ന്യൂഡൽഹി: പാർലമെന്റിന്റെ പുതിയ മന്ദിരത്തിൽ ദേശീയ പതാക ഉയർത്തി ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകർ. ലോക്‌സഭ സ്പീക്കർ ഓം ബിർളയുടെ സാന്നിദ്ധ്യത്തിലായിരുന്നു ദേശീയ പതാക ഉയർത്തിയത്.
പാർലമെന്ററികാര്യ മന്ത്രി പ്രൽഹാദ് ജോഷി, സഹമന്ത്രി വി. മുരളീധരൻ, മന്ത്രിമാരായ പീയുഷ് ഗോയൽ, അർജ്ജുൻ റാം മേഘ്വാൾ, കോൺഗ്രസ് എംപിമാരായ അധിർ രഞ്ജൻ ചൗധരി, പ്രമോദ് തിവാരി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ചരിത്രനിമിഷമാണ് ഇതെന്ന് ഉപരാഷ്‌ട്രപതി പറഞ്ഞു. ഭാരതം യുഗമാറ്റത്തിന് സാക്ഷ്യം വഹിക്കുന്നു. ഭാരതത്തിന്റെ ശക്തിയെയും നേട്ടങ്ങളെയും ലോകം ഇന്ന് അംഗീകരിക്കുന്നു. സ്വപ്‌ന തുല്യമായ വികസനത്തിനും നേട്ടങ്ങൾക്കും സാക്ഷ്യം വഹിക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നതെന്നും ഉപരാഷ്‌ട്രപതി പറഞ്ഞു.
ദേശീയ പതാക ഉയർത്തിയ ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.നാളെ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം നടക്കും. ആദ്യ ദിനം പഴയ കെട്ടിടത്തിലും ചൊവ്വാഴ്ച മുതൽ പുതിയ മന്ദിരത്തിലുമാകും പാർലമെന്റ് സമ്മേളിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: