പാലാ: ദുബായയില്‍ കപ്പലില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ വാങ്ങിയ ശേഷം യുവാക്കളെ ഇറാനില്‍ എത്തിച്ച് അടിമവേലയ്ക്ക് അയച്ചു. പാലായില്‍ നിന്നടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ തട്ടിപ്പിനിരയായെന്നും നിരവധി പേര് ഇറാനില്‍ കുടുങ്ങിക്കിടക്കുകയാണെന്നും രക്ഷപ്പെട്ടവര്‍ പറഞ്ഞു.
ഇറാനിലേക്ക് കടത്തിയ ഏജന്റുമാര്‍ക്കെതിരെ ബന്ധുക്കള്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്കി. നിലമ്പൂര്‍ പറമ്പത്ത് മുഹമ്മദ് നിഷാന്‍, പത്തനംതിട്ട മയിലാടുംപാറ കുളത്താനിമണ്ണില്‍ സുധീഷ് കുമാര്‍ എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. മുംബൈയില്‍നിന്ന് ദുബായിലെത്തിച്ച ഇവര്‍ക്ക് മാസങ്ങളോളം ജോലി നല്‍കിയില്ല. മറ്റൊരു സ്ഥലത്ത് കപ്പലില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് പിന്നീട് ഇവരെ കപ്പലില്‍ ഇറാനിലെ ഒരു തുറമുഖത്തെത്തിച്ചു. ചെറിയ മുറിയില്‍ നിരവധി പേരെ ആഴ്ചകളോളം താമസിപ്പിക്കുകയായിരുന്നു. അവിടെ പരിചയപ്പെട്ട ചിലരുടെ സഹായത്തോടെയാണ് നാട്ടില്‍ വിളിച്ച് ബന്ധുക്കളെ വിവരം അറിയിച്ചത്.
ബന്ധുക്കള്‍ ഏജന്റുമാരെ വിളിച്ച് സംസാരിച്ചതിനെത്തുടര്‍ന്ന് ഇവര്‍ക്ക് ചെറിയ കപ്പലുകളില്‍ ജോലി നല്കി. എന്നാല്‍ ശമ്പളം നല്‍കിയില്ല. നാട്ടിലേക്ക് തിരിച്ചു പോകാന്‍ ആവശ്യമായ രേഖകള്‍ നല്‍കാനും കപ്പല്‍ അധികൃതര്‍ തയാറായില്ല. ചില ജീവനക്കാര്‍ക്ക് മനസ്സലിവ് തോന്നിയതിനെത്തുടര്‍ന്നാണ് ചിലര്‍ക്കെങ്കിലും രേഖകള്‍ ലഭിച്ചത്. വീട്ടുകാര്‍ വിമാന ടിക്കറ്റിന് പണം നല്‍കിയാണ് കുറച്ചുപേര്‍ നാട്ടിലെത്തിയത്. ഇറാനില്‍ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് ആവശ്യം. 3.3 ലക്ഷം രൂപയാണ് ജോലി വാഗ്ദാനം നല്കി ഒരാളില്‍ നിന്ന് ഏജന്റുമാര്‍ വാങ്ങിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: