(വീതഹവ്യോപാഖ്യാനം തുടര്‍ച്ച)
രാമചന്ദ്ര! സ്ഥൂലസൂക്ഷ്മങ്ങളായി ബാഹ്യാഭ്യന്തരങ്ങളായി സങ്കല്പങ്ങളായി വന്നവകളായ, മൂന്നുലോകത്തുമുള്ള സര്‍വഭാവങ്ങളെയും മാന്യനായ ആ മാമുനി ത്യജിച്ചു. പ്രണവാവസാനമായി നീണ്ടതായ നല്ല ധ്വനിയാകുന്ന സൂത്രത്തോടുമൊന്നിച്ച് ആ മഹായശയന് ഇന്ദ്രിയവിഷയങ്ങളെ കാറ്റ് ഗന്ധത്തെയന്നപോല് ഉപേക്ഷിച്ചു. ആകാശത്തിലെന്നതുപോലെ പ്രതിഭാതമായീടും തമോമാത്രത്തെ അനന്തരം ഉള്ളില്‍ ഉദിക്കുന്ന അല്പകോപത്തെ ബുദ്ധിമാനെന്നപോലെ പെട്ടെന്നു നീക്കി. പിന്നെ ഉണ്ടായിരുന്ന തേജസ്സിനെയും നന്നായി വിചാരിച്ചു പെട്ടെന്നു നീക്കി. ഇരുട്ടും പ്രകാശവും രണ്ടും ഇല്ലാതെകണ്ട് എപ്പോഴും ചമഞ്ഞു. ത്രിഗുണാതീതയായീടുന്ന അവസ്ഥയെ നന്നായി മനസാ സംപ്രാപിച്ച് ആ മനസ്സിനെ ശുദ്ധമായ പുല്ലിനെയെന്നപോലെ ആ മുനീശ്വരന്‍ നിമിഷാര്‍ദ്ധംകൊണ്ടു നശിപ്പിച്ചു. അപ്പോള്‍ പിറന്ന കുട്ടിക്കുണ്ടാകുന്ന അറിവിനോടൊപ്പമായി സ്വച്ഛമായി നല്ലവണ്ണം വിളങ്ങുന്ന ജ്ഞാനമാര്ന്ന് ഉടനെ കാറ്റ് സ്പന്ദത്തെയെന്നപോലെ കാല്നിമിഷംകൊണ്ട് ചേത്യദശയെ കൈവെടിഞ്ഞു. പിന്നെ ചിത്സാമാന്യത്തെ പ്രാപിച്ചാല്‍, സത്താമാത്രംതന്നെ സ്വരൂപമായി ജാഗ്രത്തില്‍ സുഷുപ്തിയായി, മുനിനായകനൊരു കമ്പമെന്നിയേ പര്വതമെന്നപോലെ വാണു. നന്നായി സ്ഥൈര്യമാര്ന്ന് ജാഗ്രത്തില്‍ സുഷുപ്തിതന്നെ തുര്യരൂപത്തെ പ്രാപിച്ചു. ആ അവസ്ഥയില്‍ നിരാനന്ദനും സാനന്ദനുമായി ആ മുനി സത്തും അസത്തുമായിത്തീര്ന്നു. ചിന്മയനായി അചിന്മയനായി ചൊല്ലത്തക്കതൊന്നും അല്ലാതെയായി ആ മുനി മന്നിടത്തിങ്കലുള്ള ശൂന്യവാദികള്ക്കൊക്കെ ശൂന്യമായി, ബ്രഹ്മവിത്തുകള്ക്കൊക്കെ ബ്രഹ്മമായി, സുമതേ! വിജ്ഞാനമെന്ന് ഓതീടുന്നവര്ക്കെല്ലാം അമലാസ്പദമായ വിജ്ഞാനമാത്രമായി, സാംഖ്യദൃഷ്ടികളായോര്ക്കൊക്കെയും പുരുഷനായി, ഉന്നതരായ യോഗവാദികള്ക്ക് ഈശ്വരനായി, കാലൈകവാദികളായോര്ക്കെല്ലാം കാലനായി, ശൈവന്മാരായോര്ക്കെല്ലാം ശിവനായി, മാദ്ധ്യമികര്ക്കു മദ്ധ്യമായി, സമചിത്തന്മാര്ക്ക് സര്‍വവുമായി, അല്പവും വാക്കിന് എത്തീടാത്തതായീടും പരമാത്മസ്വരൂപനായി വീതഹവ്യന്‍ ഭവിച്ചു.
രാമ! സര്വശാസ്ത്രസിദ്ധാന്തം യാതൊന്നാകുന്നു, സര്വഹൃദയാനുരാഗം യാതൊന്നാകുന്നു, സര്‍വഗം സര്‍വ്വം യാതൊന്നാകുന്നു, യാതൊന്നുതന്നെ സര്‍വ്വം ആ വസ്തുവായിത്തീര്ന്ന് ആ മഹാശയന് വാണു. വളരെ നിശ്ചലമായീടുന്നതു യാതൊന്നാണോ സൂര്യാദികള്ക്കും പ്രകാശത്തെയേകുന്നതു യാതൊന്നാണോ സ്വാനുഭൂതൈ്യകമാനമാകുന്നതു (സ്വാനുഭൂതിയില്‍ ഏകമാനമാകുന്നത്) യാതൊന്നാണോ ആ വസ്തുവായിത്തീര്ന്ന് ആ മുനീശ്വരന്‍ വാണു. ഏകവും അനേകവും ആകുന്നതു യാതൊന്നാണോ, യാതൊന്നു സാഞ്ജനമെന്നാകിലും നിരഞ്ജനം, ബോധിച്ചീടഖിലവും, ഒന്നുമേയല്ലാത്തതും യാതൊന്നാണ്, ആയതായിത്തീര്ന്ന് അമ്മുനീശ്വരന് വാണു. ജനി, മരണം എന്നീവകകളില്ലാത്തതായി നിനയ്ക്കില്‍ അനാദ്യമായി, ആദ്യമായി, വിമലമായി, ഏകമായി, സകളമായി, നിഷ്കളമായി, പരമാകിയ വസ്തുവായി വര്ത്തിച്ചീടുകമൂലം അംബരസ്വരൂപത്തെക്കാളും ആ മുനീശ്വരന്‍ നിര്മ്മലസ്ഥിതിയായുള്ള ഈശ്വരനായി ഭവിച്ചു. മുപ്പതിനായിരം സംവത്സരം ഇപ്രകാരം ഈ പാരിടത്തില്‍ യഥാസുഖം വര്‍ത്തിച്ചു. മാനസം വീണ്ടുമുണ്ടായീടാത്തവണ്ണം മഹാജ്ഞാനിയാകുന്ന വീതഹവ്യന്‍ ശുഭമാര്ന്നു കൈവല്യമാര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: