തിരുവനന്തപുരം: സെപ്റ്റംബറോടെ മഴ എത്തിയപ്പോൾ കാലവർഷം വൈകിയെത്തിയെന്ന പ്രതീക്ഷയിലായിരുന്നു സംസ്ഥാനം. എന്നാൽ കാര്യമായ തോതിൽ മഴ ശക്തമാകാത്തതിനാൽ തന്നെ ആശങ്ക വർദ്ധിച്ചിരിക്കുകയാണ്. നിരവധി തവണ ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന തരത്തിൽ കാലാവസ്ഥാ കേന്ദ്രത്തിൽ നിന്നും മുന്നറിയിപ്പ് ലഭിച്ചിരുന്നെങ്കിലും നേരിയ തോതിലുള്ള മഴ മാത്രമാണ് ലഭിച്ചത്.
ചക്രവാതച്ചുഴിയും ന്യൂനമർദ്ദവും മഴ ശക്തമാകുമെന്ന സൂചനകൾ നൽകിയിരുന്നെങ്കിലും കാര്യമായ മഴ ലഭിച്ചില്ല. സംസ്ഥാനത്തിന് വീണ്ടും പ്രതീക്ഷ നൽകി ചക്രവാതചുഴിയും ന്യൂനമർദ്ദവും രൂപപ്പെട്ടിട്ടുണ്ട്. കാലാവസ്ഥ വകുപ്പിൻറെ ഏറ്റവും ഒടുവിലത്തെ പ്രവചനമനുസരിച്ച് വരും ദിവസങ്ങളിൽ കേരളത്തിൽ മിതമായ തോതിൽ മഴ ലഭിക്കുമെന്നാണ് സൂചന.
തെക്ക് പടിഞ്ഞാറൻ ഉത്തർപ്രദേശിന് മുകളിലായാണ് നിലവിൽ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നത്. ഇതിനോടനുബന്ധിച്ച് ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദവും രൂപപ്പെട്ടിട്ടുണ്ട്. മധ്യ വടക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂന മർദം 24 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിച്ച് തെക്കൻ ഒഡിഷ – വടക്കൻ ആന്ധ്രാ തീരത്തേക്ക് നീങ്ങാൻ സാധ്യതയെന്നാണ് ഇന്നലെ കാലാവസ്ഥ വകുപ്പ് പറഞ്ഞത്. ഈ സാഹചര്യത്തിൽ കേരളത്തിൽ അടുത്ത 5 ദിവസം മിതമായ/ ഇടത്തരം രീതിയിലുള്ള മഴ തുടരാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. മഴ സാധ്യതയുണ്ടെങ്കിലും കേരളത്തിലെ ഒരു ജില്ലയിലും ഇന്ന് പ്രത്യേക മുന്നറിയിപ്പുകളായ യെല്ലോ, ഓറഞ്ച്, റെഡ് അലർട്ടുകൾ ഒന്നും തന്നെയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: