ചെന്നെ: തമിഴ്നാട്ടില്‍ മണല്‍ ഖനന അഴിമതിയുമായി ബന്ധപ്പെട്ട് മണല്‍ ഖനന കേന്ദ്രങ്ങളിലും ബന്ധപ്പെട്ട ഓഫീസുകളിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) റെയ്ഡ്.
നദികളില്‍ നിന്ന് ഖനനം ചെയ്ത മണല്‍ സംസ്ഥാന ജലവിഭവ വകുപ്പ് നിയന്ത്രിക്കുന്ന സെയില്‍സ് പോയിന്റുകളില്‍ വില്‍പന നടത്തിയതില്‍ അഴിമതിയാരോപിച്ചാണ് നാല്പതോളം സ്ഥലങ്ങളില്‍ ഇ ഡി റെയ്ഡ് നടത്തിയത്.
വെല്ലൂര്‍, തിരുച്ചി, കരൂര്‍, പുതുക്കോട്ട തുടങ്ങി നാല്പതോളം സ്ഥലങ്ങളിലെ മണല്‍ വില്‍പന ഡിപ്പോകളിലും മണല്‍ ഖനന കരാറുകാരുടെ ഓഫീസുകളിലും വീടുകളിലുമാണ് റെയ്ഡ് നടത്തിയത്.
നിലവിലുള്ള രീതിയനുസരിച്ച് ജലവിഭവ വകുപ്പിന്റെ വെബ്സൈറ്റ് വഴിയും ഡിപ്പോകളില്‍ നല്കുന്ന ഇ-രസീത് മുഖേനയും ഓണ്‍ലൈനായാണ് മണല്‍ വില്പന നടത്തുന്നത്. ലോറി ഉടമകള്‍ക്കും ഓപ്പറേറ്റര്‍മാര്‍ക്കും നല്കിയ ഇ-ബില്ലുകളില്‍ നിന്ന് സര്‍ക്കാര്‍ അക്കൗണ്ടുകളിലേക്ക് നികുതി വന്നിട്ടുണ്ടോയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ അന്വേഷിക്കുന്നത്.
വിറ്റ മണലിന്റെ കണക്കും ഓണ്‍ലൈന്‍, ഓഫ്ലൈന്‍ മോഡുകളിലൂടെ സമ്പാദിച്ച പണവും അതില്‍ എത്ര രൂപ രേഖപ്പെടുത്തി എന്നതും കള്ളപ്പണം വെളുപ്പിക്കല്‍ കേസിന്റെ അന്വേഷണത്തിന്റെ ഭാഗമാകുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇവിടങ്ങളിലെ പതിനഞ്ചോളം സ്ഥലങ്ങളിലെ വിവരങ്ങള്‍ ഇ ഡി ശേഖരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: