ന്യൂദല്‍ഹി: ഭാരതത്തിലെ ഫുട്‌ബോള്‍ ശക്തിപ്പെടാന്‍ ജപ്പാനില്‍ മൂന്ന് പതിറ്റാണ്ട് മുമ്പ് നടപ്പാക്കിയ തന്ത്രമായിരിക്കും നല്ലതെന്ന ലോകം കണ്ട ഏറ്റവും മികച്ച കാല്‍പന്ത് പരിശീലകരില്‍ ഒരാളായ ആഴ്‌സന്‍ വെംഗര്‍. ഫിഫയുടെ ആഗോള ഫുടബോള്‍ വികസന മേധാവി കൂടിയായ അദ്ദേഹം അടുത്ത മാസം ഇന്ത്യ സന്ദര്‍ശിക്കാനിരിക്കുകയാണ്. അതിനു മുന്നോടിയായി എഐഎഫ്എഫിന് അനുവദിച്ച അഭിമുഖത്തിലാണ് തന്റെ വിലപ്പെട്ട അഭിപ്രായങ്ങളും പദ്ധതികളും പങ്കുവച്ചത്.
വളരെ വേഗം ഭാരതത്തിലെ ഫുട്‌ബോള്‍ വികസിക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ തുടങ്ങേണ്ടതുണ്ട്. അതു തന്നെയാണ് പദ്ധതി. അതിനായി എഐഎഫ്എഫുമായി സഹകരിച്ച് കഴിയുന്നതും വേഗത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും വെംഗര്‍ അറിയിച്ചു. എന്തൊക്കെയായിരിക്കും ഇന്ത്യയില്‍ നടപ്പാക്കുകയെന്ന ഏകദേശ പദ്ധതി പങ്കുവയ്‌ക്കാനും വെംഗര്‍ തയ്യാറായി. കഴിവുള്ള കുട്ടികളെ കണ്ടെത്തുകയാണ് ആദ്യ പടി. പിന്നെ അവരില്‍ ഏറ്റവും മികച്ചതില്‍ ഏറ്റവും മികച്ച ഗ്രൂപ്പിനെ കണ്ടെത്തും. തെരഞ്ഞെടുക്കപ്പെടുന്നവരെ ഫുട്‌ബോള്‍ അധിഷ്ഠിതമായ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കി പരിശീലനം ശക്തിപ്പെടുത്തും. ഇത്തരത്തില്‍ രണ്ട് പടവുകളിലൂടെയായിരിക്കും രാജ്യത്തെ ഫുട്‌ബോള്‍ വികസിപ്പിക്കാനുള്ള ആദ്യ പദ്ധതികള്‍ നടപ്പാക്കുക. വേരുമുതല്‍ ഫുട്‌ബോള്‍ ശക്തിപ്പെടുത്താന്‍ ഇതാണ് ഏറ്റവും ഉചിതമായ മാര്‍ഗമെന്ന് വെംഗര്‍ അഭിപ്രായപ്പെട്ടു.
അതിന്റെ ശക്തമായ ഉദാഹരണം ചൂണ്ടിക്കാട്ടിയാണ് ജപ്പാന്റെ മാതൃക വെംഗര്‍ മുന്നോട്ടുവച്ചത്. 1995 കാലഘട്ടത്തില്‍ ജപ്പാനില്‍ ഇത്തരത്തില്‍ ഫുടബോളിനായി നടത്തിയ ശക്തമായ പരിശ്രമത്തിലൂടെയാണ് പില്‍ക്കാലത്ത് ടീമിനെ കരുത്തരാക്കാന്‍ സാധിച്ചത്. കഴിഞ്ഞ കാലഘട്ടങ്ങളില്‍ ജപ്പാന്‍ ലോകകപ്പ് ഫു്ടബോളിലടക്കം സ്ഥിരതയാര്‍ന്ന പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
ഭാരതത്തിലെ ഫുട്‌ബോള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി എഐഎഫ്എഫ് അധ്യക്ഷന്‍ കല്യാന്‍ ചൗബേയും ജനറല്‍ സെക്രട്ടറി ഷാജി പ്രഭാകരനും കഴിഞ്ഞ മാസം വനിതാ ലോകകപ്പ് നടക്കുന്ന വേളയില്‍ സിഡ്‌നിയിലെത്തി ആഴ്‌സന്‍ വെംഗറിനെ കണ്ടിരുന്നു. അന്നത്തെ കുടിക്കാഴ്ചയിലാണ് വംഗറുടെ ഭാരത സന്ദര്‍ശനത്തിന് തീരുമാനമായത്.
140 കോടി ജനതയുള്ള ഇന്ത്യയില്‍ നിന്ന് ഫുട്‌ബോളിന്റെ സ്വര്‍ണ ഖനി തന്നെ ഒരുക്കിയെടുക്കാനാകുമെന്ന് ആഴ്‌സന്‍ വെംഗര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: