ഇടുക്കി: ഇടുക്കി സംഭരണിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിലുണ്ടായ സുരക്ഷാ വീഴ്ച സംബന്ധിച്ച് ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര- സംസ്ഥാന ഇന്റലിജന്‍സ് ഏജന്‍സികള്‍ കേന്ദ്രത്തിന് കത്തയച്ചു.
കത്ത് കേന്ദ്രം അംഗീകരിച്ചാല്‍ എന്‍ഐഎ അന്വേഷിച്ചേക്കാം. സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് മിലിറ്ററി ഇന്റലിജന്‍സും അന്വേഷണം ആരംഭിച്ചു. കുളമാവില്‍ നാവിക സേനയുടെ സാന്നിധ്യം ഉള്ളതിനാലാണിത്.
കേസില്‍ ദുരൂഹതകളുണ്ട്, തീവ്രവാദ ബന്ധവും സംശയിക്കുന്നുണ്ട്. പോലീസ് അന്വേഷണത്തില്‍ യാതൊന്നും കണ്ടെത്താന്‍ പറ്റാത്തതും സംശയം വര്‍ധിപ്പിക്കുന്നു.
ജൂലൈ 22ന് ഉണ്ടായ സംഭവം ഒന്നര മാസത്തിന് ശേഷമാണ് കണ്ടുപിടിക്കാന്‍ ആയത്. പിന്നാലെ അണക്കെട്ടിലെ സുരക്ഷ വര്‍ധിപ്പിക്കാന്‍ പോലും പോലീസ് ഇതുവരെ തയാറായിട്ടില്ല.
എസ്എച്ച്ഒയെ സംരക്ഷിക്കുന്ന നിലപാടാണ് കേരള പോലീസ് ആദ്യം മുതല്‍ തുടരുന്നത്. ഇതിനാല്‍ തന്നെ ഏത് തരത്തില്‍ അന്വേഷണം നടന്നാലും അത് കൃത്യമായ വിവരങ്ങള്‍ പുറത്ത് കൊണ്ടുവരില്ലെന്ന പരാതി ആദ്യമുതലുണ്ട്. പ്രതിയുടെ ഒറ്റപ്പാലത്തെ വീട്ടിലെത്തി പോലീസ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇയാള്‍ കഴിഞ്ഞമാസമാണ് വിദേശത്തേക്ക് ജോലിക്ക് പോയത്. ഇയാളുടെ ഒപ്പം വന്ന മൂന്ന് സുഹൃത്തുക്കളെ ചോദ്യം ചെയ്ത ശേഷം വിട്ടയക്കുകയും ചെയ്തു.
പ്രതി ചെറുതോണിയില്‍ നിന്ന് 11താഴുകള്‍ വാങ്ങിയത് സുഹൃത്തുക്കള്‍ അറിഞ്ഞില്ലെന്ന് പറയുന്നതും വിശ്വാസ യോഗ്യമല്ല. ഇതിനൊപ്പം ഇത്രയും ഗൗരവകരമായ കേസില്‍ വേണ്ടത്ര അന്വേഷണം നടന്നിട്ടില്ലെന്നും കസ്റ്റഡിയില്‍ എടുത്തവരെ പ്രതി ചേര്‍ക്കാതെ വെറുതെ വിട്ടതായും ഇന്റലിജന്‍സിന്റെ കണ്ടെത്തലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: