പട്ന: 2024ല്‍ ബീഹാറിലെ 40 ലോക്സഭാ സീറ്റുകളിലും ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണി വിജയിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബീഹാറില്‍ മധുബനി ജില്ലയിലെ ജന്‍ജാര്‍പൂരില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.
2019ല്‍ എന്‍ഡിഎ 39 സീറ്റുകളില്‍ ജയിച്ചു. ഇക്കുറി എല്ലാ റെക്കോഡുകളും തകര്‍ത്ത് 40 സീറ്റുകളിലും എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ ജയിക്കും. – അമിത് ഷാ പറഞ്ഞു.
ദിവസേന ബീഹാറിലെ ക്രമസമാധാനം തകര്‍ന്നുകൊണ്ടിരിക്കുകയാണ്. അവസരവാദ മുന്നണി സാഹചര്യത്തെ വഷളാക്കുമെന്നും അദ്ദേഹം പറഞ്ഞു.
2024ല്‍ മോദിജി വിജയിച്ചില്ലെങ്കില്‍ സീമാഞ്ചല്‍ പ്രദേശം മുഴുവന്‍ നുഴഞ്ഞുകയറ്റക്കാരെക്കൊണ്ട് നിറയും. നിതീഷ്-ലാലുപ്രസാദ് യാദവ് കൂട്ടുകെട്ട് എണ്ണയും വെള്ളവും പോലെയാണ്. അധികകാലം അതിന് ഒന്നിച്ച് പോകാന്‍ കഴിയില്ല.- അമിത് ഷാ വിമര്‍ശിച്ചു.
അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നതിനെ നഖശിഖാന്തം എതിര്‍ത്തവരാണ് ഇവര്‍. ക്ഷേത്രം പണിയുന്നത് നിര്‍ത്താനും അവര്‍ ആവുന്നതും ശ്രമിച്ചു. – അമിത് ഷാ പറഞ്ഞു.
ജമ്മുകശ്മീരിന് പ്രത്യേക പദവി നല്കുന്ന 370ാം വകുപ്പ് എടുത്തുകളയുന്നതിനെ നിതീഷ് കുമാറും ലാലുപ്രസാദ് യാദവും എതിര്‍ത്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തം മകനെ ബീഹാറില്‍ മുഖ്യമന്ത്രിയാക്കാനാണ് ലാലുപ്രസാദ് യാദവിന്റെ മോഹം. സ്വയം പ്രധാനമന്ത്രിയാകാന്‍ നിതീഷ് കുമാറും ശ്രമിക്കുന്നു. രണ്ടും നടക്കില്ല. – അമിത് ഷാ പറഞ്ഞു.
മോദി കാരണമാണ് ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് ജി20യില്‍ അംഗത്വം ലഭിച്ചതെന്നും അമിത് ഷാ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: