ന്യൂദൽഹി: ജി20 വേദിയായ ഭാരത് മണ്ഡപത്തിന് പിന്നാലെ ദൽഹിയിൽ മറ്റൊരു വൻ കൺവെഷൻ സെന്റർ കൂടി രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ദ്വാരകയിൽ ‘യശോഭൂമി’ എന്നു പേരിട്ട ഇന്ത്യ അന്താരാഷ്‌ട്ര സമ്മേളന-പ്രദർശന കേന്ദ്രത്തിന്റെ (ഐ ഐ സി സി) ഒന്നാം ഘട്ടമാണ് ഉദ്ഘാടനം ചെയ്തത്. ഇതോടൊപ്പം ദ്വാരക സെക്ടർ 25ലെ മെട്രോ സ്റ്റേഷൻ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു.
രാജ്യാന്തര സമ്മേളനങ്ങൾ, പ്രദർശനങ്ങൾ, യോഗങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കാൻ അന്താരാഷ്‌ട്ര നിലവാരത്തോടെയാണ് യശോഭൂമിയുടെ ഒന്നാംഘട്ടം പൂർത്തിയാക്കിയിട്ടുള്ളത്. ഓഡിറ്റോറിയങ്ങൾ, ഹോട്ടലുകൾ, ഓഫീസ് ഇടങ്ങൾ തുടങ്ങി അത്യാധുനിക സൗകര്യങ്ങളോടെ സജ്ജീകരിച്ച യശോഭൂമി സെന്റർ രാജ്യത്തെ ഏറ്റവും വലിയ എക്സിബിഷനും കൺവെൻഷൻ സെന്ററുമായി വികസിപ്പിച്ചെടുത്തിട്ടുണ്ട്.
മൊത്തം 8.9 ലക്ഷം ചതുരശ്ര മീറ്ററിലധികം പദ്ധതി മേഖലയും 1.8 ലക്ഷം ചതുരശ്ര മീറ്ററിൽ കൂടുതൽ വിസ്തീർണവുമുള്ള ഉള്ള ‘യശോഭൂമി’ ലോകത്തിലെ ഏറ്റവും വലിയ MICE (യോഗങ്ങൾ, പ്രോത്സാഹനങ്ങൾ, സമ്മേളനങ്ങൾ, പ്രദർശനങ്ങൾ) സൗകര്യങ്ങളിലൊന്നായി മാറും.
73,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിൽ നിർമിച്ച കൺവെൻഷൻ സെന്ററിൽ പ്രധാന ഓഡിറ്റോറിയം, ഗ്രാൻഡ് ബോൾറൂം, 11,000 പ്രതിനിധികളെ ഉൾക്കൊള്ളാൻ കഴിയുന്ന, യോഗങ്ങൾ നടത്താൻ കഴിയുന്ന 13 മുറികൾ എന്നിവയുൾപ്പെടെ 15 സമ്മേളന മുറികൾ ഉൾപ്പെടുന്നു. രാജ്യത്തെ ഏറ്റവും വലിയ എൽഇഡി മീഡിയ സംവിധാനമാണു കൺവെൻഷൻ സെന്ററിലുള്ളത്.
കൺവെൻഷൻ സെന്ററിന്റെ പ്ലീനറി ഹാളാണ് പ്രധാന ഓഡിറ്റോറിയം. ഇവിടെ ഏകദേശം 6000 അതിഥികൾക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. ഓഡിറ്റോറിയത്തിൽ ഏറ്റവും നൂതനമായ യാന്ത്രിക ഇരിപ്പിട സംവിധാനങ്ങൾ ഉണ്ട്. അത് ഈ പ്രതലത്തെ പരന്ന പ്രതലമാക്കുകയോ, അല്ലെങ്കിൽ, വ്യത്യസ്ത തലത്തിൽ ഓഡിറ്റോറിയം ശൈലിയിൽ ഇരിപ്പിടങ്ങൾ സജ്ജമാക്കുന്ന നിലയിൽ മാറ്റുകയോ ചെയ്യും. മരം കൊണ്ടുള്ള പ്രതലവും ശബ്ദക്രമീകൃത ചുവർ പാനലുകളും ഓഡിറ്റോറിയത്തിൽ സന്ദർശകർക്ക് ലോകോത്തര അനുഭവം ഉറപ്പാക്കും. സവിശേഷമായ ദളങ്ങൾ പോലുള്ള മേൽക്കൂരയുള്ള ഗ്രാൻഡ് ബോൾറൂമിൽ ഏകദേശം 2500 അതിഥികളെ ഉൾക്കൊള്ളാനാകും. 500 പേർക്ക് ഇരിക്കാൻ കഴിയുന്ന വിപുലമായ തുറന്ന ഇടവും ഇതിലുണ്ട്. എട്ട് നിലകളിലായി വ്യാപിച്ചിട്ടുള്ള 13 യോഗ മുറികൾ വിവിധ തോതുകളിലുള്ള വൈവിധ്യമാർന്ന യോഗങ്ങൾ നടത്താൻ വിഭാവനം ചെയ്തവയാണ്.
ലോകത്തിലെ ഏറ്റവും വലിയ പ്രദർശന ഹാളുകളിലൊന്നാണ് ‘യശോഭൂമി’യിലുള്ളത്. 1.07 ലക്ഷം ചതുരശ്ര മീറ്ററിൽ നിർമിച്ചിരിക്കുന്ന ഈ എക്‌സിബിഷൻ ഹാളുകൾ, പ്രദർശനങ്ങൾക്കും വ്യാപാര മേളകൾക്കും, വ്യാവസായിക പരിപാടികൾക്കും ഉപയോഗിക്കും. വിവിധ ആകാശവെളിച്ചങ്ങളിലൂടെ ആകാശത്തേയ്‌ക്കു പ്രകാശം വിതറുന്ന ചെമ്പ് മേൽക്കൂര കൊണ്ട് സവിശേഷമായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ബൃഹദ് വരാന്തയുമായി ഇവ ബന്ധിപ്പിച്ചിരിക്കുന്നു. ഇവിടെ മീഡിയ മുറികൾ, വിവിഐപി ലോഞ്ചുകൾ, സാധനങ്ങൾ സൂക്ഷിക്കാനുള്ള സൗകര്യങ്ങൾ, സന്ദർശക വിവര കേന്ദ്രം, ടിക്കറ്റ് നൽകൽ തുടങ്ങി വിവിധ പിന്തുണാസംവിധാനങ്ങൾ ഉണ്ടാകും.
രംഗോലി മാതൃകകൾ പ്രതിനിധാനം ചെയ്യുന്ന പിച്ചള കൊത്തുപണികൾ, ശബ്ദം ആഗിരണം ചെയ്യുന്ന ലോഹ സിലിൻഡറുകൾ, പ്രകാശം പരത്തുന്ന ഭിത്തികൾ എന്നിവയുൾപ്പെടെ, ടെറാസോ പ്രതലങ്ങളുടെ രൂപത്തിൽ ഇന്ത്യൻ സംസ്കാരത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട വസ്തുക്കൾ ഇതിൽ അടങ്ങിയിരിക്കുന്നു. 100% മലിനജല പുനരുപയോഗം, മഴവെള്ള സംഭരണം, മേൽക്കൂരയിലെ സൗര പാനലുകൾ എന്നിവയുള്ള അത്യാധുനിക മലിനജല സംസ്‌കരണ സംവിധാനം സജ്ജീകരിച്ചിരിക്കുന്നതിനാൽ സുസ്ഥിരതയ്‌ക്കുള്ള ശക്തമായ പ്രതിബദ്ധതയും ‘യശോഭൂമി’ പ്രകടമാക്കുന്നു. ഈ ക്യാമ്പസിന് സിഐഐയുടെ ഇന്ത്യൻ ഗ്രീൻ ബിൽഡിങ് കൗൺസിലിൽ (IGBC) നിന്ന് ഗ്രീൻ സിറ്റി പ്ലാറ്റിനം അംഗീകാരവും ലഭിച്ചു.
ദ്വാരക സെക്ടർ–21 മുതൽ യശോഭൂമി ദ്വാരക സെക്ടർ–25 വരെയുള്ള മെട്രോ ലൈനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതോടൊപ്പം ഉദ്ഘാടനം ചെയ്ത മറ്റൊരു പദ്ധതി. എയർപോർട്ട് എക്സ്പ്രസ് ലൈനിന്റെ (എഇഎൽ) വിപുലീകരണത്തിന്റെ ഭാഗമാണ് സ്ട്രെച്ച്. ഈ പുതിയ പാത കൂടി വന്നതോടെ ന്യൂദൽഹി മുതൽ യശോഭൂമി ദ്വാരക സെക്ടർ–25 വരെയുള്ള എഇഎല്ലിന്റെ ആകെ നീളം 24.9 കിലോമീറ്ററായി മാറും.
യശോഭൂമി ദ്വാരക സെക്ടർ–25 മെട്രോ സ്റ്റേഷനിൽ സബ്‌വേ കണക്റ്റിവിറ്റി, വാഹനങ്ങൾക്കുള്ള പാർക്കിംഗ് ഇടങ്ങൾ, റാമ്പുകൾ, ലിഫ്റ്റുകൾ തുടങ്ങി നിരവധി സൗകര്യങ്ങളുണ്ട്. സ്പർശിക്കുന്ന പാതകൾ, എമർജൻസി ബട്ടണുകളുള്ള പ്രത്യേക ടോയ്‌ലറ്റുകൾ തുടങ്ങിയവ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ഈ മെട്രോ സ്റ്റേഷനിൽ മൂന്ന് സബ്‌വേകളുണ്ട് – 735 മീറ്റർ നീളമുള്ള സബ്‌വേ സ്റ്റേഷനെ യശോഭൂമിയുമായി ബന്ധിപ്പിക്കുന്നു, മറ്റൊന്ന് ദ്വാരക എക്‌സ്‌പ്രസ് വേയ്‌ക്ക് കുറുകെയുള്ള എൻട്രി/എക്‌സിറ്റിനെ ബന്ധിപ്പിക്കുന്നു, മെട്രോ സ്‌റ്റേഷനെ യശോഭൂമിയുടെ എക്‌സിബിഷൻ ഹാളുകളുടെ ഫോയറുമായി ബന്ധിപ്പിക്കുന്നു.
യശോഭൂമി മെട്രോ സ്റ്റേഷൻ ദ്വാരകയുടെ സെക്ടർ-25 ന് ചുറ്റുപാടും താമസിക്കുന്നവർക്കും ഗുരുഗ്രാമിലെ ദ്വാരക എക്‌സ്‌പ്രസ്‌വേയ്‌ക്ക് സമീപമുള്ള പുതിയ സെക്ടറുകൾക്കും പ്രയോജനപ്രദമാണെന്ന് തെളിയിക്കും. ഇത് ഈ പ്രദേശങ്ങളിൽ നിന്ന് സെൻട്രൽ ദൽഹിയിലെത്താനുള്ള യാത്രാ സമയം അര മണിക്കൂർ കുറയ്‌ക്കും. കൂടാതെ, വിമാനത്താവളത്തിൽ നിന്നോ ദൽഹിയുടെ മധ്യഭാഗത്ത് നിന്നോ ധാരാളം ദേശീയ അന്തർദേശീയ സന്ദർശകർക്ക് മെട്രോ സ്റ്റേഷൻ സാക്ഷ്യം വഹിക്കുകയും വലിയ പൊതുയോഗങ്ങളുടെ സ്ഥലവുമാകും.
PM Modi Travels In Delhi Metro Ahead Of Inaugurating The Extension Of Delhi Airport Metro Express Line From Dwarka Sector 21 To A New Metro Station YashoBhoomi Dwarka Sector 25. #HappyBdayModiJi #MyPMMyPride pic.twitter.com/zyEuELSU6o
— Narendra Modi fan (@narendramodi177) September 17, 2023
പ്രതികരിക്കാൻ ഇവിടെ എഴുതുക: