കേന്ദ്രത്തില്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ്. പറഞ്ഞിട്ടെന്തുകാര്യം! കാതോര്‍ക്കുന്നത് പ്രസിഡന്റിനല്ല, രാഹുലിനും പ്രിയങ്കയ്ക്കും. മുന്‍ കോണ്‍ഗ്രസ് അധ്യക്ഷസോണിയയുടെ മക്കളാണ് ഇരുവരും. രാഹുല്‍ പറയുന്നതിനപ്പുറം കോണ്‍ഗ്രസ്സുകാര്‍ക്കൊന്നുമില്ല. രാഹുല്‍ എന്തുപൊട്ടത്തരം വിളമ്പിയാലും കോണ്‍ഗ്രസുകാര്‍ ഹലേലൂയപാടും. ഏതാണ്ട് അതേപോലെയായിരുന്നു കേരളവും. ഇന്നലെവരെ മുഖ്യമന്ത്രിയുടെ മകളുടെ പേരില്‍ മാത്രമായിരുന്നു ആരോപണം. കരിമണല്‍ കമ്പനി ഉടമകളുടെ കമ്പനിയില്‍ നിന്നും മാസപ്പടി വാങ്ങി എന്ന ആരോപണമായിരുന്നു. ഇപ്പോഴിതാ മകനുമെതിരെ ഉയരുന്നു ആരോപണം.
റോഡ് ക്യാമറ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകനെതിരെ നിയമസഭയില്‍ ആരോപണം ഉന്നയിച്ചത് പി.സി.വിഷ്ണുനാഥ്. ഉപകരാര്‍ നേടിയ കമ്പനിക്ക് മുഖ്യമന്ത്രിയുടെ മകന്റെ കുടുംബവുമായി അടുത്ത ബന്ധമുണ്ടെന്നും അതിന്റെ രേഖകള്‍ കൈവശമുണ്ടെന്നും വിഷ്ണുനാഥ് പറയുമ്പോള്‍ പുതിയൊരനുഭവമായി. എന്നാല്‍ മുഖ്യമന്ത്രിയുടെ മകനെതിരായ പരാമര്‍ശം രേഖകളില്‍നിന്നു നീക്കണമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ ആവശ്യപ്പെട്ടത് കൗതുകമായി. യെസ്, യെസ് പരിശോധിക്കാമെന്ന് സ്പീക്കറും.
സംസ്ഥാനം കണ്ട ഏറ്റവും വലിയ അഴിമതിയാണ് റോഡ് ക്യാമറ പദ്ധതിയെന്ന് വിഷ്ണുനാഥ് ആരോപിച്ചു. വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും മുന്നില്‍ മോഷണം തടയാനാണ് ക്യാമറ വയ്ക്കുന്നത്. എന്നാല്‍ മോഷ്ടിക്കാന്‍ വേണ്ടി ക്യാമറ വച്ച ലോകത്തെ ആദ്യത്തെ സര്‍ക്കാരാണ് പിണറായി വിജയന് സര്‍ക്കാര്‍. പദ്ധതിക്കായി കെല്‍ട്രോണിനെ ചുമതലപ്പെടുത്തിയപ്പോള്‍ ധനകാര്യവകുപ്പ് നോണ്‍ പിഎംസി വര്‍ക്കാണെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ധനവകുപ്പിന്റെ ഉത്തരവിനു വിരുദ്ധമായി കെല്‍ട്രോണിനെ പിഎംസി വര്‍ക്കാണ് ഇപ്പോള്‍ ഏല്‍പ്പിച്ചിരിക്കുന്നത്.
ഇത്തരം പദ്ധതികള്‍ നടപ്പാക്കി അനുഭവസമ്പത്തില്ലാത്ത കെല്‍ട്രോണ്‍ 7080 കോടി ചെലവുള്ള പദ്ധതിക്കു വേണ്ടി 232 കോടിയുടെ എസ്റ്റിമേറ്റാണ് തയാറാക്കിയിരിക്കുന്നത്. ഇതാണ് ഈ അഴിമതിയുടെ പ്രഭവകേന്ദ്രം. ക്യാമറ വാങ്ങാനുള്ള ടെന്‍ഡര്‍ രേഖകള്‍ പ്രകാരം സാങ്കേതികമായും സാമ്പത്തികമായും യോഗ്യതയുള്ള ഒറിജിനല്‍ എക്യുപ്മെന്റ് നിര്‍മാതാവിനോ വെന്‍ഡര്‍ക്കോ മാത്രമേ പങ്കെടുക്കാന്‍ കഴിയൂ. എന്നാല്‍ അംഗീകരിക്കപ്പെട്ട വെന്ഡര് അല്ലാത്ത സാങ്കേതിക പരിജ്ഞാനം ഇല്ലാത്ത എസ്ആര്‍ഐടി എന്ന സ്ഥാപനം, അവരുമായി ചേര്‍ന്നു നില്ക്കുന്ന അശോക ബില്‍കോണ്‍, അക്ഷര എന്നീ കമ്പനികളുമായി ചേര്‍ന്ന് കാര്‍ട്ടല്‍ രൂപീകരിച്ച് ടെന്‍ഡര്‍ വ്യവസ്ഥകള്‍ക്കു വിരുദ്ധമായി കരാര്‍ നേടിയെടുത്തു.
സുപ്രധാനമായ കരാറുകളൊന്നും ഉപകരാര്‍ നല്കാന് പാടില്ലെന്ന വ്യവസ്ഥകള്‍ ലംഘിച്ചുകൊണ്ട് എസ്ആര്‍ഐടി എല്ലാ കാര്യങ്ങളും ഉപകരാര്‍ കൊടുത്തു. അത്തരത്തില്‍ ഉപകരാര്‍ ലഭിച്ച അല്‍ഹിന്ദ് പ്രസാദിയോയ്ക്ക് കമ്മിഷന് ഇനത്തില്‍ 9 കോടി രൂപ ലഭിച്ചു. പണം മുടക്കുന്ന കമ്പനിക്ക് 40 ശതമാനം ലാഭവും ഒരു പണവും മുടക്കാത്ത കമ്പനിക്ക് 60 ശതമാനം ലാഭവും ലഭിക്കും. അതായത് നോക്കുകൂലി 60 ശതമാനം.
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകന് ചാണ്ടി ഉമ്മന്‍ സഭയിലെത്തിയദിവസം അദ്ദേഹം സത്യപ്രതിജ്ഞയ്ക്കുവേണ്ടി മാത്രമാണ് വാ തുറന്നത്. എന്നാല്‍ ഉമ്മന്‍ചാണ്ടി വിഷയത്തില്‍ ബാലകൃഷ്ണപിള്ളയുടെ മകന് ഗണേശ്കുമാറും വാതുറന്നു. യുഡിഎഫിലേക്ക് ചത്താലും പോകില്ലെന്നുറപ്പിച്ച് പറയാന്‍ കാരണം മന്ത്രിയാകാനുറച്ചാണെന്ന് വ്യക്തം.
മുഖ്യമന്ത്രിയുടെ മകനെതിരെ നിയമസഭയിലാണ് ആരോപണം ഉയര്‍ന്നതെങ്കില്‍ സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജന്റെ മകനെതിരെയാണ് കണ്ണൂരില്‍ ആരോപണം കത്തുന്നത്. ഡിവൈഎഫ്ഐ നേതാവിനു സ്വര്‍ണക്കടത്തു സംഘവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റു പങ്കുവച്ചതിനാണ് പി.ജയരാജന്റെ മകന് ജെയിന്‍രാജിനെതിരെ സിപിഎം രംഗത്തുവന്നത്. സിപിഎം പാനൂര്‍ ഏരിയാ കമ്മിറ്റിയംഗവും ഡിവൈഎഫ്ഐ പാനൂര്‍ ബ്ലോക്ക് സെക്രട്ടറിയുമായ കിരണ്‍ കരുണാകരനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ വന്ന പോസ്റ്റുകള്‍ അനവസരത്തിലുള്ളതും, പ്രസ്ഥാനത്തിനെ ബോധപൂര്‍വ്വം അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും സിപിഎം പാനൂര്‍ ഏരിയ കമ്മിറ്റി പ്രസ്താവനയില്‍ വ്യക്തമാക്കി. ആരുടെയും പേരെടുത്തു പറയാതെയാണു പ്രസ്താവന.
സോഷ്യല്‍ മീഡിയയില്‍ ഇടപെടുമ്പോള്‍ സഭ്യമല്ലാത്ത ഭാഷകള്‍ ഉപയോഗിക്കാന്‍ പാടില്ല എന്നത് പാര്‍ട്ടി നയമാണെന്നു പ്രസ്താവനയില്‍ പറയുന്നു. വ്യക്തിപരമായ പോരായ്മകള്‍ പാര്‍ട്ടിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ പാര്‍ട്ടിക്കുള്ളില്‍ സംവിധാനങ്ങളുണ്ടെന്നിരിക്കെ രാഷ്ട്രീയ എതിരാളികള്‍ക്ക് ഉപയോഗിക്കാന്‍ പറ്റുന്ന തരത്തില്‍ പാര്‍ട്ടി കോണുകളില്‍നിന്നു വരുന്ന ചില ചില പോസ്റ്റുകള്‍ നിര്‍ഭാഗ്യകരമാണെന്നാണ് ജില്ലാ സെക്രട്ടറി എം.വിജയരാജനും സോഷ്യല്‍ മീഡിയകളില്‍ ഇടപ്പെടുമ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ മിതത്വം പാലിക്കണമെന്ന് പാനൂര്‍ ഏരിയ സെക്രട്ടറി കെ.ഇ.കുഞ്ഞബ്ദുള്ളയും പറയുന്നത്.
കിരണിന് സ്വര്‍ണക്കടത്തു കേസിലെ അര്ജുന് ആയങ്കിയുമായി ബന്ധമുണ്ടെന്ന രീതിയിലായിരുന്നു പി.ജയരാജന്റെ മകന് ജെയിന് രാജിന്റെ പോസ്റ്റ്. അര്ജുന് ആയങ്കിയുടെ കല്യാണത്തില്‍ കിരണ്‍ പങ്കെടുത്തതിന്റെ തെളിവെന്ന തരത്തില്‍ ഫോട്ടോയും ജെയിന്‍രാജ് സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരുന്നു. 30 കിലോമീറ്റര്‍ അപ്പുറത്ത് കല്യാണം കൂടാന്‍ പോയത് ഇവര്‍ തമ്മില്‍ ഒരു ബന്ധവും ഇല്ലാത്തതു കൊണ്ടാണോയെന്നും ജെയിന് രാജ് പോസ്റ്റില്‍ ചോദിക്കുന്നു. കതിരൂര്‍ മനോജിനെ കൊലപ്പെടുത്തിയപ്പോള്‍ കേള്‍ക്കാന്‍ പ്രതീക്ഷിച്ച വാര്‍ത്തയെന്ന് കുറിച്ചിട്ട വ്യക്തിയാണിയാള്‍.
ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടേറിയറ്റ് ജെയിന് രാജിനെതിരെ പേരുപറയാതെ പ്രസ്താവനയിറക്കി. സംഘടനയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമം തിരിച്ചറിയണമെന്നായിരുന്നു ഡിവൈഎഫ്ഐയുടെ പ്രതികരണം. വിഷയം നേരത്തേ ചര്‍ച്ച ചെയ്തതാണ്. ആവശ്യമായ തെറ്റുതിരുത്തല്‍ പ്രക്രിയയ്ക്കു വിധേയമാക്കിയിട്ടുണ്ടെന്നും ഡിവൈഎഫ്ഐ വിശദീകരിക്കുന്നു. ഒരു വര്‍ഷം മുന്‍പ് ഡിവൈഎഫ്ഐ ചര്‍ച്ച ചെയ്ത് ആവശ്യമായ തെറ്റുതിരുത്തല്‍ വരുത്തിയ വിഷയം വീണ്ടും കുത്തിപ്പൊക്കുന്നതു കുബുദ്ധികളുടെ ദുഷ്ടലാക്കാണ്. നേതാക്കളെ ജനമധ്യത്തില്‍ താറടിച്ചു കാണിക്കാനുള്ള ഹീനശ്രമം പ്രതിഷേധാര്‍ഹമാണെന്നും പ്രസ്താവനയില്‍ പറയുമ്പോള്‍ വിട്ടാലും വിടില്ല സിപിഎം നേതൃത്വത്തിന്റെ മഹത്തരമായ മക്കള്‍ മാഹാത്മ്യമെന്നാണ് വ്യക്തമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: