മുഹമ്മ: കുമരകം റൂട്ടില്‍ ജലഗതാഗത വകുപ്പിന്റെ അവഗണന തുടരുന്നതായി പരാതി. ഒരാഴ്ചയായി അറ്റകുറ്റപ്പണിക്കായി കയറ്റിയിരുന്ന എ55 നമ്പര്‍ ബോട്ടിന്റെ സര്‍വ്വീസ് പുനരാരംഭിച്ചു. അറ്റകുറ്റപണിക്കായി ആലപ്പുഴ ഡോക്കില്‍ കൊണ്ട് പോ
യിരുന്ന ബോട്ട് ഇന്നലെ 10 മുതല്‍ ആണ് സര്‍വീസ് ആരംഭിച്ചത്. രണ്ട് ബോട്ട് ആണ് മുഹമ്മ കുമരകം സര്‍വീസ് നടത്തിയിരുന്നത്. അതില്‍ എസ് 55 ബോട്ട് സര്‍വീസ് മുടങ്ങിയതോടെ ഈ റൂട്ടില്‍ യാത്രാക്‌ളേശം അതിരൂക്ഷമായിരുന്നു.
ജലഗതാഗത വകുപ്പിന് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിത്തരുന്ന റൂട്ടാണിത്. കൃത്യത ഇല്ലാതെ ബോട്ട് സര്‍വീസ് മുടങ്ങുന്നത് കൊണ്ട് പല യാത്രക്കാരും ഈ റൂട്ടിലെ ബോട്ട് യാത്ര ഒഴിവാക്കി വരുകയാണ്. സ്ഥിരം യാത്രക്കാരായിരുന്ന കുറച്ച് പേര്‍ ചേര്‍ന്ന് കോട്ടയത്തേക്ക് ടെമ്പോ ട്രാവലറില്‍ യാത്ര ഇതിനകം തുടങ്ങി കഴിഞ്ഞു. ജലഗതാഗത വകുപ്പിന് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിത്തരുന്ന റൂട്ടാണിത്.
പകരമുപയോഗിക്കാന്‍ മൂന്നാമതൊരു ഒരു ബോട്ട് എന്ന മുഹമ്മ – കുമരകം ബോട്ട് പാസഞ്ചേഴ്‌സ് അസോസിയേഷന്റെ ആവശ്യത്തിന് പതിറ്റാണ്ടിന്റെ പഴക്കമുണ്ട്. താനൂര്‍ ബോട്ടപകടത്തിന്റെ പഞ്ചാത്തലത്തില്‍ യാത്രക്കാരുടെ എണ്ണം കുറച്ചതും ഇരു ചക്ര വാഹനങ്ങളുടെ എണ്ണം കുറച്ചതും യാത്രക്കാരെ വളരെയധികം ബുദ്ധിമുട്ടിക്കുന്നു. തുടര്‍ച്ചയായി സര്‍വീസ് മുടങ്ങുന്നത് ഇപ്പോള്‍ ഉള്ള യാത്രക്കാരെ കൂടി ഒഴിവാക്കാനെ ഉപകരിക്കുകയുള്ളു.
അറ്റകുറ്റപണിക്കായി ബോട്ടുകള്‍ കൊണ്ടുപോകുമ്പോള്‍ പകരം സംവിധാനം ഒരുക്കുന്നതിനും ഒരു സ്‌പെയര്‍ ബോട്ട് അനുവദിക്കുന്നതിനും ജലഗതാഗത വകുപ്പ് അധികാരികളുടെ ഭാഗത്ത് നിന്നും ജനപ്രതിനിധികളുടെ ഭാഗത്ത് നിന്നും ഇടപെടലുകള്‍ ഉണ്ടാകണമെന്ന് മുഹമ്മ കുമരകം ബോട്ട് പാസഞ്ചേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി ബിജു രാഘവന്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: