തിരുവനന്തപുരം: നിപ രോഗബാധ എന്ന സംശയത്തെ തുടർന്ന് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന കോഴിക്കോട് സ്വദേശിനിയായ വിദ്യാർത്ഥിയുടെ ഫലം നെഗറ്റീവ്. നോന്നയ്‌ക്കൽ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് ഫലം നെഗറ്റീവായത്. അതേസമയം, നിപ വൈറസ് ലക്ഷണങ്ങൽ പ്രകടപ്പിച്ച ഒരാൾ കൂടി തിരുവനന്തപുരത്ത് നിരീക്ഷണത്തിലുണ്ട്. കാട്ടാക്കട സ്വദേശിനിയായ വീട്ടമ്മയാണ് നിരീക്ഷണത്തിലുള്ളത്. ഇവരുടെ പരിശോധന ഫലം ഇന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സംസ്ഥാനത്ത് ഇതുവരെ 181 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്നലെ പുതിയ പോസിറ്റീവ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഹൈ റിസ്കിൽ പെട്ട 42 സാമ്പിളുകളുടെ ഫലം നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പോസിറ്റീവ് ആയ വ്യക്തികളുമായി അടുത്ത സമ്പര്‍ക്കമുള്ള ഹൈ റിസ്‌കിലുള്ളവരുടെ സാംപിളുകളാണ് നെഗറ്റീവ് ആണെന്ന് കണ്ടെത്തിയത്. പുതിയ ആക്ടീവ് കേസുകളൊന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല. വെന്റിലേറ്ററിൽ ചികിത്സയിലുള്ള ഒൻപതുകാരനടക്കം നാലുപേരുടേയും ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.
രോഗികളുമായി സമ്പർക്കത്തിലുള്ളവരുടെ പട്ടിക പൂർണമായും തയ്യാറാക്കുമെന്ന് പറഞ്ഞ ആരോഗ്യമന്ത്രി, സമ്പർക്കപ്പട്ടിക തയ്യാറാക്കാൻ പോലീസിന്റെ സഹായം തേടുമെന്നും പറഞ്ഞു. 19 ടീം ആയി പ്രവർത്തനം നടത്തുന്നുണ്ട്. മൊബൈൽ ടവർ ലൊക്കേഷൻ നോക്കി പോലീസിന്റെ സഹായത്തോടെ സമ്പർക്കപ്പട്ടിക തയ്യാറാക്കും. സിസിടിവിയും പരിശോധിക്കും – മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: