തിരുവനന്തപുരം: കേരളത്തിലെ സംഘപരിവാർ പ്രസ്ഥാനങ്ങളുടെ ചരിത്രത്തിൽ ഏറ്റവും നിർണ്ണായകമായ പങ്കുവഹിച്ചിട്ടുള്ള നേതാവാണ് അന്തരിച്ച ബിജെപി മുൻ സംഘടനാ ജനറൽ സെക്രട്ടറി പി.പി മുകുന്ദനെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. നിലപാടിൽ കാർക്കശ്യവും സ്വഭാവത്തിൽ സൗമ്യതയും ചേർത്തുവച്ച പൊതുപ്രവർത്തന ജീവിതമായിരുന്നു എന്നും അദ്ദേഹം കാത്തുസൂക്ഷിച്ചത്. എതിരാളികൾ രാഷ്ട്രീയ ശത്രുക്കളല്ല, രാഷ്ട്രീയ പ്രതിയോഗികളാണെന്ന് എന്നും മുകുന്ദേട്ടൻ ഓർമിപ്പിക്കുമായിരുന്നുവെന്നും വി. മുരളീധരൻ ഫേസ് ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
മുതിർന്ന സംഘപ്രചാരകനും ബിജെപിയുടെ അനിഷേധ്യ നേതാവുമായ പി.പി.മുകുന്ദന്റെ വിയോഗം വ്യക്തിപരമായും സംഘടനപരമായും വലിയ ശൂന്യതയാണ് സൃഷ്ടിക്കുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമായ സമയത്ത് തിരുവനന്തപുരത്ത് ആശുപത്രിയിൽ എത്തുകയും അദ്ദേഹത്തെ നേരിൽ കാണുകയും ചെയ്തിരുന്നു. ആരോഗ്യനില മെച്ചപ്പെട്ടു അദ്ദേഹം വീണ്ടും ജീവിതത്തിലേക്ക് തിരികെ വരുന്ന ശുഭസൂചനകളായിരുന്നു പിന്നീട് ഉണ്ടായതും. എന്നാൽ പ്രാർത്ഥനകൾ വിഫലമായി ഇന്ന് അദ്ദേഹത്തിന്റെ വേർപാടിന്റെ വാർത്തയെത്തുമ്പോൾ അത് അത്യന്തം സങ്കടകരമാണ്.
അദ്ദേഹവുമൊത്തുള്ള നാല് പതിറ്റാണ്ടിലേറെയുള്ള ഓർമകൾ ഈ നിമിഷം മനസ്സിൽ വന്ന് നിറയുന്നുണ്ട്. നിലപാടിൽ കാർക്കശ്യവും സ്വഭാവത്തിൽ സൗമ്യതയും ചേർത്തുവച്ച പൊതുപ്രവർത്തന ജീവിതമായിരുന്നു എന്നും അദ്ദേഹം കാത്തുസൂക്ഷിച്ചത്. എതിരാളികൾ രാഷ്ട്രീയ ശത്രുക്കളല്ല, രാഷ്ട്രീയ പ്രതിയോഗികളാണെന്ന് എന്നും മുകുന്ദേട്ടൻ ഓർമിപ്പിക്കുമായിരുന്നു.
കേരളത്തിലെ സംഘപരിവാർ പ്രസ്ഥാനങ്ങളുടെ ചരിത്രത്തിൽ ഏറ്റവും നിർണ്ണായകമായ പങ്കുവഹിച്ചിട്ടുള്ള അദ്ദേഹത്തിന്റെ ഓർമകളെ പ്രണമിക്കുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നു. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: