംവിധാനത്തിലാണ് വര്‍ഷങ്ങളായി പോയിക്കൊണ്ടിരിക്കുന്നത്. നിയമനം മെറിറ്റ് മാര്ക്കടിസ്ഥാനത്തിലാണെന്ന് പറയുകയും പാര്‍ട്ടിക്ക് താല്പര്യമുള്ളവരെ നിയമിക്കുകയുമാണ് പതിവ്. പാലക്കാട്, ഷൊര്‍ണൂര്‍ മോഡല്‍ സ്ത്രീപീഡനം മുതല്‍ കൈക്കൂലിയും പണവും വരെ ഇത്തരം നിയമനങ്ങള്‍ക്ക് പിന്നിലുണ്ട്. പക്ഷേ പാര്‍ട്ടി സംവിധാനം ഇരുമ്പു മറയ്ക്കുള്ളില്‍ ആയതുകൊണ്ട് ഒരു തരത്തിലുള്ള അന്വേഷണവും ആക്ഷേപവും പരാതിയും ഇവിടെ ഉണ്ടാവാറില്ല. അഥവാ ഒറ്റപ്പെട്ട അന്വേഷണം ഉണ്ടായാല്‍ പി.കെ.ശ്രീമതിയെയും എ.കെ.ബാലനെയും പോലെയുള്ള തീവ്രത അളക്കുന്ന അന്വേഷണ കമ്മീഷനുകളെ നിയോഗിച്ച് സംഭവം ഒതുക്കും. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ മുന്‍ എംപി പി.കെ.ബിജുവും ഇത്തരം അന്വേഷണ കമ്മീഷന് ആയിരുന്നു എന്ന വാര്‍ത്തയും പുറത്തുവന്നിരിക്കുന്നു.
കരുവന്നൂര്‍ ബാങ്കില്‍ പണം നിക്ഷേപിച്ചിരുന്ന പലര്‍ക്കും പെണ്മക്കളുടെ വിവാഹം നടത്താനും ചികിത്സ നടത്താനും കഴിയാതെ വന്നതോടെ പ്രതിസന്ധിയിലായ കാര്യം നേരത്തെ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നിട്ടും സഹകരണമേഖല പൂര്‍ണമായും കൈപ്പിടിയില്‍ ഒതുക്കാനും മറ്റു സംസ്ഥാനങ്ങളുമായി ചേര്‍ന്നുള്ള സഹകരണ സംഘങ്ങള്‍ ഉണ്ടാകാതിരിക്കാനും സഹകരണ നിയമത്തില്‍ ഭേദഗതി വരുത്തുകയാണ് കഴിഞ്ഞദിവസം പിണറായി വിജയനും സംസ്ഥാന സര്‍ക്കാരും ചെയ്തത്. കേന്ദ്രത്തില്‍ സഹകരണ വകുപ്പ് തുടങ്ങിയതോടെ കേന്ദ്ര ഇടപെടല്‍ ചെറുക്കാന്‍ എന്ന പേരിലാണ് സംസ്ഥാന സര്‍ക്കാര്‍ ഈ നിയമ ഭേദഗതി കൊണ്ടുവന്നിട്ടുള്ളത്. സത്യസന്ധവും സുതാര്യവുമായ രീതിയിലാണ് സംസ്ഥാന സര്‍ക്കാരും സഹകരണ വകുപ്പും പ്രവര്‍ത്തിക്കുന്നതെങ്കില്‍ ആര്‍ക്കും ആക്ഷേപം പറയാന്‍ കഴിയില്ലായിരുന്നു. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ പാര്‍ട്ടി നിയന്ത്രണത്തിലുള്ള സഹകരണ സംഘങ്ങളില്‍ നിന്ന് നേതാക്കള്‍ കോടിക്കണക്കിന് രൂപ അടിച്ചു മാറ്റുകയും നിക്ഷേപകരെ വഴിയാധാരമാക്കുകയും ചെയ്തിട്ടും അതിനെതിരെ കാര്യക്ഷമമായ നടപടി എടുക്കാത്തവരാണ് ഇപ്പോള്‍ സഹകരണമേഖല തങ്ങളുടെ കീഴില്‍ തന്നെ നിലനിര്‍ത്താന്‍ നിയമഭേദഗതിയുമായി വന്നത്. കേരളത്തിലെ സാധാരണക്കാര്‍, രാഷ്ട്രീയത്തിനതീതമായി കാര്യങ്ങളെ കാണുന്നവര്‍, പാര്‍ട്ടി അടിമകളായിട്ടും പണം നഷ്ടപ്പെട്ട നിക്ഷേപകര്‍ എന്നിവരൊന്നും ഇതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് അറിയുന്നില്ല. അഴിമതിക്കും ധൂര്‍ത്തിനും സ്വജനപക്ഷപാതത്തിനും മാത്രമല്ല, രാഷ്ട്രീയവിരുദ്ധ ശക്തികളെ പടച്ചട്ട അണിയിക്കാന്‍ കള്ളപ്പണം വെളുപ്പിച്ചു കൊടുക്കാന്‍ കൂടിയാണ് സഹകരണ മേഖലയില്‍ പൂര്‍ണ്ണ ആധിപത്യത്തിന് സിപിഎം ശ്രമിക്കുന്നത്. ഇതിനെതിരെ കേരളത്തില്‍ വ്യാപകമായ പൊതുജനാഭിപ്രായം ഉയരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: