Categories: NewsIndia

മിത്ത് വിവാദം. ഷംസീറിനെതിരെ പൊലീസ് നടപടിയെടുക്കാത്തതില്‍ സുപ്രീകോടതിയില്‍ ഹര്‍ജി

Published by

ന്യൂഡല്‍ഹി: കേരളത്തില്‍ ശക്തമായ ഹൈന്ദവ പ്രക്ഷോഭങ്ങള്‍ക്ക് കാരണമായ മിത്ത് വിവാദം സുപ്രീംകോടതിയില്‍.

സ്പീക്കര്‍ ഷംസീറിനെതിരെ കേരള പോലീസ് നടപടി സ്വീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഇതോടൊപ്പം ഉദയനിധി സ്റ്റാലിനെതിരെ സനാതന ധര്‍മ്മ വിവാദത്തില്‍ തമിഴ്‌നാട് പോലീസ് കേസെടുക്കാത്തതിലും നടപടി ആവശ്യപ്പെടുന്നുണ്ട്. പികെഡി നമ്പ്യാരാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. സുപ്രീ കോടതിയുടെ ഉത്തരവ് നടപ്പാക്കിയില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു.

ഷംസീറിന്റെ മിത്ത് പരാമര്‍ശത്തിനെതിരെ എന്‍ എസ്എസ് ശക്തമായ പ്രതിഷേധ പരിപാടികള്‍ നടത്തിയെങ്കിലും നിലപാടിലുറച്ച് നില്‍ക്കുകയാണ് സ്പീക്കര്‍ എ എന്‍ ഷംസീര്‍ ചെയ്തത്. പോരാത്തതിന് നാമജപ ഘോഷയാത്രയില്‍ പങ്കെടുത്തവര്‍ക്കെതിരെ കേരള പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

ജൂലായ് 21ന് കുന്നത്ത്‌നാട് ജിഎച്ച്എസ്എസില്‍ നടന്ന വിദ്യാജ്യോതി പരിപാടിയില്‍ നടത്തിയ പരാമര്‍ശങ്ങളാണ് വിവാദമായത്. ‘വിവര സാങ്കേതിക വിദ്യ കാലമാണിത്. ഈ കാലത്തും മനുഷ്യന്റെ ഉടലും ആനയുടെ ശിരസുമുള്ള മിത്തുകളെയും പുഷ്പക വിമാനം പോലുള്ള കെട്ടുകഥകളെയും ഹൈന്ദവ ഇതിഹാസത്തിലൂടെയും പാഠപുസ്തകങ്ങളിലൂടെയും പ്രചരിപ്പിക്കുന്നത് ശരിയല്ല’ ഇതായിരുന്നു സ്പീക്കര്‍ ഷംസീറിന്റെ വിവാദ പ്രസംഗം. ഹിന്ദുത്വ കാലഘട്ടത്തിലെ അന്ധ വിശ്വാസങ്ങള്‍ പുരോഗമനത്തെ പിന്നോട്ട് നയിക്കുന്നുവെന്നും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് കാലഘട്ടത്തില്‍ ഇതൊക്കെ വെറും മിത്തുകളാണെന്നും ഷംസീര്‍ പറഞ്ഞിരുന്നു.

തമിഴ്നാട് മന്ത്രിയും മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിന്റെ പരാമർശമാണ് സനാതന ധർമ വിവാദത്തിന് കാരണമായത്. സനാതന ധര്‍മ്മം സാമൂഹ്യനീതിക്കും തുല്യതക്കും എതിരാണെന്നും കേവലം എതിര്‍ക്കപ്പെടേണ്ടതല്ല, പൂര്‍ണ്ണമായും നിര്‍മ്മാര്‍ജ്ജനം ചെയ്യേണ്ടതാണ് എന്നുമായിരുന്നു ഉദയനിധിയുടെ പരാമര്‍ശം. സനാതന ധര്‍മ്മം ഡെങ്കിപ്പനിക്കും മലേറിയക്കും സമാനമാണെന്നും ഉദയനിധി സ്റ്റാലിന്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് ഉദയനിധി സ്റ്റാലിനെതിരെ വലിയ പ്രതിഷേധങ്ങളാണ് ഉണ്ടായത്. മന്ത്രിക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഗവർണർ ആർ എൻ രവിക്ക് ബിജെപി കത്തയച്ചിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക