ന്യൂദല്‍ഹി: അല്‍-ഖ്വയ്ദ ഭീകരന്റെ വീട് എന്‍ഐഎ കണ്ടുകെട്ടി. ഭീകരാക്രമണങ്ങള്‍ നടത്താനുള്ള തയാറെടുപ്പുകള്‍ക്കായി ഉപയോഗിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അല്‍-ഖ്വയ്ദ ഭീകരന്‍ മിന്‍ഹാജ് അഹമ്മദിന്റെ ഉത്തര്‍പ്രദേശിലെ വീട് എന്‍ഐഎ കണ്ടുകെട്ടിയത്. ദുബാഗ റിങ് റോഡ് അദ്‌നന്‍പള്ളിയിലെ 602/400 വീടാണ് എന്‍ഐഎ കണ്ടുകെട്ടിയത്.
മിന്‍ഹാജ് വീട്ടില്‍വച്ച് ഒരു സാമ്പിള്‍ ഐഇഡി തയാറാക്കുകയും നിയന്ത്രിത സ്ഫോടനം നടത്തിയതായും എന്‍ഐഎ കണ്ടെത്തിയിരുന്നു. മറ്റൊരു നിരോധിത ഭീകര സംഘടനയിലെ ആദില്‍ നബി തെലി എന്ന മൂസയുമായി ചേര്‍ന്നായിരുന്നു ഇയാളുടെ പ്രവര്‍ത്തനം. 2022 മാര്‍ച്ച് 16ന് സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ മൂസ കൊല്ലപ്പെട്ടിരുന്നു. അല്‍ഖ്വയ്ദയിലേക്കുള്ള റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട കേസില്‍ എന്‍ഐഎ നടത്തിയ അന്വേഷണങ്ങളിലാണ് മൂസയും മിന്‍ഹാജും തമ്മില്‍ ബന്ധമുണ്ടെന്ന് കണ്ടെത്തിയത്. കശ്മീരില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് മിന്‍ഹാജ് കൂട്ടുപ്രതികള്‍ക്ക് ഫണ്ട് നല്കിയതായും എന്‍ഐഎ കണ്ടെത്തി.
മിന്‍ഹാജ് ഐഇഡി നിര്‍മ്മിച്ചതിന്റെയും നിയന്ത്രിത സ്ഫോടനത്തിന്റെയും വീഡിയോ റെക്കോര്‍ഡു ചെയ്ത് മൂസയ്‌ക്ക് അയച്ചിരുന്നു. പെട്രോള്‍ബോംബ് നിര്‍മ്മിച്ചതിന്റെ വീഡിയോയും മൂസയ്‌ക്ക് അയച്ചിരുന്നു. മിന്‍ഹാജ് അഹമ്മദ് തോക്കും മറ്റു സ്ഫോടന വസ്തുക്കളും വീടിന്റെ ഒന്നാം നിലയിലെ തന്റെ മുറിയില്‍ ഒളിപ്പിക്കുകയും ചെയ്തിരുന്നു. തീവ്രവാദ വിരുദ്ധ സേന 2021 ജൂലൈ 11ന് രജിസ്റ്റര്‍ ചെയ്ത കേസ് ജൂലൈ 29ന് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു. ഇതുവരെ ആറ് പ്രതികളെ എന്‍ഐഎ അറസ്റ്റ് ചെയ്യുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: