തിരുവനന്തപുരം: കമലേശ്വരം ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പ്രധാനാധ്യാപികയും ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാളും തമ്മില്‍ തര്‍ക്കം പതിവെന്ന് രക്ഷിതാക്കള്‍. സ്കൂളിലെ അധ്യാപക രക്ഷകര്‍ത്തൃ സംഘടനയും തനിക്കെതിരെ പ്രവര്‍ത്തിക്കുന്നു എന്ന് പ്രധാനാധ്യാപിക. രണ്ട് പേരും തമ്മിലുള്ള മൂപ്പിളമ തര്‍ക്കമാണെന്ന് നാട്ടുകാര്‍.
സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകളുടെ ക്യാമ്പുമായി ബന്ധപ്പെട്ട് സ്കൂള്‍ ക്യാന്റീന് വിട്ട് തരണമെന്ന് ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍ പ്രധാനാധ്യാപികയോട് ആവശ്യപ്പെട്ടതോടെയാണ് പുതിയ വിവാദം ഉടലെടുത്തത്. ക്യാന്റീന് തുറന്ന് തരാം പക്ഷേ താക്കോല്‍ തരില്ലെന്ന് ഹെഡ്മിസ്ട്രസ് എസ്. ലോല നിലപാടെടുത്തു. പ്രശ്നത്തില്‍ സ്കൂള്‍ പിടിഎ പ്രിന്‍സിപ്പാളിനൊപ്പം നിന്നു. അതോടെ എച്ച്എമ്മിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും ഇരുവിഭാഗങ്ങളായി തിരിഞ്ഞ് വാക്കേറ്റമായി. കമലേശ്വരം ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പഠിക്കുന്ന കുട്ടികള്‍ കൂടുതലും ബീമാപള്ളി, പൂന്തുറ, എസ്എം ലോക്ക്, അമ്പലത്തറ, മണക്കാട് ഭാഗങ്ങളില്‍ നിന്ന് വരുന്നവരാണ്. തദ്ദേശവാസികളായ കുട്ടികള്‍ കുറവാണ്. അത് കൊണ്ട് തന്നെ സ്കൂള്‍ പിടിഎയിലും നാട്ടുകാരുടെ സാന്നിധ്യം ഇല്ല എന്ന് തന്നെ പറയാം. അതിനാല്‍ സ്കൂളില്‍ നടക്കുന്ന തര്‍ക്കങ്ങള്‍ക്കും വഴക്കുകള്‍ക്കും നാട്ടുകാര്‍ പക്ഷം പിടിക്കാനോ മധ്യസ്ഥത പറയാനോ പോകാറില്ലെന്ന് നാട്ടുകാര്‍ പറയുന്നു. എസ്പിസി ക്യാമ്പിനായി സ്കൂള്‍ ക്യാന്റീന് താന്‍ തന്നെ രാവിലെ വന്ന് തുറന്ന് നല്‍കാമെന്ന് പറഞ്ഞിട്ടും അത് വേണ്ട താക്കോല്‍ തന്നാല്‍ മതിയെന്ന് പറഞ്ഞതിലാണ് എച്ച്എമ്മിന് സംശയം. തന്നെ ഏതു വിധേനെയും സ്കൂളില്‍ നിന്ന് പുറത്ത് ചാടിക്കുമെന്ന് പിടിഎ പറഞ്ഞതുമായി ഇതിനെ കൂട്ടി വായിക്കുകയാണ് അവര്‍. ക്യാന്റീനിലെ ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ എന്തെങ്കിലും ചേര്‍ക്കുമെന്ന ഭയം തനിക്കുണ്ടെന്നും അതാണ് താക്കോല്‍ നല്‍കാത്തതെന്നുമാണ് എച്ച്എമ്മിന്റെ വാദം. കുട്ടികള്‍ക്ക് നല്കാന് തയ്യാറാക്കുന്ന ഉച്ചഭക്ഷണം താന്‍ കഴിച്ചു നോക്കിയിട്ടേ കുട്ടികള്‍ക്ക് നല്‍കാറുള്ളൂ എന്നും ഹെഡ്മിസ്ട്രസ് പറയുന്നു.
ഇക്കഴിഞ്ഞ എസ്എസ്എല്‍സി പരീക്ഷയ്ക്ക് യൂണിഫോം ധരിക്കാതെ പരീക്ഷയെഴുതാന്‍ വന്ന രണ്ട് വിദ്യാര്‍ഥിനികളുടെ ഫോട്ടോ സ്കൂള്‍ ഗ്രൂപ്പില്‍ വന്നതോടെയാണ് പ്രധാനാധ്യാപികയും സ്കൂള്‍ പിടിഎയും തമ്മില്‍ തെറ്റുന്നത്. പെണ്‍കുട്ടികളുടെ ഫോട്ടോ ഗ്രൂപ്പില്‍ ഇട്ടതിനെ പ്രധാനാധ്യാപിക എതിര്‍ത്തിരുന്നു. ചില പിടിഎ അംഗങ്ങളാണ് ഇത് ചെയ്തത് എന്നാണ് എച്ച്എം വിശ്വസിക്കുന്നത്. പല മീറ്റിംഗുകളിലും തന്നെ മാനസികമായി തകര്‍ക്കുന്ന രീതിയില്‍ അംഗങ്ങള്‍ അധിക്ഷേപിച്ച് സംസാരിക്കുന്നതായും ഇതിനെതിരെ വനിതാശിശു വികസന ഓഫീസര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ലോല ടീച്ചര്‍ അറിയിച്ചു. സ്കൂളിലെ ചില അധ്യാപകര്‍ കുട്ടികളുടെ പരീക്ഷാ പേപ്പറുകള്‍ നോക്കാതെ മാര്‍ക്കിടുന്ന പതിവുണ്ടായിരുന്നു. താന്‍ ഹെഡ്മിസ്ട്രസ് ആയതിനു ശേഷം ഇതിനെതിരെ കര്‍ശന നിലപാട് എടുത്തു. അക്കാരണം കൊണ്ട് ഒരു വിഭാഗം അധ്യാപകരും തനിക്കെതിയായിയെന്ന് എച്ച്എം പറയുന്നു. കഴിഞ്ഞ വര്‍ഷം ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ നിന്നും 17 വിദ്യാര്‍ഥികളെ ടിസി നല്കി പുറത്തുവിട്ടു. ഡിഇഒയുടെ നിര്‍ദേശപ്രകാരം ഇക്കാര്യത്തെക്കുറിച്ച് കുട്ടികളോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതാവാം ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാളിന് തന്നോട് ദേഷ്യമുണ്ടാകാന്‍ കാരണമെന്ന് ലോല പറയുന്നു. സ്കൂളിലെ ചില കുട്ടികള്‍ ഹെഡ്മിസ്ട്രസിനെ മാറ്റണമെന്നാവശ്യപ്പെട്ടുകൊണ്ട് വിദ്യാഭ്യാസ വകുപ്പിന് പരാതി നല്‍കിയതായി വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസില്‍ നിന്നും തന്നെ വിളിച്ചു പറഞ്ഞതായും ഹെഡ്മിസ്ട്രസ് കൂട്ടിച്ചേര്‍ത്തു. താന്‍ ഹെഡ്മിസ്ട്രസ് ആയതിന് ശേഷം സ്കൂളില്‍ ചെയ്ത കാര്യങ്ങളുടെ 150 ഓളം ഫോട്ടോകളടങ്ങിയ 236 പേജുള്ള മറുപടി ഡിഇഒയ്ക്ക് നല്‍കിയിട്ടുണ്ട്. പരാതിയില്‍ കഴമ്പില്ലെന്ന് അധികൃതര്‍ക്ക് മനസ്സിലായിക്കാണുമെന്നും കമലേശ്വരം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രധാനാധ്യാപിക പറഞ്ഞു.
തിരുവനന്തപുരം നഗരത്തില്‍ വിദ്യാഭ്യാസ മന്ത്രിയുടെ മൂക്കിന് താഴെ ഒരു സര്‍ക്കാര്‍ സ്കൂളില്‍ അവിടത്തെ അധ്യാപകരും സ്കൂള്‍ പിടിഎയും ചേരിതിരിഞ്ഞ് പരസ്പരം ആക്ഷേപങ്ങള്‍ ഉന്നയിക്കുകയും വിദ്യാര്‍ഥികളെ ഉപയോഗിച്ച് പരാതികള്‍ നല്‍കുകയും ചെയ്യുമ്പോള്‍ ഇത്തരം പ്രവണതകള്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കാതെ നോക്കുകുത്തിയായി നില്‍ക്കുകയാണ് മന്ത്രിയും വിദ്യാഭ്യാസ വകുപ്പും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: