ശരിയായ തുടര്‍ച്ചയാണ് ഏതു വിജയത്തിന്റെയും അടിക്കല്ലുകളിലൊന്ന്. അത്തരം തുടര്ച്ചകളുടെ അഭാവം ഉണ്ടാക്കുന്ന തടസ്സം വലുതാണ്. തുടര്‍ച്ചയുടെ വഴിയാണ് വിശാലാര്‍ത്ഥത്തില്‍ പൈതൃകവും പാരമ്പര്യവും. അവയുടെയൊക്കെ വിശാല സംയോഗമാണ് സംസ്കാരം. അങ്ങനെയുള്ള സംസ്കാരം ധര്മ്മാധിഷ്ഠിതമാണുതാനും. അതുകൊണ്ടുതന്നെ ധര്‍മ്മം സനാതനമാണ്. അതിനാല്‍ സനാതന ധര്‍മ്മവുമാണ്. ഭാഷയും തത്ത്വചിന്തയും ദര്‍ശനവും ചേര്‍ന്നാണ് ഈ വാക്കുണ്ടാകുന്നതും. പക്ഷേ, പൈതൃകവും പാരമ്പര്യവും സംസ്കാരവും തുടര്‍ച്ചയുമൊക്കെ എന്തോ പഴഞ്ചന്‍ ഏര്‍പ്പാടാണെന്ന ചിന്ത ചിലര്‍ക്ക് ചിലകാലങ്ങളില്‍ ഉണ്ടാകും. വാസ്തവത്തില്‍ അതിനുമുണ്ട് തുടര്‍ച്ച എന്നര്‍ത്ഥം. അത് ‘ഇടതടവില്ലാത്ത’ തുടര്‍ച്ചയല്ല എന്നതാണ് കൗതുകകരം. അതായത്, അത് ചിലപ്പോഴെങ്കിലുമൊക്കെ ആത്മാര്‍ത്ഥതയില്ലാതെ, തുടരാന്‍വേണ്ടി തുടരുന്നതാണെന്നര്ത്ഥം. സനാതന ധര്‍മ്മത്തെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്ക് ഈ ‘തുടര്‍ച്ചയില്ലായ്മയുടെ തുടര്‍ച്ച’യുണ്ട്. അതുകൊണ്ടാണ് ഇടയ്ക്കിടെയത് തലപൊക്കുന്നത്. മറുവാദങ്ങള്കൊണ്ടുള്ള അടി, മര്‍മ്മത്തിന് കിട്ടുമ്പോള്‍ പിന്നെയും പത്തിതാഴും. അവസരമായി എന്നുതോന്നുമ്പോള്‍ ഇടയ്ക്ക് തലപൊക്കും.
ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത് തമിഴ്നാട്ടില്‍നിന്നാണ്. അവിടെ ഇതാദ്യമല്ല. സനാതന ധര്‍മ്മത്തെ തകര്‍ക്കാന്‍ ശ്രമങ്ങള്‍. ‘കൗപീനം അഴിച്ച് അമ്പലങ്ങളിലെ വിഗ്രഹങ്ങളില്‍ തല്ലാന്‍’ ആഹ്വാനം ചെയ്ത ഹിന്ദുമത വിരുദ്ധനായ ദ്രാവിഡവാദ പ്രസ്ഥാനക്കാരനുണ്ടായിരുന്നു. സനാതന ധര്‍മ്മമെന്നല്ല, ‘ബ്രാഹ്മണാധിപത്യം’ എന്നായിരുന്നു, ‘പെരിയാര്‍’ എന്ന് കേള്‍വികേട്ട ഇ.വി. രാമസ്വാമി, തന്റെ ‘എതിരാളിയെ’വിശേഷിപ്പിച്ചിരുന്നത്. യുക്തിഭദ്രവാദമാണ് സ്വന്തം ഫിലോസഫിയെന്ന് പറഞ്ഞിരുന്നുവെങ്കിലും ഇസ്ലാം മതത്തെയും ക്രിസ്തുമതത്തെയും എതിര്‍ക്കുന്നതില്‍ ആ യുക്തി തീവ്രത അത്ര കണ്ടിരുന്നില്ല. ഹിന്ദി ഭാഷയോടുള്ള എതിര്‍പ്പ്, ഭാരതത്തില്‍നിന്ന് വേറിട്ട് തമിഴ്നാട് സ്വന്തമായി നിലനില്ക്കണമെന്ന വാദമുള്‍പ്പെടെ അതിവിചിത്രമായ ഒട്ടേറെ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരജീവതം നയിച്ച ‘പണ്ഡിതനായ’ നേതാവായിരുന്ന അദ്ദേഹം. രാമായണം കത്തിക്കുകയും ഹിന്ദു ദൈവങ്ങള്‍ ‘വേശ്യാജാതരാണെ’ന്നും മറ്റുംവരെ പ്രചാരണം നടത്തുകയും ചെയ്തു പെരിയാര്‍. ചാര്‍വാക മുനിയുടെ യുക്തിചിന്താ പദ്ധതി നിലനിന്ന നാടാണിവിടം. നിരീശ്വരത്വ വാദത്തിന് ദര്ശനപദവിയും അതിന്റെ പ്രയോക്താക്കള്‍ക്ക് മുനി-മഹര്ഷിപദവിയും നല്കിയ സാംസ്കാരികത. പക്ഷേ, അതിന്റെ തുടര്ച്ചക്കാരനാകാന് പെരിയാറിനായില്ല. കാരണം, മറ്റുചില താല്‍ക്കാലിക ലക്ഷ്യങ്ങളായിരുന്നു അദ്ദേഹത്തിന്. അതല്ലെങ്കില്‍ എന്തുകൊണ്ട് അതിന് തമിഴ്നാട്ടില്‍പ്പോലും, പെരിയാറിന് ഇടമുറിയാത്ത തുടര്‍ച്ചയുണ്ടായില്ല? ഇപ്പോള്‍ ഉദയനിധി സ്റ്റാലിന് ഉയര്‍ത്തുന്ന ‘സനാതന ധര്‍മ്മം തകര്‍ക്കല്‍’ ആവശ്യത്തിന് പെരിയാറിന്റെ തുടര്‍ച്ച പറയാന്‍ കഴിയുമോ? ദ്രാവിഡ കഴകക്കാരാണ് രണ്ടുപേരുമെങ്കിലും അതിനെ തുടര്‍ച്ചയെന്ന് പറയാനാവില്ലതന്നെ.
പെരിയാര്‍ പണ്ഡിതനായിരുന്നു, ചിന്തകനായിരുന്നു. പക്ഷേ അദ്ദേഹത്തിന് തുടര്‍ച്ചയില്ലായിരുന്നു; അദ്ദേഹത്തിനും തുടര്‍ച്ച(പിന്)യില്ലാതെപോയി. അതുകൊണ്ടാണ്, ഹിന്ദുത്വത്തില്‍ ബ്രാഹ്മണ മേധാവിത്വമാണ് പ്രശ്നം, ആ ആധിപത്യം തകര്‍ക്കപ്പെടണമെന്ന ആശയം അദ്ദേഹം ഉയര്‍ത്തിയപ്പോള്‍ ഹിന്ദുധര്‍മ്മത്തിന്റെ സനാതനമായ തുടര്‍ച്ച തിരിച്ചറിയുന്നതിനു പകരം രാമായണം കത്തിക്കാന്‍ തയാറായത്. തെറ്റുണ്ടെങ്കില്‍ തിരുത്താനല്ല, തകര്‍ക്കാനായിരുന്നു ത്വര. തന്റെ അറിവിന്റെയും പാണ്ഡിത്യത്തിന്റെയും വിനിയോഗം, ഒരു നീണ്ടകാല തുടര്‍ച്ചയുടെ തകര്ക്കലിനുപയോഗിക്കാനിറങ്ങി. അതില്‍നിന്ന് നാടിനുണ്ടായ കടുത്ത നഷ്ടങ്ങളിലൊന്നിന് തെളിവാണ്, തമിഴ്നാട്ടിലെയും പുതിയ തലമുറ അന്നത്തെ ഹിന്ദി വിരോധത്തെ ഇന്ന് പഴിക്കുന്നത്. തമിഴ്നാട് വിടുന്നവര്‍ ഇന്ന് ഹിന്ദിയും പഠിക്കുന്നു. അന്ന് പൊതു രാജ്യസത്തയില്നിന്ന് തമിഴ്നാട് വേറിട്ടു നില്‍ക്കണമെന്ന് പെരിയാര്‍ ഉയര്‍ത്തിയ ആശയം അപകടമാണെന്നറിഞ്ഞിട്ടും അതിനെ പരസ്യമായി തള്ളിപ്പറയാന്‍ കഴിയാത്ത തമിഴ്നാട്ടിലെ പുതിയ തലമുറയുടെ അവസ്ഥ മറ്റൊരു തെളിവാണ്. അമ്പലങ്ങള്‍ തച്ചുടയ്ക്കണമെന്ന് പറഞ്ഞ പെരിയാറെ ഒരു വശത്ത് പ്രകീര്‍ത്തിക്കുമ്പോള്‍, അമ്പലങ്ങള്‍ നിര്‍മ്മിച്ചതിന്റെയും നിയന്ത്രിച്ചതിന്റെയും അവിടങ്ങളില്‍ സ്ത്രീകളെ പൂജാരികളായി നിയോഗിച്ചതിന്റെയും നേട്ടം പറയാന്‍ പെരിയാറിന്റെപിന്തുടര്ച്ചക്കാരെന്ന് അവകാശപ്പെടുന്ന ഡിഎംകെയുടെ മുഖ്യമന്ത്രി സ്റ്റാലിനും കൂട്ടര്‍ക്കും മത്സരിക്കേണ്ടി വരുന്നത് മറ്റൊരു തെളിവ്.
പെരിയാറിന് കാശിയില്‍ (വാരാണസിയില്‍) ഉണ്ടായ ചില ദുരനുഭവങ്ങളാണ് അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റിയത്. എവിടെയും നിറഞ്ഞുനിന്ന ബ്രാഹ്മണാധിപത്യം, ഭക്ഷണം കഴിക്കാന്‍ പോലും അനുവദിക്കാതെ ഇറക്കിവിട്ടപമാനിച്ചത് എല്ലാമെല്ലാമാണ് പൊരയാറിന്റെ ഭാഗം ന്യായീകരിക്കാനായി പലരും നടത്തുന്ന പ്രചാരണം. കാലം ആലോചിക്കണം- 1890 കളിലാണ്. ഒന്നേകാല്‍ നൂറ്റാണ്ടോളം മുമ്പ്. ദൈവമില്ല, മതമില്ല, വേദശാസ്ത്രങ്ങളില്ല, എന്ന് മുദ്രാവാക്യം ഉയര്‍ത്തി അദ്ദേഹം നടത്തിയ പ്രചാരണത്തിന് ഇന്ന് പക്ഷേ ശരിയായ തുടര്‍ച്ചയില്ലാതായി. ‘തമിഴ് ബ്രാഹ്മണരെ കൊന്നുകളയുക’ എന്നുവരെ ആഹ്വാനം ചെയ്ത പെരിയാറിന് പാണ്ഡിത്യക്കുറവായിരുന്നില്ല, വ്യക്തമായ ലക്ഷ്യബോധത്തിന്റെ കുറവുണ്ടാക്കുന്ന തരത്തില്‍ പകയും വര്‍ദ്ധിച്ച വൈകാരികതയുമായിരുന്നു. അതിന് തുടര്ച്ചക്കാരില്ലാത്തത് ഒരുതരത്തില്‍ നല്ലതുമാണ്. പെരിയാറിനെ തുടരാനാകാത്തവരെങ്കിലും അദ്ദേഹത്തിന്റെ പേരില്‍ വ്യാജം പ്രചരിപ്പിക്കുന്നതില്‍ തമിഴ്നാട്ടിലെ സര്‍ക്കാരിനും ഭരണക്കാര്‍ക്കും യുക്തിയില്ലായ്മ തോന്നിയില്ല. പെരിയാറിനെ ‘യുനസ്കോ’ ‘ദക്ഷിണേഷ്യയുടെ സോക്രട്ടീസ്’ ആയി പ്രഖ്യാപിച്ചുവെന്ന് തമിഴ്നാട്ടിലെ സ്കൂള്‍ പാഠപുസ്തകത്തില്‍ ‘ഇല്ലാത്ത വസ്തുത’ ചേര്‍ത്ത് അനുയായികള്‍ അദ്ദേഹത്തെ ‘ആക്ഷേപി’ച്ചു. ഈ വിവരണം പുസ്തകത്തില്‍നിന്ന് നീക്കാന്‍ 2021 ല്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു.
പെരിയാറിന് ദുരനഭവമുണ്ടായ കാശീ തീരത്ത്, കഴിഞ്ഞദിവസം നടന്ന ഒരു പൊതു പരിപാടിയില്‍ അനുഗ്രഹ പ്രഭാഷണം നടത്തവേ, പെരിയാറിന്റെ അതേ തമിഴ്നാട് ആസ്ഥാനമായ കാഞ്ചി കാമകോടിപീഠ മഠാധിപതി ജഗദ്ഗുരു ശങ്കരാചാര്യ വിജയേന്ദ്ര സരസ്വതി സ്വാമികള്‍ ഇങ്ങനെ പറഞ്ഞു: ഭാഷയുടെ സദുപയോഗത്തിലൂടെ രാജ്യത്തിന്റെ വികസനത്തിന് സഹായകമാക്കണം. ദുരുപയോഗിക്കരുത്, സദുപയോഗമാണ് സനാതന ഹിന്ദുധര്‍മ്മം. ഭാഷയെക്കുറിച്ച്, വാക്കുണ്ടാകുന്ന വഴിയെക്കുറിച്ച്, ആദി കാവ്യത്തെക്കുറിച്ച്, സംസ്കാരത്തെക്കുറിച്ച്, ധര്‍മ്മത്തെക്കുറിച്ച് അതിന്റെ സനാതന സ്വഭാവത്തെക്കുറിച്ച് സ്വാമികള്‍ ഏറെപ്പറഞ്ഞു. ഭാഷയുടെ ഉപയോഗം എങ്ങനെയാണ് ജീവിതത്തിന് പ്രതീക്ഷ കൊടുക്കുന്നതെന്ന് പറഞ്ഞു. ഹിന്ദിയിലായിരുന്നു പ്രഭാഷണം. രാജ്യത്തെ 15 ഭാഷകളില്‍നിന്നുള്ള മാധ്യമപ്രവര്‍ത്തകരെ ആദരിക്കാനും പുരസ്കാരം നല്‍കാനും പ്രവര്‍ത്തനത്തിന്റെ 75 വര്‍ഷം പൂര്‍ത്തിയാക്കുന്ന വാര്‍ത്താ ഏജന്‍സിയായ ഹിന്ദുസ്ഥാന്‍ സമാചാര്‍ സംഘടിപ്പിച്ചതായിരുന്നു പരിപാടി. 94 വയസ് ജീവിച്ച്, 1973 ല്‍ അന്തരിച്ച പെരിയാറിന്റെ തുടര്‍ച്ചയിലെ ഇപ്പോഴുയരുന്ന ശബ്ദങ്ങള്‍ക്ക് അതികൃത്യമായ മറുപടി കാഞ്ചി ആചാര്യന്റെ വാക്കുകളില്‍ മുഴങ്ങി; അതും കാശിയുടെ തീരത്ത്. രണ്ടു ‘തുടര്‍ച്ച’കളുടെ താരതമ്യത്തിന് വഴിയൊരുങ്ങുകയായിരുന്നു അവിടെ.
ഈ ശരിയായ തുടര്‍ച്ചകളെ ഇല്ലാതാക്കാനുള്ള കഠിന ശ്രമങ്ങളാണ് ചുറ്റും. അതിനെ അതിജീവിക്കുകയാണ് വിഷയം. കാശി, വാരാണസി ആ ധര്‍മ്മത്തിന്റെ, സാംസ്കാരികതയുടെ ആസ്ഥാനമാണ്. ‘വരുണ’ നദിയും ‘അസീ’ നദിയുമൊഴുകിയിരുന്നതിനിടയിലുള്ള ‘വാരാണസി’ എന്ന ഈ ഗംഗാതടം വലിയൊരു പ്രദേശമായി വളരുകയാണ് എക്കാലത്തും. അവിടെ വിവിധ പ്രദേശങ്ങളില്‍നിന്നുള്ള സാംസ്കാരിക അടയാളങ്ങള്‍ ഒന്നിക്കുന്നു, പരസ്പരം കൊടുത്തും സ്വീകരിച്ചും വളരുന്നു. ഭൗതിക സംസ്കാര കര്‍മ്മവും ആത്മീയ സാംസ്കാരികതയും മേളിക്കുന്നു. അവിടെ അതത് സംസ്ഥാനങ്ങള്‍ അവരവരുടെ അടയാളങ്ങള്‍ വളര്‍ത്തുന്നു. കര്‍ണാടകത്തിന്റെയും ആന്ധ്രയുടെയും തമിഴിന്റെയും സ്നാന ഘാട്ടുകള്‍ (ഗംഗയിലെ കടവുകള്‍) അതിന്റെ പോഷണത്തിനായി ഉയര്‍ന്നു നില്ക്കുന്നു. അവിടെ കേരളത്തിനുമുണ്ട് ഇടം. അര നൂറ്റാണ്ടിലേറെയായി അവിടം കേരളം അവഗണിച്ചിരിക്കുന്നു. ആരൊക്കെയോ കൈയേറിയ അവശേഷിക്കുന്ന ഇത്തിരി പ്രദേശമുണ്ട്; പഴയ കെട്ടിടവും. അവിടെയും മനസില്ലാ മനസോടെ നാലുവര്‍ഷം മുമ്പ് തുടങ്ങിവെച്ച ചില അറ്റകുറ്റപ്പണികള്‍ ഇനിയും വേണ്ടതരത്തിലായിട്ടില്ല. അവിടം ആരുമറിയാതെ ഒതുങ്ങിക്കൂടുന്നു. കേരള സര്‍ക്കാരിന്റെ ദേവസ്വം വകുപ്പാണത് ചെയ്യേണ്ടത്, പക്ഷേ… പെരിയാറിന്റെ തുടര്‍ക്കണ്ണിയായി ഇനി ശേഷിക്കുന്നത് കേരളത്തിലെ അധികാര സമൂഹവും അവരുടെ ആശയ സംഹിതയുമാണല്ലോ.
പക്ഷേ, സനാതന ധര്‍മ്മം സന്ദേഹികളുടേതല്ല, അന്വേഷികളായ ജിജ്ഞാസുക്കളുടേതായതിനാല് തുടര്‍ക്കണ്ണി മുറിയുന്നില്ല. അതുകൊണ്ടുതന്നെ നിശിപ്പിക്കാനും കഴിയില്ല. സന്ദേഹിയും ജിജ്ഞാസുവും തമ്മില്‍ ഭേദമുണ്ട്. സന്ദേഹിക്ക്, ഇതാണോ? എന്ന ശങ്കയാണ്. അന്വേഷിക്ക് ഇത് ശരി, പക്ഷേ ഇതിനപ്പുറവുമുണ്ട് എന്ന വിശ്വാസവും. അതുകൊണ്ടാണ് അതന്വേഷിക്കുന്നവന്‍ സനാതനിയാകുന്നത്. അറിവിന്റെ അന്വേഷണമാണ് സനാതനം. അറിയുന്നതാണ് പൂര്‍ണത, സംശയിക്കുന്നതല്ല. അതിനാലാണ് ‘പൂര്‍ണമദഃ പൂര്‍ണമിദം…’ എന്ന് മന്ത്രം. പൂര്‍ണമായ അറിവ്, അത് ഒരാള്‍ പൂര്‍ണമായി എടുത്താലും ആദ്യത്തെ അറിവ് പൂര്‍ണമായി തുടരുന്നു. അതാണ് സനാതനത്വം. ഏത് അറിവിന്റെ കാര്യത്തിലും ശരിയല്ലേ എന്നു തോന്നാം. അല്ല, പൂര്‍ണമായ അറിവിനേ അതുണ്ടാകൂ. അല്ലെങ്കില്‍ കാലഹരണപ്പെട്ടു പോകും; മറ്റൊന്ന് പൂര്‍ണമായി വരുമ്പോള്‍.
സന്ദേഹമല്ല, ജിജ്ഞാസ. ഒടുങ്ങാത്ത ജിജ്ഞാസ; അത് തുടര്‍ച്ചയാണ്. അതില്‍ കണ്ണിയാകാനേ നമുക്കാകൂ. കണ്ണി മുറിച്ചാല്‍ വ്യക്തിയേ അതില്‍ നിന്നടരൂ. ധര്മ്മശൃംഖല തുടരും; സനാതനമായി. അതറിയാത്തവര്‍ ചാര്‍വാക മുനിയെ വികൃതമായി അനുകരിച്ച്, പെരിയാറിന്റെ വഴിയില്‍ തെറ്റിത്തടഞ്ഞ്, ഉദയനിധി സ്റ്റാലിന്മാരായി, പിണറായി വിജയവേഷത്തില് തുടരും. പക്ഷേ, ശരിയായ തുടര്ച്ചകളുടെ തുടര്‍ച്ചകളില്‍ ധര്‍മ്മത്തിന്റെ ശൃംഖല ബലപ്പെടും. അതില്‍ ഒരു കണ്ണിയായ പ്രധാനമന്ത്രി നരേന്ദ്രമോദി, തന്റെ ലോക്സഭാ മണ്ഡലമായ വാരാണസിയില്‍ കാണിച്ചുതരുന്നുണ്ട്, വാക്കും ഭാഷയും വികാരവും സംസ്കാരവും ചേര്‍ത്ത് എങ്ങനെയാണ് ഒരു രാജ്യത്തിന്റെ വികസനം രചിക്കുന്നതെന്ന്. അതുകൊണ്ടുതന്നെ ശരിയായ തുടര്‍ച്ചകള്‍ അനിവാര്യവും സുനിശ്ചിതവുമാകുകയുമാണ്.
പിന്കുറിപ്പ്:
ഉത്തര്‍ പ്രദേശില്‍ അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ 80 ല്‍ 80 സീറ്റും എന്‍ഡിഎ നേടുമെന്ന് ഉപമുഖ്യമന്ത്രി കേശവ പ്രസാദ് മൗര്യയുടെ പ്രഖ്യാപനം. നിലവില്‍ 64 ആണ്. 16 സീറ്റുകൂടി നേടുമെന്നാണ് വാദം. എന്‍ഡിഎ മൂന്നാമതും കേന്ദ്ര ഭരണത്തില്‍ തുടരുമോ, സീറ്റെണ്ണം കൂടുമോ എന്നും മറ്റും സന്ദേഹിക്കുന്നവര്‍ക്കുള്ള യുക്തിഭദ്രമായ മറുപടികൂടിയാകുന്നു അത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: