കൊളംബോ: ഏകദിന ക്രിക്കറ്റിലെ ഏഷ്യന്‍ രാജാക്കന്മാരെ നിര്‍ണയിക്കുന്ന ലങ്ക-ഭാരത യുദ്ധം ഇന്ന്. ഉച്ചതിരിഞ്ഞ് മൂന്നിന് മത്സരം തുടങ്ങും. കൊളംബോയിലെ ആര്. പ്രേമദാസ സ്റ്റേഡിയം ആണ് വേദി. ഏഴ് തവണ ജേതാക്കളായി കിരീട നേട്ടത്തില്‍ മുന്നില്‍ നില്ക്കുന്ന ഭാരതത്തിനായി രോഹിത്തും കൂട്ടരും ഇറങ്ങുന്നത് എട്ടാം കിരീടത്തിനായി. ആറ് വട്ടം ചാമ്പ്യന്മാരായ ശ്രീലങ്ക ലക്ഷ്യമിടുന്നത് ഭാരതത്തിന് ഒപ്പമെത്താനാണ്.
ലോകകപ്പ് ക്രിക്കറ്റ് പടിവാതില്ക്കലെത്തിനില്ക്കുമ്പോളാണ് ഇന്നത്തെ ഫൈനല്‍ എന്നതും ഇത്തവണത്തെ വലിയൊരു പ്രത്യേകതയാണ്. ലോകകപ്പിനൊരുങ്ങുന്ന രണ്ട് മുന്‍ ചാമ്പ്യന്മാര്ക്കും കുറേക്കൂടി ഏറിയ അളവില്‍ കിട്ടുന്നൊരു പരിശീലന പരീക്ഷണം കൂടിയാകുകയാണ് ഇന്നത്തെ ഫൈനല്‍. ഇരുകൂട്ടര്‍ക്കും ഓരോ വിലപ്പെട്ട താരത്തെ നഷ്ടപ്പെട്ടേക്കുമെന്ന ആശങ്കയാണ് ഫൈനലിന് മുമ്പേ നിലനില്‍ക്കുന്നത്. ഇത് സംബന്ധിച്ച് സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ പരക്കുന്നുണ്ടെങ്കിലും രണ്ട് ടീം ക്യാമ്പുകളും ഒന്നും തീര്‍ച്ചപ്പെടുത്തിയിട്ടില്ല.
ഭാരതത്തിന്റെ അക്ഷര്‍ പട്ടേലും ലങ്കയുടെ മഹീഷ് തീക്ഷണയുമാണ് പരിക്ക് കാരണം പുറത്തായിരിക്കുന്നത് എന്ന് വാര്‍ത്തകള്‍ പരക്കുന്നുണ്ട്. ടൂര്‍ണമെന്റില്‍ രണ്ട് ഫൈനലിസ്റ്റുകള്‍ക്കും വേണ്ടി പല മത്സങ്ങളിലും ലോ ഓര്‍ഡര്‍ ബാറ്റിങ് ലൈനപ്പില്‍ നിര്‍ണായക പ്രകടനമാണ് ഈ താരങ്ങള്‍ നടത്തിക്കൊണ്ടിരുന്നത്.
ബംഗ്ലാദേശിനെതിരെ ഇന്ത്യ പരാജയപ്പെട്ട അവസാന സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ അക്ഷര്‍ പട്ടേല്‍ പുറത്തായില്ലെങ്കില്‍ മത്സരഫലം ഇന്ത്യയ്ക്ക് അനുകൂലമായേനെ. അതിന് മുമ്പേയുള്ള മത്സരത്തില്‍ ശ്രീലങ്കയ്ക്കെതിരെ കുറഞ്ഞ സ്കോര്‍ കണ്ട മത്സരത്തിലും അക്ഷര്‍ 36 പന്തില്‍ 26 റണ്‍സെടുത്ത് വിലപ്പെട്ട സംഭാവന നല്‍കിയിരുന്നു.
ഇതിന് സമാനമായ പ്രകടനമാണ് ലങ്കന്‍ ഇന്നിങ്സിനായി മഹീഷ് പതിരണയും നടത്തിവന്നത്. പതിരണ പരിക്ക് കാരണം പുറത്തായെങ്കിലും ലോ ഓര്‍ഡറില്‍ മറ്റൊരു ലങ്കന്‍ ബാറ്റര്‍ കൂടി കരുത്താര്‍ജിച്ച് നില്‍ക്കുന്നുണ്ട്. ദുനിത്ത് വെല്ലാലാഗെ. ഇന്ത്യയ്ക്കെതിരായ ലങ്കയുടെ സൂപ്പര്‍ ഫോര്‍ മത്സരം ഈ താരം ഒറ്റയ്ക്ക് ജയിപ്പിക്കുമെന്ന് പ്രതീതി ഒരുവസരത്തില് ഉയര്‍ന്നുവന്നതാണ്. ഭാരതത്തിനായി അക്ഷറിന് പകരം ഇന്ന് വാഷിങ്ടണ്‍ സുന്ദര്‍ ഇറങ്ങിയേക്കും പക്ഷെ ലങ്കയ്ക്ക് വെല്ലാലാഗെ ഉണ്ട് എന്നതാണ് വാസ്തവം.
ഇന്ത്യയെ സംബനധിച്ച് ബാറ്റിങ് ഓര്‍ഡറില്‍ ഉണ്ടായിരുന്ന പൊരുത്തക്കേട് നാലാം നമ്പര്‍ പൊസിഷനായിരുന്നു. കഴിഞ്ഞ രണ്ട് മത്സരങ്ങളിലായി കെ.എല്‍. രാഹുല്‍ ആ ദൗത്യം ഗംഭീരമായി നിറവേറ്റുന്നത് കണ്ടു. ഇന്നത്തെ ഫൈനല്‍ പരീക്ഷണത്തില്‍ കൂടി മിഡില്‍ ഓര്‍ഡറിന്റെ സഹായം രാഹുലിലൂടെ ശക്തമാക്കാനായാല് ഇന്ത്യയ്ക്ക് ലോകകപ്പിനെ വരവേല്‍ക്കാന്‍ ഒരു പരിധിവരെ ആശ്വാസിക്കാം.
നേര്‍ക്കുനേര്‍ ഇതുവരെ:
കളിച്ചത് 166 ഏകദിനങ്ങള്‍
ഭാരതം ജയിച്ചത് 97 ലങ്ക ജയിച്ചത് 57
ഫലമില്ലാത്തവ 11 ടൈ ആയത് 1
ഹോം മാച്ച് വിജയം
ഭാരതം 39 ലങ്ക 28
എവേ മാച്ച് വിജയം
ഭാരതം 31 ലങ്ക 12
നിഷ്പക്ഷ വേദികളില്‍
ഭാരതം 27 ലങ്ക 17
പ്രതികരിക്കാൻ ഇവിടെ എഴുതുക: