തിരുവനന്തപുരം: വാഹനങ്ങളില്‍ ആള്‍ട്ടറേഷന്‍ നടത്തുന്ന സ്ഥാപനങ്ങള്‍ അവ സുരക്ഷിതമാണെന്നും മാനദണ്ഡങ്ങള്‍ക്ക് വിധേയമാണെന്നും അപകടമുണ്ടായാല്‍ അതിന്റെ ഉത്തരവാദിയാണെന്നുമുള്ള സാക്ഷ്യപത്രം വാഹന ഉടമകള്‍ക്ക് നല്‍കണമെന്ന് നിഷ്കര്‍ഷിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു നിയമസഭയെ അറിയിച്ചു. വാഹനങ്ങള്‍ അഗ്നിക്കിരയാവുന്നത് സംബന്ധിച്ചുള്ള ശ്രദ്ധ ക്ഷണിക്കലിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
വാഹനങ്ങള്‍ തീപ്പിടിച്ചുണ്ടാകുന്ന അപകടങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ഗതാഗത മേഖലയിലെ സാങ്കേതിക വിദഗ്ധരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും വാഹന നിര്‍മാതാക്കളുടെയും ഡീലര്‍മാരുടെയും ഇന്‍ഷുറന്‍സ് സര്‍വ്വേ പ്രതിനിധികളുടെയുംയോഗം ചേര്‍ന്നിരുന്നു.
മനുഷ്യനിര്‍മിതമായ കാരണങ്ങളാലും യന്ത്ര തകരാറുകളാലും ഉണ്ടാവുന്ന ഇലക്ട്രിക്കല്‍ സര്‍ക്യൂട്ട് പ്രശ്നങ്ങള്‍ മൂലമാണ് വാഹനങ്ങള്‍ക്ക് തീപ്പടിത്തമുണ്ടാകുന്നതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ലൈറ്റ് മോട്ടോര്‍ വാഹനങ്ങളിലാണ് ഇത്തരം തീപ്പിടിത്തം കൂടുതല്‍ ഉണ്ടാവുന്നത്. ലോ വേരിയന്റ് വാഹനങ്ങളെ ഹൈ വേരിയന്റാക്കാന്‍ ഓട്ടോമൊബൈല്‍ സ്റ്റാന്‍ഡേര്‍ഡ് അനുസരിച്ചുള്ളതല്ലാത്ത ഫ്യൂസും വയറിങ്ങും അനുബന്ധ ഉപകരണങ്ങളും ഉപയോഗിച്ച് കൂടുതല്‍ ഫിറ്റിങ്സുകള് ഘടിപ്പിക്കുന്നത് തീപിടിത്തത്തിനുള്ള പ്രധാനകാരണമായി വിലയിരുത്തിയിട്ടുണ്ട്.
ഫ്യുവല്‍ ലൈനിലെ റബ്ബര്‍ ഹോസില്‍ പല കാരണങ്ങളാല്‍ ഉണ്ടാകുന്ന സുഷിരങ്ങളിലൂടെയുള്ള ഇന്ധന ചോര്‍ച്ചയും അപകടത്തിന് കാരണമാകുന്നെന്നും കണ്ടെത്തിയിട്ടുണ്ട്. വാഹനങ്ങള്‍ അഗ്നിക്കിരയാവുന്നതിന്റെ വിവിധ വശങ്ങള് പഠിച്ച് രണ്ടു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ റോഡ് സുരക്ഷാ കമ്മിഷണറുടെ നേതൃത്വത്തില്‍ സമിതി രൂപീകരിച്ചിട്ടുണ്ട്. സമിതിയുടെ ആദ്യ യോഗം 18ന് ചേരും. വിദഗ്ധസമിതിയുടെ നിര്‍ദേശങ്ങള്‍ പരിശോധിച്ച് വാഹന ഉപയോക്താക്കളുടെയും ജനങ്ങളുടെയും സുരക്ഷിതത്വത്തിന് വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് മന്ത്രി നിയമസഭയെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: