പൂനെ: സമൂഹത്തിന്റെ എല്ലാ മേഖലയിലും സ്ത്രീകള്‍ നേതൃപരമായ പങ്ക് വഹിക്കണമെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ. മന്മോഹന് വൈദ്യ. സ്ത്രീമുന്നേറ്റം സാധ്യമാക്കാന്‍ ആര്‍എസ്എസ് വിവിധക്ഷേത്രസംഘടനകള്‍ പരിശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പൂനെയില്‍ ഇന്നലെ സമാപിച്ച രണ്ട് ദിവസത്തെ അഖിലഭാരതീയ സമന്വയ ബൈഠക്ക് ഈ വിഷയം ചര്‍ച്ച ചെയ്തുവെന്ന് വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
ഭാരതീയ വിചാരധാരയനുസരിച്ച് സമാജിക പുരോഗതിയുടെ അടിസ്ഥാന ഘടകം കുടുംബമാണ്. കുടുംബങ്ങളെ നയിക്കുന്ന സ്ത്രീകളുടെ നേതൃശേഷി രാഷ്ട്രപുരോഗതിയിലും ദൃശ്യമാകണം. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സ്ത്രീശക്തിയുടെ സക്രിയത അഭിനന്ദനാര്‍ഹമാണ്, അദ്ദേഹം പറഞ്ഞു.
എല്ലാ മേഖലയിലെയും മഹിളകളെ ഒരുമിച്ചുചേര്‍ക്കുന്നതിന്റെ ഭാഗമായി രാജ്യത്തുടനീളം 411 സ്ത്രീശക്തിസമ്മേളനങ്ങള്‍ സംഘടിപ്പിക്കും. ഇതുവരെ 12 സംസ്ഥാനങ്ങളിലായി 73 സമ്മേളനങ്ങള്‍ സംഘടിപ്പിച്ചുവെന്നും ഒരു ലക്ഷത്തി ഇരുപത്തിമൂവായിരത്തിലധികം സ്ത്രീകള്‍ പങ്കെടുത്തുവെന്നും അദ്ദേഹം പറഞ്ഞു.
ആര്‍എസ്എസ് പ്രവര്‍ത്തനം തുടങ്ങിയിട്ട് 97 വര്‍ഷമായി. സ്വാതന്ത്ര്യലബ്ധിക്ക് മുമ്പ് വരെ സംഘടന എന്നതിലായിരുന്നു ഊന്നല്‍. 1947ന് ശേഷം സമാജത്തെ ആകെ സംഘടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ മേഖലകളില്‍ സംഘടനകള്‍ രൂപംകൊണ്ടു. 1989ല്‍ ആര്‍എസ്എസ് സ്ഥാപകന്‍ ഡോ. ഹെഡ്ഗേവാറിന്റെ ജന്മശതാബ്ദിയോടെ സംഘം സമാജത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും അതിന്റെ സമ്പര്‍ക്കം വ്യാപിപ്പിച്ചു. 2006ല്‍ ശ്രീഗുരുജിയുടെ ജന്മശതാബ്ദിക്ക് ശേഷം, പ്രവര്‍ത്തനത്തിന്റെ നാലാം ഘട്ടം ആരംഭിച്ചു. ഓരോ പ്രവര്‍ത്തകനും ഓരോ പൗരനും രാഷ്ട്രപുരോഗതിക്കായി സ്വയം സജ്ജരാകണമെന്നതാണ് ഈ ഘട്ടത്തിന്റെ ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു. സജ്ജനശക്തിയുടെ സംഘാടനം. സമാജകാര്യങ്ങളിലെ സക്രിയത തുടങ്ങിയ വിഷയങ്ങളില്‍ സമന്വയബൈഠക്കില്‍ ചര്‍ച്ച ഉണ്ടായെന്ന് അദ്ദേഹം പറഞ്ഞു.
കൊവിഡ് കാലത്തിന് മുമ്പുള്ളതിനേക്കാള്‍ ആര്‍എസ്എസ് ശാഖകളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചോദ്യത്തിന് മറുപടിയായി പറഞ്ഞു. 2020ല്‍ രാജ്യത്ത് 38,913 സ്ഥലങ്ങളിലാ ശാഖകള്‍ ഉണ്ടായിരുന്നതെങ്കില്‍ 2023ല്‍ ഇത് 42,613 സ്ഥലങ്ങള്‍ എന്ന നിലയില്‍ ഉയര്‍ന്നു, 9.5 ശതമാനം വര്‍ധന. പ്രതിദിന ശാഖകളുടെ എണ്ണം 62,491ല്‍ നിന്ന് 68,651 ആയി ഉയര്‍ന്നു. രാജ്യത്ത് മൊത്തം 68,651 പ്രതിദിന ശാഖകളുണ്ട്, ഇതില്‍ 60 ശതമാനവും വിദ്യാര്‍ത്ഥി ശാഖകളാണ്. നാല്പത് വയസ്സ് വരെയുള്ളവരുടെ ശാഖകള്‍ 30 ശതമാനവും നാല്പതിന് മുകളില്‍ പ്രായമുള്ളവരുടെ ശാഖകള്‍ 10 ശതമാനവുമാണ്. ഓരോ വര്‍ഷവും ഒരു ലക്ഷം മുതല്‍ 1.25 ലക്ഷം വരെ പുതിയ ആളുകള്‍ ജോയിന്‍ ആര്‍എസ്എസ് എന്ന പദ്ധതിയിലൂടെ സംഘപ്രവര്‍ത്തനത്തില്‍ പങ്കുചേരാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്നു. ഇവരില്‍ ഭൂരിഭാഗവും 20നും 35നും ഇടയില്‍ പ്രായമുള്ളവരാണ്, സഹസര്‍കാര്യവാഹ് പറഞ്ഞു.
സമന്വയ ബൈഠക്കില്‍ 36 വിവിധക്ഷേത്രസംഘടനകളില്‍ നിന്ന് 246 പ്രതിനിധികള്‍ പങ്കെടുത്തു. ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ഭാഗവത്, സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ എന്നിവര്‍ മാര്‍ഗദര്‍ശനം നല്കി.
ശിവജിയുടെ ജീവിതകഥ പറഞ്ഞ് സമന്വയ ബൈഠക് വേദിയിലെ പ്രദര്‍ശിനി
പൂനെ: ഛത്രപതി ശിവജിയുടെ കിരീടധാരണത്തിന്റെ 350-ാം വാര്‍ഷികം പ്രമാണിച്ച് ആര്‍എസ്എസ് സമന്വയ ബൈഠക് വേദിയില്‍ തയാറാക്കിയ പ്രദര്‍ശിനി ശ്രദ്ധേയമായി. സിംഹാസനാരൂഢനായ ശിവജിയുടെ പ്രതിമ കവാടമാക്കിയ പ്രദര്‍ശിനിയില്‍ അദ്ദേഹത്തിന്റെ ജീവിതചരിത്രം ആലേഖനം ചെയ്തിട്ടുണ്ട്. ചരിത്രകാരനായ വിജയറാവു ദേശ്മുഖ്, വി.സി. ബേന്ദ്രെ തുടങ്ങിയവര്‍ വരച്ചിട്ട ശിവജിയുടെ ജീവിതരേഖകള്‍, ശിവജിയുടെ കാലത്തെ കത്തുകളില്‍ നിന്നുള്ള ഉദ്ധരണികള്‍, ശിവജിയുടെ നാവികസേനയിലെ കപ്പല്‍, അദ്ദേഹം എഴുതിയ കത്തുകളുടെ വിവര്‍ത്തനം, ഹിന്ദവി സ്വരാജ്യത്തിലെ കോട്ടകളുടെ രൂപങ്ങള്‍ തുടങ്ങിയവ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ശിവജിയും സന്ത് തുക്കാറാമും നടത്തിയ കൂടിക്കാഴ്ചയുടെ ചരിത്രം വിളിച്ചോതുന്ന’ഭക്തി ശക്തി സംഗമം’ എന്ന ശില്പവും ഈ പ്രദര്‍ശനത്തെ ശ്രദ്ധേയമാക്കുന്നു.
‘സ്വാതന്ത്ര്യ സമരത്തില്‍ വനവാസി വീരന്മാരുടെ സംഭാവന’ എന്ന വിഷയത്തില്‍ അഖില ഭാരതീയ വനവാസി കല്യാണ്‍ ആശ്രമം മറ്റൊരു പ്രദര്‍ശിനിയും സംഘടിപ്പിച്ചിട്ടുണ്ട്.
വിവിധ സംഘടനകള്‍ ആവിഷ്കരിച്ച സ്വാവലംബി ഭാരത് അഭിയാന്’ പ്രദര്‍ശനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. തൊഴിലില്ലായ്മയും ദാരിദ്ര്യവും ഒഴിവാക്കി അഭിവൃദ്ധി പ്രാപിക്കുന്ന സ്വാശ്രയ ഇന്ത്യ സൃഷ്ടിക്കുക എന്നതാണ് കാമ്പയിനിന്റെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: