ചെങ്ങന്നൂരിന് മറക്കാനാവാത്ത സംഘടനാപാടവത്തിന് ഉടമയാണ് പി.പി. മുകുന്ദന്. പ്രായഭേദമില്ലാതെ ആബാലവൃദ്ധം പ്രവര്‍ത്തകരെയും ചേര്‍ത്തുപിടിച്ച സംഘകാര്യകര്ത്താവായാണ് അദ്ദേഹത്തെ ഇന്നും ഓര്‍ക്കുന്നത്. ആര്‍എസ്എസ് ശാഖകളിലൂടെ പുതിയ തലമുറയില്‍പെട്ടവരെ സംഘടനയുമായി ചേര്‍ത്തുപിടിക്കുമ്പോള്‍ തന്നെ മുതിര്‍ന്നവരെയും പ്രമുഖരെയും സംഘടനാപരിപാടികളില്‍ ഭാഗഭാഗാക്കാനും അദ്ദേഹം കഠിനമായി പ്രയത്നിച്ചിരുന്നു. ഭാസ്കര്‍റാവുജി, ആര്. ഹരി, മാധവ് ജി, എസ്. സേതുമാധവന് എന്നിവരെയെല്ലാം പങ്കെടുപ്പിച്ച് ചെങ്ങന്നൂരിലെ വിവിധ ഭാഗങ്ങളില്‍ സംഘപരിപാടികള്‍ സംഘടിപ്പിച്ചായിരുന്നു പൗരപ്രമുഖരെ സംഘവുമായി ചേര്‍ത്തുനിര്‍ത്തിയത്.
1967 മുതല്‍ 1973 വരെയുള്ള കാലഘട്ടത്തിലാണ് മുഹമ്മ മുതല്‍ പന്തളം വരെയുള്ള വിശാലമായ ചെങ്ങന്നൂരിലെ താലൂക്ക് പ്രചാരകനായി അദ്ദേഹം കണ്ണൂരില്‍ നിന്നും എത്തുന്നത്. കിഴക്കേനടയിലെ സംഘവിഹാര് എന്ന വാടകകെട്ടിടമായിരുന്നു ആസ്ഥാനം. തുടക്കനാളുകളില്‍ തന്നെ പ്രവര്‍ത്തകരുമായി അദ്ദേഹം ഹൃദയബന്ധം സ്ഥാപിച്ചു. ആരെയും ആകര്‍ഷിക്കുന്ന അദ്ദേഹത്തിന്റെ പെരുമാറ്റം സംഘടനയുടെ വളര്‍ച്ചയ്ക്ക് വലിയ മുതല്‍കൂട്ടായി മാറി. പില്ക്കാലത്ത് പലരെയും സംഘത്തിന്റെ ചുമതലയിലേക്കും വിവിധ ക്ഷേത്രസംഘടനകളുടെ തലപ്പത്തേക്കും എത്തിക്കാനും മുകുന്ദന് സാധിച്ചു. ഗോവ ഗവര്‍ണറായ പി.എസ്.ശ്രീധരന്‍പിള്ള, ബിജെപിയുടെ ദേശീയ വക്താവായി മാറിയ ആര്. ബാലശങ്കര്‍ എന്നിവര്‍ അവരില്‍ ചിലര്‍മാത്രം. എത്ര കഠിനമായ പ്രവര്‍ത്തനവും കൂട്ടായ്മയുടെ കരുത്തോടെ ചെയ്തുതീര്‍ക്കാനാകുമെന്ന് അദ്ദേഹം ആവര്‍ത്തിച്ച് തെളിയിച്ചു.
താലൂക്ക് പ്രചാരകനായി വരുന്നതിന് മുമ്പ് ചെങ്ങന്നൂര്‍ സംഘജില്ലയില്‍ ഉണ്ടായിരുന്ന സംഘശക്തി പത്തിരട്ടിയിലേറെ വര്‍ധിപ്പിച്ചാണ് അദ്ദേഹം ആലുവയിലേക്ക് മടങ്ങിയത്. ആ കാലഘട്ടത്തില്‍ വിസ്തൃതമായ പ്രദേശമായിരുന്നു ചെങ്ങന്നൂര്‍ താലൂക്ക്. നിരവധി പ്രദേശങ്ങളിലേക്ക് അദ്ദേഹം അവിശ്രമം യാത്ര ചെയ്തു. സംഘത്തിന്റെ ആശയവും സന്ദേശവും വീടുവീടാന്തരം എത്തിക്കാനും ഓരോ വീടുമായും വ്യക്തിയുമായും ഊഷ്മളമായ ബന്ധം സ്ഥാപിക്കാനും അദ്ദേഹം ശ്രദ്ധാലുവായിരുന്നു. താലൂക്കിലെ അധ്യാപകരെയും വ്യാപാരികളെയും വ്യവസായികളെയും ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും എന്നുവേണ്ട എല്ലാ മേഖലകളിലുള്ളവരെയും അദ്ദേഹം അങ്ങോട്ടുപോയി കണ്ട് ആശയവിനിമയം നടത്തിയിരുന്നു. നിരന്തരമായ സമ്പര്‍ക്കത്തിലൂടെ ഇവരെയെല്ലാം സംഘവുമായി ബന്ധിപ്പിച്ച് മികച്ച പുരോഗതി സമാജത്തില്‍ ഉറപ്പാക്കാനും പി.പി. മുകുന്ദനിലെ സംഘപ്രചാരകന് സാധിച്ചു.
അടിയന്തിരാവസ്ഥയ്ക്ക് ശേഷം അന്നത്തെ സര്‍സംഘചാലകായിരുന്ന ബാലാസാഹേദ് ദേവറസ് ജി പങ്കെടുത്ത് കിടങ്ങന്നൂരില്‍ നടന്ന ദക്ഷിണഭാരത ശിബിരത്തിന്റെ ചുക്കാന്‍ പിടിച്ചതും പി.പി. മുകുന്ദനായിരുന്നു. പതിറ്റാണ്ടുകള്‍ കഴിഞ്ഞും ഓരോ പ്രവര്‍ത്തനെയും പേരെടുത്ത് വിളിക്കുന്ന ഓര്‍മശക്തിയും വശ്യതയാര്‍ന്ന പുഞ്ചിരിയും സൗമ്യതയും അളവറ്റ സ്നേഹവും അദ്ദേഹത്തിന്റെ സവിശേഷതയായിരുന്നുവെന്ന് മുതിര്‍ന്ന കാര്യകര്‍ത്താവും നിലവില്‍ ക്ഷേത്രസംരക്ഷണസമിതി ശബരിഗിരി മേഖലാ പ്രസിഡന്റുമായ എന്‍. രാധാകൃഷ്ണന് സ്മരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: