പി.എസ്.ശ്രീധരന്‍പിള്ള
ഗോവ ഗവര്‍ണര്‍
ഒരു പ്രസ്ഥാനത്തിന്റെ ചൂടും ചൂരും ആത്മാവില്‍ ഏറ്റുവാങ്ങിയ ധന്യനായ ഒരു മനുഷ്യന് കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു. അവസാനം വരെ ആ പ്രസ്ഥാനത്തിന്റെ ഊഷ്മളമായ സംസ്കാരത്തിന്റെ മടിത്തട്ടിലായിരുന്നു പി.പി. മുകുന്ദനെന്ന് നിസ്സംശയം പറയാം. എങ്ങനെയായിരിക്കണം താന്‍ വിശ്വസിച്ച പ്രസ്ഥാനത്തെ നെഞ്ചേറ്റേണ്ടെതെന്നതിനെക്കുറിച്ച് തികഞ്ഞ ബോധ്യമുള്ള വ്യക്തിയായിരുന്നു അദ്ദേഹം. ”ശക്തമായ ഒരാശയത്തെ പ്രതിനിധീകരിക്കുന്നിടത്തോളംകാലം മനുഷ്യര്‍ ശക്തരാണ്” എന്ന സിഗ്മണ്ട് ഫ്രോയിഡിന്റെ വാക്യമാണ് മുകുന്ദേട്ടന്റെയും സഹപ്രവര്‍ത്തകരുടെയും ആധാരശിലയെന്ന് വിലയിരുത്താവുന്നതാണ്.
സംസ്കാരത്തിന്റെ തെളിമയും വിശുദ്ധിയും നിലനിര്‍ത്തുന്നതില്‍ ദത്തശ്രദ്ധനായ മുകുന്ദേട്ടന് ഒട്ടേറെ പ്രവര്‍ത്തകരെ ആ വഴിയിലേക്ക് കൈപിടിച്ചുകൊണ്ടുവന്നു. അദ്ദേഹത്തിന്റെ ജീവിതരീതിതന്നെ സംഘപ്രസ്ഥാനത്തിന്റേതായിരുന്നു. കേരളത്തിന്റെ ഗ്രാമഗ്രാമാന്തരങ്ങളില്‍ രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ സന്ദേശം പടര്‍ത്തുന്നതിനായി ഇറങ്ങിത്തിരിച്ച മുകുന്ദേട്ടന് അക്കാര്യത്തില്‍ പൂര്‍ണ്ണവിജയം നേടിയിരുന്നു എന്നതിന്റെ ദൃഷ്ടാന്തമാണ് സംഘത്തിന്റെ ഇന്നത്തെ വ്യാപനവും പ്രഭാവവും. സംഘത്തിന്റെ അനുശാസനാബദ്ധമായ രീതികളെ സ്വതസിദ്ധമായി മനോവികാരത്തോടെ അവതരിപ്പിക്കുന്ന അദ്ദേഹത്തിന്റെ രീതി എവര്‍ക്കും ഹൃദ്യമായിരുന്നു. വളച്ചുകെട്ടില്ലാതെ കാര്യങ്ങള്‍ വിശദീകരിക്കുകയും അയത്നലളിതമായി അതെങ്ങനെ ഫലപ്രാപ്തിയിലെത്തിക്കാമെന്ന് ചൂണ്ടിക്കാണിച്ചുകൊടുക്കുകയും ചെയ്യുന്ന ശൈലിക്കുടമയായിരുന്നു അദ്ദേഹം.
ഇടപഴകുന്നതില്‍ അങ്ങേയറ്റം കണിശതയും സൂക്ഷ്മതയും നിലനിര്‍ത്തിപ്പോരുന്ന സ്വഭാവവിശേഷമമായിരുന്നു മുകുന്ദേട്ടന്റേത്. അത് ചിലപ്പോള്‍ പലര്‍ക്കും അസ്വസ്ഥതയുണ്ടാക്കുമെങ്കിലും ഒടുവില്‍ വല്ലാത്ത ആത്മസംതൃപ്തിയിലെത്തുകയും ചെയ്യുമായിരുന്നു. ആര്‍എസ്എസ്സിന്റെ പ്രവര്‍ത്തനം ഒരു പ്രത്യേക സംവിധാനമായി കണ്ട് മുന്നേറുന്ന രീതിക്കുപകരം ഓരോ പ്രവര്‍ത്തകനെയും അവന്റെ സവിശേഷതകളേയും കണക്കിലെടുത്ത് സംഘടനയ്ക്കു മുതല്‍ക്കൂട്ടാക്കി മാറ്റുക എന്നതിന് അദ്ദേഹം പ്രാധാന്യം നല്‍കിയിരുന്നു. താന്‍ തന്നെ സംഘമാണെന്നും സംഘത്തിന്റെ സംസ്കാരത്തില്‍ താന്‍ സ്വയം ലയിച്ചുചേര്‍ന്നുവെന്നും വിശ്വസിച്ചായിരുന്നു അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. സദാസമയവും സംഘടനയുടെ ഉയര്‍ച്ചയ്ക്കും ഉണര്‍വിനുമായി ജീവിതം മാറ്റിവെച്ചു അദ്ദേഹം.
ഓരോ വ്യക്തിയുടെയും സ്വഭാവവിശേഷങ്ങള്‍ മനസ്സിലാക്കി അയാളെ സംഘത്തിന്റെ സര്‍വ്വതലങ്ങളിലേക്കും സന്നിവേശിപ്പിക്കാന്‍ കഴിയുമെന്ന് അദ്ദേഹം കണക്കുകൂട്ടി. മേധാശക്തിയും ആത്മവിശ്വാസവും പൗരുഷവും തികഞ്ഞ ഒരു വ്യക്തിത്വം മുകുന്ദേട്ടന്റെ പ്രത്യേകതയായിരുന്നു.
സാംസ്കാരിക തലത്തിലും രാഷ്ട്രീയ-സാമൂഹിക തലത്തിലും വേറിട്ട ഒരു വ്യക്തിത്വമായാണ് മുകുന്ദേട്ടനെ ഞാന്‍ നോക്കിക്കണ്ടത്. രാഷ്ട്രീയ മേഖലയിലേക്ക് അദ്ദേഹം നിയോഗിക്കപ്പെട്ടതിനു മുമ്പുതന്നെ അദ്ദേഹവുമായി അടുപ്പമുണ്ട്. തന്റെ നിലപാടുകള്‍ കൃത്യമായി അവതരിപ്പിക്കാനുള്ള ചാതുര്യമാര്‍ന്ന ഒരു രീതി അദ്ദേഹത്തിന് വശംവദമായിരുന്നു. ഒരു പക്ഷേ, വിജയകരമായ പ്രവര്‍ത്തനത്തിന്റെ ആണിക്കല്ല് അതാവുമെന്നാണ് എന്റെ പക്ഷം.
ജന്മഭൂമി പത്രത്തിന്റെ സാരഥ്യം ഏറ്റെടുത്ത് സ്തുത്യര്‍ഹമായ തരത്തില്‍ മുകുന്ദേട്ടന് കൊണ്ടുപോകാന്‍ കഴിഞ്ഞതിന് പിന്നില്‍ ആര്‍ജിതമായ സംസ്കാരത്തിന്റെ കൈത്താങ്ങുണ്ടായിരുന്നു. തിരിച്ചുവരാന്‍ കഴിയാത്ത തരത്തില്‍ ജന്മഭൂമിക്ക് പ്രതിസന്ധിയുണ്ടായപ്പോള്‍ അത്ഭുതകരമായ രീതിയില്‍ ഉയര്ത്തെഴുന്നേല്ക്കാന് ഇടവന്നത് മുകുന്ദേട്ടന്റെ വ്യക്തിപ്രഭാവം കൊണ്ടാണ്. ഞാന്‍ ജന്മഭൂമിയുടെ മാനേജിങ് എഡിറ്ററായി പ്രവര്‍ത്തിച്ച കാലഘട്ടത്തില്‍ മുകുന്ദേട്ടന് മാതൃകാ പ്രചരണാലയത്തിന്റെ എംഡിയായിരുന്നു.
സംഘപ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ കഠിനകണ്ടകാകീര്‍ണമായ വഴികള്‍ നടന്നുതീര്‍ക്കുമ്പോള്‍ സ്വന്തം നേട്ടം ഒരിക്കലും അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല. അവശനായ അവസ്ഥയിലും നിരാലംബരും നിസ്സഹായരുമായ പ്രവര്ത്തകന്മാരെ ഓര്‍മിച്ച് അവരെ സഹായിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ മുകുന്ദേട്ടന് കണ്ടെത്തിയിരുന്നു എന്നത് വിസ്മയാവഹമായേ ഓര്‍ക്കാനാവൂ. ഓര്‍മകളില്‍ ജ്വലിക്കുന്ന വ്യക്തിത്വത്തിന്റെ ഉടമയായ മുകുന്ദേട്ടന് അഗ്നിനാളങ്ങളില്‍ വിലയം പ്രാപിക്കുമ്പോള്‍ സംഘപ്രസ്ഥാനങ്ങളുടെ ശോഭ ജ്വലിച്ചു നില്ക്കുന്നു എന്ന് ആദരവോടെ സൂചിപ്പിക്കട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: