ന്യൂദല്‍ഹി: ചന്ദ്രയാന്‍ ദൗത്യങ്ങള്‍ ലോകത്തെ ശാസ്ത്ര സമൂഹത്തിന് ഇതുവരെ അതുല്യമായ ഡേറ്റയാണെന്ന് പ്രമുഖ ശാസ്ത്രജ്ഞന് ദേവി പ്രസാദ് ദുവാരി. ഇതുവഴി വിവിധ തലങ്ങളില്‍ ചാന്ദ്രദൗത്യങ്ങള്‍ക്ക് വഴി തെളിയിച്ചിരിക്കുകയാണ്. ഭാവിയില്‍ അവിടെ മനുഷ്യവാസം ഉറപ്പിക്കാനുള്ള സാധ്യത പോലും തെളിഞ്ഞു.
ചന്ദ്രനില്‍ ഐസ് രൂപത്തിലുള്ള ജലത്തിന്റെയും മുന്‍പ് കണ്ടെത്താത്ത പല ധാതുക്കളുടെയും സാന്നിധ്യവും ചന്ദ്രയാന്‍ കണ്ടെത്തിക്കഴിഞ്ഞു. ഇത് ഭാരതത്തിലെ മാത്രമല്ല ലോകത്തിലെ തന്നെ ശാസ്ത്ര സമൂഹത്തിന് ഉപകാരമാണ്. ചന്ദ്രയാന്‍ ഒന്നാണ് ചന്ദ്രന്റെ ധ്രുവങ്ങളില്‍, 60,000 കോടി ലിറ്റര്‍, ഐസ് വെള്ളമുണ്ടെന്ന സൂചന ആദ്യമായി നല്‍കിയത്. ചന്ദ്രയാന്‍ രണ്ടിന്റെ ലാന്‍ഡര്‍ തകര്‍ന്നെങ്കിലും ഓര്‍ബിറ്റര്‍ നാലു വര്‍ഷമായി ചന്ദ്രനെ വലംവച്ച്, ധാരാളം വിവരങ്ങളും ഡേറ്റയും ചിത്രങ്ങളുമാണ് നല്‍കിയത്. മൂന്നാം ചാന്ദ്രദൗത്യം ഇറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ അവിടെ സള്‍ഫറിന്റെ സാന്നിധ്യം കണ്ടെത്തി. മാഞ്ചസ്റ്റര്‍ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞനായ അദ്ദേഹം പറഞ്ഞു.
ചന്ദ്രോപരിതലത്തിലെ താപം സംബന്ധിച്ചും വിലപ്പെട്ട വിവരങ്ങളാണ് നല്‍കിയത്. ഉപരിതലത്തില്‍ പത്തു ഡിഗ്രി ചൂടാണ്. എന്നാല്‍ എട്ടടി താഴേക്ക് ചെന്നാല്‍, മൈനസ് 60 ഡിഗ്രിയാണ്. ചന്ദ്രോപരിതലത്തിന് താപത്തെ ചെറുക്കാന്‍ കഴിയുമെന്നാണ് ഇതിലൂടെ തെളിഞ്ഞത്. അതായത് ചന്ദ്രനില്‍ മനുഷ്യവാസം സാധ്യമാണ് എന്നാണ് മനസിലാക്കേണ്ടത്. ചന്ദ്രയാനിലെ ഉപകരണങ്ങളുടെ കഴിവാണ് ഇതിലൂടെ തെളിഞ്ഞത്.
മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഐഎസ്ആര്‍ഒയുടെ പദ്ധതിയും ഭാരതത്തിന്റെ സാങ്കേതിക വിദ്യയെ പുതിയ തലത്തില്‍ എത്തിക്കും. ഈ വര്‍ഷം ഒടുവിലാണ് ഐഎസ്ആര്‍ഒ ഗഗന്യാന് വിക്ഷേപിക്കുക, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: