ഓണത്തിന് വ്യത്യസ്തമായ 3ഡി പൂക്കളമൊരുക്കി ബെംഗളൂരുവിലെ മലയാളി യുവാവ്. തലശ്ശേരി ചെറുപറമ്പ് സ്വദേശിയായ പ്രശസ്ത ഡിസൈന്‍ ഡയറക്ടര്‍ പി.പി. ശംജിത്തും സംഘവുമാണ് വര്‍ണമനോഹരമായ 3ഡി പൂക്കളം തീര്‍ത്തത്. ഇലക്ട്രോണിക് സിറ്റിയിലെ എസ്.എസ്.എന്‍. രാജ് ഗ്രീന്‍ബേ അപ്പാര്‍ട്ട്മെന്റില്‍ ശംജിത്തും സംഘവും ഇത്തരത്തിലൊരു വിസ്മയം ഒരുക്കിയത്. രാജ്യത്തിന്റെ അഭിമാനമായ ചന്ദ്രയാന്‍ മൂന്നിന്റെ മാതൃകയാണ് പൂക്കളത്തിന് നടുവില്‍ ശംജിത്ത് ഒരുക്കിയത്.
പ്രത്യേക ദിശയില്‍നിന്ന് നോക്കിയാല്‍ ത്രിമാനരൂപത്തില്‍ കാണാന്‍ കഴിയുന്ന പൂക്കളത്തിന് ഇതിനോടകം ആരാധകര്‍ ഏറെയാണ്. എസ്.എസ്.എന്‍. രാജ് ഗ്രീന്‍ബേ
അപ്പാര്‍ട്ട്മെന്റിലെ ഗ്രാമം മലയാളി അസോസിയേഷന്റെ ഓണാഘോഷത്തിന്റെ ഭാഗമായാണ് പൂക്കളമൊരുക്കിയത്. ഇതേ അപ്പാര്‍ട്ട്മെന്റിലെ താമസക്കാരനാണ് ശംജിത്ത്. പൂക്കളമൊരുക്കുന്നതിന് പത്ത് മണിക്കൂറുകള്‍ വേണ്ടിവന്നതായി സംജിത്ത് പറഞ്ഞു. ഇലയോ കായകളോ മറ്റ് വസ്തുക്കളോ ഉപയോഗിക്കാതെ പൂര്‍ണമായും പൂക്കള്‍ മാത്രം ഉപയോഗിച്ചാണ് കളം തീര്‍ത്തത്. ഇതിനായി പൂക്കള്‍ ചെറുകഷണങ്ങളാക്കി മുറിച്ചാണ് ഉപയോഗിച്ചിരിക്കുന്നത്.
സുഹൃത്തുക്കളും സമീപവാസികളുമാണ് പൂക്കളമൊരുക്കാന് ശംജിത്തിനെ സഹായിച്ചത്. പാരമ്പര്യവും പുതുമയും ഒത്തുചേരുമ്പോള്‍ ഉയര്‍ന്നുവരുന്ന അതിരുകളില്ലാത്ത സര്‍ഗ്ഗാത്മകതയുടെ തെളിവായാണ് 3ഡി പൂക്കളത്തെ ശംജിത്തും സംഘവും വിശേഷിപ്പിക്കുന്നത്. ശാസ്ത്രവും പാരമ്പര്യവും ഇഴചേര്‍ത്തുള്ള ആശയമായിരുന്നു ശംജിത്തിന്റെ മനസിലുണ്ടായിരുന്നത്. ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍ മാതൃക പൂക്കളത്തില്‍ ഉള്‍പ്പെടുത്തിയത് രാജ്യത്തിന്റെ ശ്രദ്ധേയമായ ശാസ്ത്ര നേട്ടങ്ങള്‍ക്കുള്ള അംഗീകാരമാണ്. സാംസ്കാരിക പൈതൃകത്തെ നാം വിലമതിക്കുന്നുണ്ടെങ്കിലും, അക്ഷരാര്‍ത്ഥത്തില്‍ ഉയരങ്ങളിലേക്കുള്ള ചുവടുവെയ്പ്പാണ് നമ്മള് നടത്തുന്നതെന്നതിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണിത്.
സാമൂഹിക മാധ്യമങ്ങളിലൂടെ പൂക്കളത്തിന്റെ ചിത്രം കണ്ട് വിദേശത്തുനിന്നുപോലും ഒട്ടേറെപ്പേര്‍ അഭിനന്ദനവുമായി എത്തുന്നുണ്ട്. ഒരു ഡിസൈന്‍ ഡയറക്ടര്‍ എന്ന നിലയില്‍, ക്രിയേറ്റീവ് ആര്‍ട്സിന്റെ ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ശംജിത്ത് ബെംഗളൂരുവിലെ എ.ഐ. അധിഷ്ഠിത ഡിസൈന്‍ സ്ഥാപനത്തില്‍ ജോലിചെയ്തുവരുകയാണ്. 3ഡി പൂക്കളമൊരുക്കാന് തനിക്കൊപ്പം നിന്ന എല്ലാവര്ക്കും ശംജിത്ത് നന്ദി രേഖപ്പെടുത്തി. 3ഡി പൂക്കളം വന്‍ ഹിറ്റായതോടെ ഗണേശ ചതുര്‍ത്ഥിക്ക് ഗണപതിരൂപവും സമാനമായ രീതിയില്‍ ഒരുക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ഇതും പരിഗണനയിലാണെന്ന് ശംജിത്ത് പറയുന്നു…
ശംജിത്ത് പി.പി.
9482181156
പ്രതികരിക്കാൻ ഇവിടെ എഴുതുക: