പി.എസ്. മോഹനന്, കൊട്ടിയൂര്‍
ക്ഷേത്രഗ്രാമമായ മണത്തണയിലെ ക്ഷേത്രങ്ങള്‍ക്ക് പുത്തനുണര്‍വ്വ് നല്‍കിക്കൊണ്ട് പൊ
തുരംഗത്തേക്ക് ചുവടുവെച്ച വ്യക്തിത്വമാണ് മുകുന്ദേട്ടന്റേത്. ശക്തിദേവതയുടെ വിഹാരകേന്ദ്രമായ മണത്തണ ശ്രീചപ്പാരം ക്ഷേത്രത്തില്‍ ഉദ്ദേശം അരനൂറ്റാണ്ടുകളായി നടന്നുവരുന്ന വിപുലമായ നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത് മുകുന്ദേട്ടന് ജനറല്‍ കണ്‍വീനറായ ആഘോഷകമ്മറ്റിയാണ്.
കേരളത്തിലങ്ങോളമിങ്ങോളമുള്ള ഹിന്ദുധര്മ്മശാസ്ത്രപണ്ഡിതരെ ചപ്പാരം ക്ഷേത്രവേദിയിലെത്തിക്കാന് മുകുന്ദേട്ടന് ശ്രദ്ധിച്ചു. ചപ്പാരം ക്ഷേത്രപൂജകനായിരുന്ന പ്രഗത്ഭതാന്ത്രികാചാര്യന് ദാരപ്പശ്ശാരുടെ ശിഷ്യനായി ശക്തിസാധനാപഥത്തിലേക്കും പ്രവേശിച്ചു. തന്ത്രശാസ്ത്രപണ്ഡിതനായ മാധവജിയും ചപ്പാരം ക്ഷേത്രവും ദാരപ്പശ്ശാരുമായുള്ള സമ്പര്‍ക്കം കേരളത്തിലെ ആദ്ധ്യാത്മിക മണ്ഡലത്തിലുണ്ടാക്കിയ സ്വാധീനം ഗണ്യമായിരുന്നു.
മുകുന്ദേട്ടന്റെ തറവാട് ക്ഷേത്രമായ മണത്തണ കുളങ്ങരേത്ത് പള്ളിയറ ഭഗവതിക്ഷേത്രത്തിന്റെ നവീകരണത്തിലും പില്ക്കാലത്ത് അദ്ദേഹം ബദ്ധശ്രദ്ധനായി. ഇവിടെ പ്രശസ്തഗായകന് യേശുദാസ് നാടിന് സമര്‍പ്പിച്ച ധ്യാനമണ്ഡപം വിദൂരദേശങ്ങളിലെ ഭക്തന്മാരെകൂടി ആകര്‍ഷിച്ചുവരുന്നു. കലാസാംസ്കാരിക സാഹിത്യ മണ്ഡലങ്ങളിലുള്ള പ്രഗത്ഭ വ്യക്തിത്വങ്ങളെ ഈ കൊച്ചുഗ്രാമ ക്ഷേത്രവേദിയില്‍ അണിനിരത്തി.
ഉത്തരകേരളത്തിലെ പ്രമുഖതീര്‍ത്ഥാടനകേന്ദ്രമായ ശ്രീ കൊട്ടിയൂര്‍ ക്ഷേത്രത്തിലെ ഒന്നാം ഊരാള കുടുംബാംഗമായ മുകുന്ദേട്ടന് ക്ഷേത്രകാര്യങ്ങളിലും സജീവശ്രദ്ധ ചെലുത്തി വന്നിരുന്നു. അടക്കാത്തോട് പള്ളിയറ ക്ഷേത്രം ഉള്‍പ്പെടെ മലയോരമേഖലയിലെ നിരവധി ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തില്‍ മുകുന്ദേട്ടന്റെ മാര്‍ഗ്ഗദര്‍ശനം ഉണ്ടായി. പേരാവൂര്‍ മേഖലാ ക്ഷേത്ര കൂട്ടായ്മപ്രവര്ത്തകര്ക്കും മാര്‍ഗ്ഗദര്‍ശനം നല്കിവന്നു.
ചെന്നൈയിലും തിരുവനന്തപുരത്തും തൃശ്ശൂരും കൊച്ചിയിലും കേന്ദ്രീകരിച്ച് സംസ്ഥാന ദേശീയ രാഷ്ട്രീയത്തിലെ ഗതിവിഗതികളെ നിയന്ത്രിക്കുമ്പോഴും സ്വന്തം ഗ്രാമമായ മണത്തണയിലെ രാമായണ സത്സംഗത്തിലും കേളകത്തെ എസ്എന്‍ഡിപി കുടുംബസംഗമത്തിലും കൊട്ടിയൂരിലെ ശബരിമല ആചാരസംരക്ഷണ കൂട്ടായ്മയിലും പങ്കെടുക്കാന്‍ മുകുന്ദേട്ടന് സമയം കണ്ടെത്തി.
തര്‍ക്കവിഷയങ്ങളില്‍ കക്ഷിചേരുമ്പോള്‍ സാമൂഹ്യപ്രവര്‍ത്തകര്‍ പക്ഷഭേദം ഇല്ലാത്തവരാവണമെന്നതായിരുന്നു മുകുന്ദേട്ടന്റെ മാര്‍ഗ്ഗനിര്‍ദ്ദേശം. കൊട്ടിയൂരില്‍ എച്ച്ഐവി ബാധിതവിദ്യാര്ത്ഥികള്ക്ക് സാമൂഹ്യവിലക്കുണ്ടായപ്പോള് ഡോ. ബി. ഇക്ബാല്‍ ഉള്‍പ്പെടെയുള്ള ശാസ്ത്രപ്രചാരകന്മാരെപ്പോലും അഭ്യസ്തവിദ്യരടക്കമുള്ള സമൂഹം തള്ളിപ്പറഞ്ഞപ്പോള്‍ പബ്ലിക് ട്രെന്‍ഡ് മാറ്റിയെടുക്കാന്‍ നടന് സുരേഷ്ഗോപിയെ കൊട്ടിയൂരിലേക്കയച്ച മുകുന്ദേട്ടന് സമൂഹമനസ്സിന്റെ മര്‍മ്മം ഗ്രഹിച്ച സംഘാടക പ്രതിഭയായിരുന്നുവെന്ന് നിസ്സംശയം മനസ്സിലാക്കാം.
അധികാരവും ജനപിന്തുണയുമില്ലാത്ത പശ്ചാത്തലത്തില്‍ ഒരു പ്രസ്ഥാനത്തെ കെട്ടിപ്പടുത്ത അന്യാദൃശനായ സംഘാടകനെയാണ് ദക്ഷിണഭാരതത്തിന് മുകുന്ദേട്ടന്റെ ദേഹവിയോഗത്തോടെ നഷ്ടമാവുന്നത്.
കൊട്ടിയൂരും മണത്തണയുമുള്പ്പെടുന്ന കണ്ണൂര്‍ ജില്ലയിലെ മലയോരഗ്രാമങ്ങളെ സംബന്ധിച്ചാകട്ടെ തങ്ങളുടെ സ്വന്തമായ തലയെടുപ്പുള്ള സ്വകാര്യ അഭിമാനമായ ദേശീയനേതാവ് ഇനിയില്ല. അതുല്യമായ ആജ്ഞാശക്തിയോടെ രാഷ്ട്രീയ എതിരാളികളുടെ പോലും ആദരവ് ഏറ്റുവാങ്ങിയ പുഞ്ചിരിയോടെ പ്രതികൂല സാഹചര്യങ്ങളെ അഭിമുഖീകരിച്ച ആത്മവിശ്വാസമാണ് വിജയത്തിന്റെ അടിസ്ഥാനമെന്ന് ഉപദേശിച്ച പി.പി. മുകുന്ദേട്ടന് ചരിത്രത്തിന്റെ ഭാഗമായി മാറി…പ്രണാമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: