കോഴിക്കോട്: ജില്ലയില്‍ നിപ വ്യാപകമാകാന്‍ കാരണം രോഗബാധ യഥാസമയം സ്ഥിരീകരിക്കാനുണ്ടായ കാലതാമസം. രോഗബാധ നിയന്ത്രിക്കാന്‍ നേരത്തെ നല്കിയ ശാസ്ത്രീയ നിര്‍ദേശങ്ങളും അവഗണിക്കപ്പെട്ടു. ആഗസ്ത് 30 ന് മരിച്ച മരുതോങ്കര കള്ളാട് എടലവത്ത് മുഹമ്മദിന് നിപയുണ്ടാകാമെന്ന് സ്ഥിരീകരിച്ചത് സപ്തം.
11ന് ആയഞ്ചേരി മംഗലാട് അമ്പിളിക്കുന്ന് ഹാരിസ് മരിച്ചതോടെയാണ്. നിപയുടെ ആദ്യ സ്രോതസ്സ് കണ്ടെത്താത്തതുകാരണം രണ്ടുപേരുടെയും പ്രാഥമിക സമ്പര്‍ക്കത്തില്‍പെട്ടവര്‍ക്ക് രോഗലക്ഷണങ്ങള്‍ ആരംഭിച്ചിരുന്നു.
മുഹമ്മദ് കോഴിക്കോട് ഇഖ്റ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. മരിച്ച മുഹമ്മദിന്റെ സമ്പര്‍ക്ക പട്ടികയില്‍ 371 പേരാണുള്ളത്. ഇപ്പോള്‍ ചികിത്സയിലുള്ള ഇദ്ദേഹത്തിന്റെ മകന്റെ സമ്പര്‍ക്കപ്പട്ടിയിലുള്ളത് 60 പേരും.
മുഹമ്മദിന്റെ ഭാര്യാ സഹോദരനുമായി ആദ്യ സമ്പര്‍ക്കത്തില്‍പ്പെട്ടവര്‍ 77 പേരാണ്. ഇക്കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത് ഇഖ്റ ആശുപത്രിയിലെ പാരാമെഡിക്കല്‍ സ്റ്റാഫിനാണ്. മുഹമ്മദിന്റെ മരണമുണ്ടായ ഇഖ്റ ആശുപത്രിയില്‍ നിന്നാണ് രോഗം പടര്‍ന്നത്.
മുഹമ്മദിന്റെ രോഗ കാരണം കണ്ടെത്തുന്നതിലും ശരീരസ്രവങ്ങള്‍ വിശദ പരിശോധനക്ക് അയക്കുന്നതിലും കുറ്റകരമായ വീഴ്ചയുണ്ടായി. സംശയാസ്പദമായ മരണങ്ങളില്‍ സ്രവസാമ്പിളുകള്‍ ശേഖരിക്കുകയും പരിശോധനക്ക് വിധേയമാക്കുകയും വേണമെന്ന് 2018ല്‍ നിപ ബാധ കാലഘട്ടത്തില്‍ കേരളത്തിലെത്തിയ കേന്ദ്രസംഘം നിര്‍ദേശിച്ചിരുന്നു.
ആദ്യ തവണ നിപ ബാധയുണ്ടായ സൂപ്പിക്കടയില്‍ 12 ദിവസം കഴിഞ്ഞാണ് രണ്ടാമത്തെ രോഗിയില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. അന്ന് നിപ രോഗബാധയുടെ അനുഭവമില്ലാത്തതായിരുന്നു കാരണമെങ്കില്‍ നിപയുടെ മൂന്നാം വരവില്‍ അതേ പിഴവ് ആവര്‍ത്തിച്ചു.
സമയബന്ധിതമായി വവ്വാലുകള്‍ക്കിടയില്‍ പരിശോധന ശക്തമാക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു. നിപയുടെ വ്യാപനം വവ്വാലുകളിലൂടെയായിരുന്നുവെന്ന് 2018 ല്‍ ഐസിഎംആര്‍, പൂനെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട് എന്നിവ നടത്തിയ പഠനം വ്യക്തമാക്കിയിരുന്നു.
2018 ല്‍ രോഗം പടര്‍ന്ന് പിടിച്ച മേഖലയില്‍ നിന്ന് വീണ്ടുമുണ്ടായ മരണം ഗൗരവത്തിലെടുക്കാത്തതാണ് നിലവിലെ രോഗവ്യാപ്തിക്ക് കാരണമായത്. രോഗനിര്‍ണയം, ശ്രുശൂഷ, മുന്‍കരുതല്‍ എന്നിവ സംബന്ധിച്ച് 2018 ല്‍ കേന്ദ്രസംഘം നല്കിയ നിര്‍ദേശങ്ങള്‍ അവഗണിക്കപ്പെട്ടു. രോഗനിര്‍ണയത്തിനാവശ്യമായ പരിശോധന കോഴിക്കോട്ട് നടത്താനുള്ള സൗകര്യവും ഇതുവരെ ഒരുക്കിയില്ല.
വവ്വാലുകളെ സ്ഥിരമായി നിരീക്ഷിക്കാന്‍ സര്‍വെയ്ലന്‍സ് സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ആരോഗ്യ സംഘം അന്ന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നുവെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് അഡീഷണല്‍ ഡയറക്ടറും മേഖലാ കേന്ദ്രത്തിന്റെ മേധാവിയുമായിരുന്നു ഡോ. എം.കെ. ഷൗക്കത്തലി പറഞ്ഞു.
രോഗനിര്‍ണയത്തിന് ആധുനിക സംവിധാനത്തോടെയുള്ള ബിഎസ്എല്‍ ലെവല്‍ ലബോറട്ടറി ആരംഭിക്കണമെന്ന് അന്ന് ആവശ്യപ്പെട്ടിരുന്നു. ഡോക്ടര്‍മാര്‍ക്ക് ഇത്തരം രോഗങ്ങള്‍ സംബന്ധിച്ചുള്ള പുതിയ വിവരങ്ങള്‍ എത്തിക്കേണ്ടതുമുണ്ട്. രോഗം വന്ന് ചികിത്സക്ക് തയ്യാറാവുന്നതിന് പകരം രോഗം വരാതെ സൂക്ഷിക്കുന്നതാണ് നല്ലത്, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: