ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിലെ രണ്ടാം ടെര്‍മിനലില്‍ നിന്നും ആദ്യ രാജ്യാന്തര വിമാനം ചൊവ്വാഴ്ച രാവിലെ പറന്നുയര്‍ന്നു. രാവിലെ 10.05ന് ജിദ്ദയില്‍ നിന്നുള്ള സൗദി എയര്‍ലൈന്‍സ് ആണ് കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലെ രണ്ടാം ടെര്‍മിനലില്‍ ആദ്യ രാജ്യാന്തര വിമാനം. ജിദ്ദയിലേക്കുള്ള മടക്ക ഫ്‌ളൈറ്റ് ആണ് (എസ്വി 867) രണ്ടാം ടെര്‍മിനലില്‍ നിന്നും പറന്നുയര്‍ന്ന ആദ്യ വിമാനം. ആകെ 212 യാത്രക്കാരായിരുന്നു ഈ വിമാനത്തിലുണ്ടായത്.
രണ്ടാം ടെര്‍മിനലില്‍ നിന്നും അന്താരാഷ്‌ട്ര സര്‍വീസുകള്‍ ആരംഭിച്ച ആദ്യ ഇന്ത്യന്‍ എയര്‍ലൈന്‍സ് ഇന്‍ഡിഗോയാണ്. ഇന്‍ഡിഗോയുടെ ഫ്‌ലൈറ്റ് 6ഇ 1167 വിമാനം കൊളംബോയിലേക്ക് ഉച്ചയ്‌ക്ക് 12.10 ന് 130 യാത്രക്കാരുമായി പുറപ്പെട്ടു.
ആദ്യ അന്താരാഷ്‌ട്ര വിമാനത്തില്‍ എത്തുന്ന യാത്രക്കാരെ സ്വാഗതം ചെയ്യുന്നതിനായി ഗേറ്റ് ഒന്നിന്റെ പ്രവേശന കവാടത്തില്‍ ഡോലു കുനിത, യക്ഷഗാന കലാകാരന്മാര്‍ ഉള്‍പ്പെട്ട ഗംഭീരമായ പരിപാടി അരങ്ങേറി. ആദ്യ വിമാനത്തില്‍ എത്തിയവരില്‍ ഭൂരിഭാഗവും കര്‍ണാടകയില്‍ നിന്ന് മക്കയിലേക്ക് പോയ ഉംറ തീര്‍ഥാടകരായിരുന്നു.
നാളെ മുതല്‍ എയര്‍ ഏഷ്യ, എയര്‍ ഇന്ത്യ, വിസ്താര, സ്റ്റാര്‍ എയര്‍ എന്നിവയുടെ ആഭ്യന്തര സര്‍വീസുകളും രണ്ടാം ടെര്‍മിനലില്‍ നിന്നും സര്‍വീസ് നടത്തും. ഇന്‍ഡിഗോ, സ്പൈസ്ജെറ്റ്, അലയന്‍സ് എയര്‍, ആകാശ എയര്‍ എന്നിവയുടെ ആഭ്യന്തര സര്‍വീസുകള്‍ ടെര്‍മിനല്‍ ഒന്നില്‍ തുടരും. രണ്ടാം ടെര്‍മിനലില്‍ നിന്നുള്ള അന്താരാഷ്‌ട്ര വിമാന സര്‍വീസുകള്‍ ഓഗസ്റ്റ് 31ന് നടത്താന്‍ നിശ്ചയിച്ചിരുന്നെങ്കിലും വിമാനത്താവളത്തിലെ സുരക്ഷാ പ്രശ്നങ്ങളും മറ്റു സാങ്കേതിക തടസങ്ങളും കാരണം ആദ്യ സര്‍വീസ് സെപ്തംബര്‍ 12ലേക്ക് മാറ്റുകയായിരുന്നു.
യാത്രക്കാരുടെ കണ്ണും മനസ്സും നിറയ്‌ക്കുന്ന കാഴ്ചകളാണ് ബെംഗളൂരുവിലെ കെംപെഗൗഡ വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ രണ്ടില്‍ ഒരുക്കിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി നരേന്ദ്രമോദിയാണ് പുതിയ ടെര്‍മിനല്‍ രാജ്യത്തിന് സമര്‍പ്പിച്ചത്.
5,000 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ടെര്‍മിനല്‍ 2 പരിസ്ഥിതി സൗഹൃദമായാണ് നിര്‍മ്മിച്ചിരിക്കുന്നത്. ടെര്‍മിനല്‍ 2 പ്രവര്‍ത്തന സജ്ജമാകുന്നതോടെ പ്രതിവര്‍ഷം 5-6 കോടി യാത്രക്കാരെ കൈകാര്യം ചെയ്യാനാകുന്ന ശേഷിയിലേയ്‌ക്ക് വിമാനത്താവളത്തിന് ഉയരാന്‍ സാധിക്കും. നിലവിലെ ശേഷി ഏകദേശം 2.5 കോടിയാണ്. ടെര്‍മിനല്‍ 2 മൊത്തം 2.55 ലക്ഷം ചതുരശ്ര മീറ്റര്‍ സ്ഥലത്താണ് ഒരുക്കിയിരിക്കുന്നത്. യുഎസ് ജിബിസിയുടെ (ഗ്രീന്‍ ബില്‍ഡിംഗ് കൗണ്‍സില്‍) പ്രീ-സര്‍ട്ടിഫൈഡ് പ്ലാറ്റിനം റേറ്റിംഗ് നേടുന്ന ലോകത്തിലെ ഏറ്റവും വലിയ ടെര്‍മിനലാണ് കെംപഗൗഡ വിമാനത്താവളത്തിലെ ടെര്‍മിനല്‍ 2. കര്‍ണാടകയുടെ പൈതൃകവും സംസ്‌കാര തനിമയും പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് ടെര്‍മിനല്‍ 2 ഒരുക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: