തിരുവനന്തപുരം: മതതീവ്രവാദികളെ സന്തോഷിപ്പിക്കാന്‍ സംസ്ഥാന സിനിമാ അവാര്‍ഡ് വിതരണ വേളയിലും മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമം.
53-ാ മത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണം ഉദ്ഘാടനം ചെയ്യവേ ‘കേരള സ്റ്റോറി’യെയും ‘കാശ്മീര്‍ ഫയല്‍സി’നെയും രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് മുഖ്യമന്ത്രി മതതീവ്രവാദികളുടെ കൈയടി നേടാന്‍ ശ്രമം നടത്തിയത്.
കേരളത്തിന്റെ കഥ എന്ന് പറഞ്ഞ് ഒരു സിനിമ പ്രചരിപ്പിച്ചു. കേരളത്തിന്റെ മതനിരപേക്ഷതയെ തകര്‍ക്കാനും ലൗ ജിഹാദിന്റെ നാടാണ് ഇതെന്നു വരുത്തി തീര്‍ക്കാനുമുള്ള ശ്രമമായിരുന്നു അത്. കേരളത്തെ ലോകത്തിനു മുന്‍പില്‍ കരിവാരിത്തേച്ച സിനിമയാണത്. ഇതിനെ സിനിമയെന്ന് എങ്ങനെ വിശേഷിപ്പിക്കാനാവുമെന്നും മുഖ്യമന്ത്രി ചോദിച്ചു.
ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. ദേശീയതലത്തിലും തിന്മപ്രചരിപ്പിക്കാന്‍ ശ്രമം നടക്കുന്നു. അതിനാല്‍ കേരളത്തിന്റെ മികച്ച പ്രതിച്ഛായയെ ലോകമൊട്ടാകെയെത്തിക്കാന്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ മുന്നോട്ടുവരണം. നാടിനെയും കാലഘട്ടത്തിനെയും മുന്നോട്ട് നയിക്കുന്നതാണ് സിനിമകള്‍. എം.ടിയുടെ ‘നിര്‍മാല്യം’ പോലുള്ള സിനിമകള്‍ അത്തരത്തിലുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
കനകക്കുന്ന് നിശാഗന്ധി ആഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്‌കാരിക മന്ത്രി സജി ചെറിയാന്‍, മന്ത്രി വി. ശിവന്‍കുട്ടി, വി.കെ. പ്രശാന്ത് എംഎല്‍എ, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു. സംവിധായകന്‍ ടി.വി. ചന്ദ്രന് അഞ്ചു ലക്ഷം രൂപയും ശില്പവും അടങ്ങുന്ന ജെ.സി. ഡാനിയല്‍ പുരസ്‌കാരം മുഖ്യമന്ത്രി സമ്മാനിച്ചു.
രണ്ടു ലക്ഷം രൂപയും ശില്പവുമടങ്ങുന്ന ടിവി ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് സംവിധായകന്‍ ശ്യാമപ്രസാദ് ഏറ്റുവാങ്ങി. വ്യക്തിപരമായ കാരണങ്ങളാല്‍ മികച്ച നടനുള്ള പുരസ്‌കാരം ഏറ്റുവാങ്ങാന്‍ മമ്മൂട്ടി എത്താത്തതിനാല്‍ ലിജോ ജോസ് പെല്ലിശേരി ആണ് അവാര്‍ഡ് ഏറ്റുവാങ്ങിയത്. വിന്‍സി അലോഷ്യസ്, മഹേഷ് നാരായണന്‍, കുഞ്ചാക്കോ ബോബന്‍, അലന്‍സിയര്‍, എം. ജയചന്ദ്രന്‍ തുടങ്ങിയവരും മുഖ്യമന്ത്രിയില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: