സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഏഴ് വര്‍ഷമായി തുടരുന്ന ഇടതുമുന്നണി ഭരണം ഒരേസമയം സാമ്പത്തിക കെടുകാര്യസ്ഥതയുടെയും, നികുതിപ്പണം കൊള്ളയടിക്കുന്നതിന്റെയും പരമ്പരകള്‍ സൃഷ്ടിക്കുന്നതിന്റെ പുതിയ തെളിവുകള്‍ പുറത്തുവന്നിരിക്കുന്നു. കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ 2022 മാര്‍ച്ച് വരെയുള്ള ഓഡിറ്റ് റിപ്പോര്‍ട്ടിലുള്ളത് ഗുരുതരമായ കണ്ടെത്തലുകളാണ്. നികുതി ചുമത്തുന്നതിലും അവ ഈടാക്കുന്നതിലും കുറ്റകരമായ വീഴ്ച വരുത്തുന്ന ഇടതുമുന്നണി സര്‍ക്കാര്‍ സംസ്ഥാനത്തിന്റെ മൊത്തം വരുമാനത്തിന്റെ കാല്‍ഭാഗവും കുടിശിക വരുത്തിയിരിക്കുകയാണ്. ചരക്കു സേവന നികുതി വകുപ്പ്, മോട്ടോര്‍വാഹന വകുപ്പ്, വൈദ്യുതി വകുപ്പ്, വനംവകുപ്പ് എന്നിങ്ങനെ പ്രധാന റവന്യൂ ശീര്‍ഷകങ്ങളിലായി 28,258 കോടിയി ലേറെ രൂപയാണ് കുടിശിക വരുത്തിയിട്ടുള്ളതെന്നാണ് സിഎജി റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിട്ടുള്ളത്. ട്രാന്‍സ്‌പോര്‍ട്ട് വകുപ്പും എക്‌സൈസ് വകുപ്പും റവന്യൂ വകുപ്പും നികുതി പിരിക്കുന്നതില്‍ വീഴ്ച വരുത്തി സംസ്ഥാന ഖജനാവിന് വന്‍ സാമ്പത്തിക നഷ്ടം സൃഷ്ടിച്ചിരിക്കുകയാണ്. യോഗ്യതയില്ലാത്തവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കിയും സര്‍ക്കാര്‍ സാമ്പത്തിക നഷ്ടം വരുത്തിവയ്‌ക്കുകയാണെന്നും സിഎജി കണ്ടെത്തിയിരിക്കുന്നു. യഥാസമയം കുടിശിക റിപ്പോര്‍ട്ടു ചെയ്യാതെയും, പിരിച്ചെടുക്കല്‍ നടപടി സ്വീകരിക്കാതെയും വിവിധ വകുപ്പുകള്‍ ഗുരുതര വീഴ്ചകളാണ് വരുത്തിയിട്ടുള്ളത്.
ക്ഷേമ പെന്‍ഷനുകള്‍ വിതരണം ചെയ്ത വകയില്‍ 4478 കോടി രൂപയുടെ കണക്കില്ലെന്നും സിഎജി ചൂണ്ടിക്കാട്ടിയിരിക്കുന്നു. 2018 മുതല്‍ 2021 വരെയുള്ള നാല് വര്‍ഷക്കാലം ആകെ ലഭിച്ചതും വിതരണം ചെയ്തതുമായ തുകയിലാണ് ഈ വ്യത്യാസമുള്ളത്. ഇത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നും സിഎജി റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്. സാമൂഹികസുരക്ഷാ പെന്‍ഷന്‍ നല്‍കുന്നതിനുവേണ്ടി ധനവകുപ്പിന്റെ നിയന്ത്രണത്തില്‍ കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡ് എന്ന കമ്പനി രൂപീകരിച്ച് വിവിധ ധനകാര്യ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയില്‍നിന്ന് വായ്പയായും നിക്ഷേപമായും പണം സമാഹരിച്ചിരുന്നു. ഈ പണം വിതരണം ചെയ്തതിലാണ് വലിയ ക്രമക്കേട് കാണിച്ചിരിക്കുന്നത്. ആവശ്യത്തിലധികം കടമെടുക്കുന്ന രീതി അവലംബിക്കുന്ന പിണറായി സര്‍ക്കാര്‍ ക്ഷേമപെന്‍ഷന്‍ വിതരണത്തിന് വേണ്ടിവരുന്ന തുകയെക്കാള്‍ 4000 കോടിയിലേറെ രൂപയാണ് പ്രത്യേക കമ്പനിവഴി വായ്പയെടുത്തത്. ഇത് തെറ്റായി എടുത്തതായി സര്‍ക്കാര്‍തന്നെ സമ്മതിക്കുമ്പോള്‍ ഇതിനു പിന്നിലെ അഴിമതി അന്വേഷിക്കേണ്ടതാണ്. എന്തെങ്കിലും ഒരു വിശദീകരണത്തിലൂടെ അവസാനിപ്പിക്കാവുന്നതല്ല ഇത്. ബെവ്‌കോയില്‍നിന്ന് 1000 കോടി ലഭിച്ചതിന്റെ വിവരങ്ങളോ വിശദീകരണങ്ങളോ ഇല്ലാത്തത് അഴിമതിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
അഴിമതിയും ധൂര്‍ത്തുമാണ് ഒന്നും രണ്ടും പിണറായി സര്‍ക്കാരുകളുടെ മുഖമുദ്ര. അധികാരം ഉപയോഗിച്ച് പകല്‍കൊള്ളയാണ് നടത്തിക്കൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രിയും കുടുംബവും നടത്തുന്ന അഴിമതികളുടെ വിവരങ്ങള്‍ ഒന്നിനു പിറകെ ഒന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. മറ്റു മന്ത്രിമാര്‍ക്കും സിപിഎം നേതാക്കള്‍ക്കും അഴിമതികള്‍ നടത്താനുള്ള ലൈസന്‍സാണിത്. മുന്‍മന്ത്രി എ.സി. മൊയ്തീനും മുന്‍ എംപി: പി.കെ. ബിജുവും കോടികളുടെ അഴിമതി നടത്തിയതായി കണ്ടെത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എടുത്തിരിക്കുന്ന കേസുകള്‍ ഇതിനു തെളിവാണ്. അഴിമതിയുടെ കാര്യത്തില്‍ ആര്‍ക്കും ആരെയും ചോദ്യംചെയ്യാനോ തിരുത്താനോ കഴിയാത്ത അവസ്ഥ സിപിഎമ്മിലും സര്‍ക്കാരിലും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. അഴിമതിയുടെ കാര്യത്തില്‍ മുഖ്യമന്ത്രിയെ ന്യായീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നവര്‍ അതിന്റ പങ്കുപറ്റുന്നവരാണ്. മുഖ്യമന്ത്രിയുടെ കുടുംബത്തെ കേന്ദ്രീകരിച്ച് ഉയര്‍ന്നിട്ടുള്ള അഴിമതിയാരോപണങ്ങള്‍ക്ക് മറുപടിയൊന്നും പറയാനില്ലാത്തതിനാല്‍ അധികാരത്തിന്റെ അഹന്തയില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന കള്ളക്കഥകള്‍ പ്രചരിപ്പിക്കുകയാണ്. ഇ.പി. ജയരാജനെയും എ.കെ. ബാലനെയും പോലുള്ള നേതാക്കള്‍ ഇക്കാര്യത്തില്‍ പരസ്പരം മത്‌സരിക്കുകയും ചെയ്യുന്നു. മടിയില്‍ കനമുള്ള ഈ നേതാക്കള്‍ക്ക് മുഖ്യമന്ത്രിക്കൊപ്പം നിന്നേ മതിയാവൂ. കേന്ദ്ര ഏജന്‍സികള്‍ ഫലപ്രദമായി അനേ്വഷിച്ച് ഇക്കൂട്ടരുടെ കുറ്റകൃത്യങ്ങള്‍ പുറത്തുകൊണ്ടുവരികയും ശിക്ഷിക്കുകയും ചെയ്യുകയെന്നതല്ലാതെ മറ്റൊരു മാര്‍ഗവുമില്ല. നീതിബോധമുള്ള ജനങ്ങള്‍ അതാണ് ആഗ്രഹിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: