കൊച്ചി: നിപ ജാഗ്രത തുടരുന്ന സാഹചര്യത്തില്‍ ശബരിമല തീര്‍ഥാടകര്‍ക്കായി ആവശ്യമെങ്കില്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കണമെന്ന് ഹൈക്കോടതി.
കന്നിമാസ പൂജകള്‍ക്കായി ഞായറാഴ്ച നട തുറക്കാനിരിക്കെയാണ് കോടതിയുടെ നിര്‍ദേശം. ഇതുമായി ബന്ധപ്പെട്ട് ആവശ്യമായ കാര്യങ്ങളില്‍ ദേവസ്വം കമ്മീഷണറുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കാനാണ് ആരോഗ്യ സെക്രട്ടറിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. ശബരിമലയില്‍ തീര്‍ഥാടകരുടെ വെര്‍ച്വല്‍ ക്യൂ സംവിധാനത്തില്‍ 34,860 ബുക്കിങ്ങുകളാണ് കന്നിമാസ പൂജകള്‍ക്കായി ഉള്ളത്. കോഴിക്കോട് ജില്ലയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരെ കണ്ടെത്തിയെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ഇതിനിടെ നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോഴിക്കോട്ടെത്തിയ കേന്ദ്രസംഘം പരിശോധന തുടങ്ങി. നിപ ബാധിച്ച് മരണപ്പെട്ട മരുതോങ്കര പഞ്ചായത്തിലെ കള്ളാട് സ്വദേശിയുടെ വീടാണ് സംഘം സന്ദര്‍ശിച്ചത്.
വവ്വാല് സര്‍വേ ടീം അംഗമായ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജി സെന്റര്‍ കേരള യൂണിറ്റിലെ ശാസ്ത്രജ്ഞന് ഡോ. ബാലസുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് കുറ്റിയാടിയിലെത്തിയത്. വീടും പരിസരത്തിനും പുറമെ മരണപ്പെട്ട വ്യക്തിയുടെ ബന്ധുവീടും അദ്ദേഹം പോയിരിക്കാന്‍ സാധ്യതയുള്ള സമീപത്തെ പ്രദേശങ്ങളും സംഘം സന്ദര്‍ശിച്ചു. സമീപത്തുള്ള തറവാട് വീട് സന്ദര്‍ശിച്ച സംഘം മരണപ്പെട്ട വ്യക്തിക്ക് രോഗ ബാധയേല്‍ക്കുന്നതിന് മുമ്പ് അദ്ദേഹം ഏര്‍പ്പെട്ടിരുന്ന ജോലിയും മറ്റ് വിവരങ്ങളും വീട്ടുകാരോട് ചോദിച്ചറിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: