ന്യൂദല്‍ഹി: അനന്ത്നാഗിലെ സൈനികരുടെ വീരമൃത്യുവിന്, ഭീകരര്‍ക്ക് ശക്തമായ മറുപടി നല്‍കുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് സിങ് ഠാക്കൂര്‍. മോദി സര്‍ക്കാര്‍ ഭീകരതയ്ക്കെതിരെ കടുത്ത നടപടികളാണ് സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞു. അനന്ത്നാഗില്‍ സംഭവിച്ചത് ദൗര്‍ഭാഗ്യകരവും വളരെ സങ്കടകരവുമാണ്. ഭീകരര്‍ക്ക് തക്കതായ മറുപടി നല്‍കും അദ്ദേഹം പറഞ്ഞു.
അതിര്‍ത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിച്ചില്ലെങ്കില്‍ പാകിസ്ഥാനുമായി ഉഭയകക്ഷി ക്രിക്കറ്റ് മത്സരങ്ങളൊന്നും കളിക്കില്ലെന്നും കായിക വകുപ്പിന്റെ ചുമതലയുള്ള അനുരാഗ് സിങ് ഠാക്കൂര്‍ വ്യക്തമാക്കി. പാകിസ്ഥാനുമായുള്ള ഉഭയകക്ഷി ക്രിക്കറ്റ് ബന്ധം പുനരാരംഭിക്കേണ്ടതില്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് (ബിസിസിഐ) നേരത്തെ തന്നെ തീരുമാനമെടുത്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഭീകരവാദം അവസാനിപ്പിക്കുന്നതുവരെ പാകിസ്ഥാനുമായി ഉഭയകക്ഷി മത്സരങ്ങളൊന്നും കളിക്കേണ്ടെന്ന് ബിസിസിഐ വളരെ മുമ്പ് തന്നെ തീരുമാനിച്ചിരുന്നു. അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങളും നുഴഞ്ഞുകയറ്റവും അവസാനിപ്പിക്കാതെ പാകിസ്ഥാനുമായുള്ള ക്രിക്കറ്റ് ബന്ധം പുനരാരംഭിക്കില്ലെന്നും മുന്‍ ബിസിസിഐ പ്രസിഡന്റ് കൂടിയായ ഠാക്കൂര്‍ പറഞ്ഞു.
2008ല്‍ മുംബൈ ആക്രമണമുണ്ടായപ്പോള്‍ മന്മോഹന്ങിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ നിശബ്ദകാഴ്ചക്കാരായിരിക്കുകയായിരുന്നു. അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിയാല്‍ മാത്രമേ പാകിസ്ഥാനുമായി ഇടപെടലുകള്ക്കുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
2012-13ലാണ് ഇന്ത്യയും പാകിസ്ഥാനും അവസാനമായി ഉഭയകക്ഷി പരമ്പര കളിച്ചത്. അതിനുശേഷം, ഐസിസി ഇവന്റുകളിലും ഏഷ്യാ കപ്പിലും മാത്രമാണ് ഇരുരാജ്യങ്ങളും മുഖാമുഖം വന്നത്. ഉഭയകക്ഷി പരമ്പരയ്ക്കായി ഇന്ത്യ അവസാനമായി പാകിസ്ഥാനില്‍ പര്യടനം നടത്തിയത് 2006 ലാണ്. ഏഷ്യാ കപ്പ് മത്സരങ്ങള്‍ക്കായി ഇന്ത്യ പാകിസ്ഥാനിലേക്ക് പോകില്ലെന്ന് ബിസിസിഐ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: