കോഴിക്കോട്: നിപ വൈറസ് സ്ഥിരീകരിച്ച വ്യക്തികളുടെ സമ്പർക്കപ്പട്ടിക മൊബൈൽ ലൊക്കേഷനിലൂടെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ച് ആരോഗ്യ വകുപ്പ്. ഹൈ റിസ്‌ക് സമ്പർക്ക പട്ടികയിലുള്ള 15 പേരുടെ സാമ്പിളുകൾ ഇതിനോടകം പരിശോധനയ്‌ക്കായി അയച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്ന് നിർദ്ദേശമുണ്ട്. ജില്ലയിൽ എൻഐവി പൂനെയുടെ മൊബൈൽ ടീം സജ്ജമായി കഴിഞ്ഞു. ഇതിന് പുറമെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയുടെ മൊബൈൽ ടീമും എത്തിയിട്ടുണ്ട്.
ജില്ലയിൽ കേസുകൾ വർദ്ധിക്കുന്ന സാഹചര്യം ഉണ്ടാകുകയാണെങ്കിൽ പ്ലാൻ ബിയുടെ ഭാഗമായി സ്വകാര്യ ആശുപത്രികളിൽ ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കിയിട്ടുണ്ട്. മരുന്നും സുരക്ഷാ സാമഗ്രികളും അധികമായി ഉറപ്പ് വരുത്തുന്നതിന് കെഎംഎസ്‌സിഎല്ലിന് ആരോഗ്യ വകുപ്പ് മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. നിപ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി കോഴിക്കോട് ഇന്ന് ഉന്നതതല യോഗം ചേരും.
ജില്ലയിലെത്തിയ കേന്ദ്ര സംഘം രോഗബാധിത മേഖലകളിൽ സന്ദർശനം നടത്തും. കോഴിക്കോട് മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് സ്ഥാപിച്ച മൊബൈൽ വൈറോളജി ലാബിന്റെ പ്രവർത്തനം ഇന്ന് ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: