ന്യൂദല്‍ഹി: പരമ്പരാഗത കരകൗശലവിദഗ്ധര്‍ക്കും ശില്‍പ്പികള്‍ക്കും പിന്തുണ നല്‍കുന്ന ‘പിഎം വിശ്വകര്‍മ’ പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. വിശ്വകര്‍മ ജയന്തി ദിനമായ സപ്തംബര്‍ 17ന് രാവിലെ 11ന് ന്യൂദല്‍ഹിയിലെ ദ്വാരകയിലുള്ള ഇന്ത്യാ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്‌സ്‌പോ സെന്ററില്‍ വച്ചാണ് തുടക്കം കുറിക്കുക.
കരകൗശലവിദഗ്ധരെയും ശില്‍പ്പികളെയും സാമ്പത്തികമായി പിന്തുണയ്‌ക്കുക മാത്രമല്ല, പ്രാദേശിക ഉല്‍പന്നങ്ങള്‍, കല, കരകൗശല വസ്തുക്കള്‍ എന്നിവയിലൂടെ പുരാതന പാരമ്പര്യവും സംസ്‌കാരവും വൈവിധ്യമാര്‍ന്ന പൈതൃകവും സജീവമാക്കി നിലനിര്‍ത്തുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
പിഎം വിശ്വകര്‍മയ്‌ക്ക് 13,000 കോടി രൂപ അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍ പൂര്‍ണ ധനസഹായം നല്‍കും. പദ്ധതി പ്രകാരം, ബയോമെട്രിക് അടിസ്ഥാനമാക്കിയുള്ള പിഎം വിശ്വകര്‍മ പോര്‍ട്ടല്‍ ഉപയോഗിച്ച് പൊതു സേവന കേന്ദ്രങ്ങള്‍ വഴി വിശ്വകര്‍മജര്‍ക്കു സൗജന്യമായി രജിസ്റ്റര്‍ ചെയ്യും.
പിഎം വിശ്വകര്‍മ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ വഴിയുള്ള അംഗീകാരം, അടിസ്ഥാനപരവും നൂതനവുമായ പരിശീലനം ഉള്‍പ്പെടുന്ന നൈപുണ്യ നവീകരണം, ടൂള്‍കിറ്റ് ആനുകൂല്യം 15,000 രൂപ, ഒരുലക്ഷം രൂപ വരെയും (ആദ്യഘട്ടം) രണ്ടു ലക്ഷം രൂപ വരെയും (രണ്ടാം ഗഡു) ഈട് രഹിത വായ്‌പ എന്നിവ ലഭ്യമാക്കും. ഇളവോടെ 5 ശതമാനം പലിശ നിരക്കിലാണ് വായ്‌പ നല്‍കുന്നത്. ഡിജിറ്റല്‍ ഇടപാടുകള്‍ക്കുള്ള പ്രോത്സാഹനവും വിപണന പിന്തുണയും നല്‍കും.
കൈകളും ഉപകരണങ്ങളും ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വിശ്വകര്‍മജരുടെ പരമ്പരാഗത വൈദഗ്ധ്യങ്ങളുടെ ഗുരുശിഷ്യ പാരമ്പര്യം അഥവാ കുടുംബാധിഷ്ഠിത പരിശീലനം ശക്തിപ്പെടുത്താനും പരിപോഷിപ്പിക്കാനും ഈ പദ്ധതി ലക്ഷ്യമിടുന്നു. കരകൗശല വിദഗ്ധരുടെയും ശില്‍പ്പികളുടെയും ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിലും അവ ആഭ്യന്തരവും ആഗോളവുമായ മൂല്യ ശൃംഖലകളുമായി സംയോജിപ്പിച്ചിരിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിലും പിഎം വിശ്വകര്‍മ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു.
ഇന്ത്യയിലുടനീളമുള്ള ഗ്രാമ-നഗര പ്രദേശങ്ങളിലെ കരകൗശല തൊഴിലാളികൾക്കും ശിൽപ്പികൾക്കും ഈ പദ്ധതി പിന്തുണ നൽകും. പതിനെട്ട് പരമ്പരാഗത കരകൗശല മേഖലകൾ പ്രധാനമന്ത്രി വിശ്വകർമയുടെ കീഴിൽ വരും.
ഇതിൽ (i) ആശാരി; (ii) വള്ളം നിർമിക്കുന്നവർ; (iii) ആയുധനിർമാതാവ്; (iv) കൊല്ലൻ; (v) ചുറ്റികയും ഉപകരണങ്ങളും നിർമിക്കുന്നവർ; (vi) താഴ് നിർമിക്കുന്നവർ (vii) സ്വർണപ്പണിക്കാരൻ; (viii) കുശവൻ; (ix) ശിൽപി, കല്ല് കൊത്തുന്നവൻ; (x) ചെരുപ്പുകുത്തി; (xi) കൽപ്പണിക്കാരൻ (രാജ്മിസ്‌ത്രി); (xii) കൊട്ട/പായ/ചൂല് നിർമാതാവ്/കയർ പിരിക്കുന്നവർ; (xiii) പാവ – കളിപ്പാട്ട നിർമാതാക്കൾ (പരമ്പരാഗതം); (xiv) ക്ഷുരകൻ; (xv) ഹാരം/പൂമാല നിർമിക്കുന്നവർ; (xvi) അലക്കുകാരൻ; (xvii) തയ്യൽക്കാരൻ; കൂടാതെ (xviii) മീൻവല നിർമിക്കുന്നവർ എന്നിവർ ഉൾപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: