വാരാണസി: ഹിന്ദി ദിവസമായ ഇന്നലെ വാരാണസിയില്‍ ഹിന്ദുസ്ഥാന്‍ സമാചാര്‍ സംഘടിപ്പിച്ച ഭാരതീയ ഭാഷാ സമ്മാന്‍ ദിനത്തില്‍ 15 പ്രാദേശിക ഭാഷാ മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള ബഹുമതി കാഞ്ചി ശങ്കരാചാര്യര്‍ സ്വാമി ജയേന്ദ്ര സരസ്വതി സമ്മാനിച്ചു. കാശി ഗംഗാ തീരത്ത് പ്രത്യേകം തയാറാക്കിയ വേദിയില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ യുപി ഉപമുഖ്യമന്ത്രി കേശവ പ്രസാദ് മൗര്യ മുഖ്യാതിഥിയായിരുന്നു. ചാതുര്‍മാസ്യ വ്രതത്തിന് വാരണാസിയിലുള്ള കാഞ്ചി ആചാര്യന്‍ വിശിഷ്ടാതിഥിയായി മുഖ്യ പ്രഭാഷണവും നടത്തി.
പതിനഞ്ച് പ്രാദേശിക ഭാഷകളിലെ മാധ്യമ രംഗത്ത് മികച്ച സാംസ്‌കാരിക-ധാര്‍മ്മിക-ഭാഷാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെയാണ് സമ്മാനിതരായി തിരഞ്ഞെടുത്തത്. മലയാളത്തില്‍ നിന്ന് ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാറിന് കാഞ്ചി ആചാര്യന്‍ പുരസ്‌കാരം സമ്മാനിച്ചു. പ്രശസ്തിപത്രവും ഓടുകൊണ്ട് തീര്‍ത്ത ശംഖുമാണ് പുരസ്‌കാരം. പ്രമുഖ ബഹുഭാഷാ വാര്‍ത്താ ഏജന്‍സിയായ ഹിന്ദുസ്ഥാന്‍ സമാചാറിന്റെ എഴുപത്തഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായിരുന്നു പരിപാടി.
ധര്‍മ്മം എന്താണെന്ന് വേദങ്ങളും ഉപനിഷത്തും പുരാണങ്ങളും പണ്ടേ പറഞ്ഞു വച്ചിട്ടുണ്ടെന്ന് കാഞ്ചി ആചാര്യന്‍ പ്രഭാഷണത്തില്‍ ഓര്‍മ്മിപ്പിച്ചു. കല, സാഹിത്യം, സംഗീതം തുടങ്ങിയ സംസ്‌കാരങ്ങളിലൂടെ ധര്‍മ്മം പ്രസരിക്കണം. ക്ഷേത്രങ്ങള്‍ അതിനുള്ളതാണ്. സാഹിത്യത്തില്‍ എഴുത്താണ് പ്രധാനം. പറയുന്നതിനേക്കാള്‍ ജാഗ്രത എഴുതുന്നതില്‍ വേണം. വാക്കാണ് മുഖ്യം. ആരെയും ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതാകണം വാക്ക്, കാഞ്ചി ആചാര്യന്‍ പറഞ്ഞു.
വാരാണസിയെന്ന പുണ്യ സംസ്‌കാര നഗരം ഭാരതത്തിന് നല്കുന്ന സന്ദേശം ജി 20 യുടെ വേളയില്‍ ലോകത്തിനും ബോധ്യമായെന്ന് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞു. ഭാരതത്തിന് സംസ്‌കാരഭരിതമായ ഒരു ഭരണകാലമുണ്ടായിരുന്നുവെന്ന് ലോകത്തിന് ബോധ്യപ്പെടുത്താന്‍ ജി 20 ക്ക് കഴിഞ്ഞു. ലോകം ഭരിക്കാന്‍ കഴിവുണ്ടെന്ന് തെളിയിച്ചു. എന്തു വേണമെങ്കിലും പഠിച്ചുകൊള്ളു, പക്ഷേ, ഭാരതത്തെ പഠിക്കാതെ മറ്റെന്തു പഠിച്ചിട്ടും കാര്യമില്ല, മൗര്യ പറഞ്ഞു.
അയോധ്യയിലെ ‘ശ്രീ ഹനുമന്നിവാസ്’ മഠാധിപതി മഹന്ത് ആചാര്യ മിഥിലേഷ് നന്ദിനി ശരണ്‍മഹാരാജ്, മുതിര്‍ന്ന ആര്‍എസ്എ് പ്രചാരകും ഹിന്ദുസ്ഥാന്‍ സമാചാര്‍ മുന്‍ രക്ഷാധികാരിയുമായ ലക്ഷ്മി നാരായണ്‍ ഫാല ഹിന്ദുസ്ഥാന്‍ സമാചാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ അരവിന്ദ് ഫാല്‍ചന്ദ്ര മര്‍ദികര്‍, അതിഥികളെ ഹിന്ദുസ്ഥാന്‍ സമാചാര്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം പ്രദീപ് മഥോക് ബാബ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: