തിരുവനന്തപുരം: സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റെ 130-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഭാരതീയ വിചാര കേന്ദ്രം വിചാരസന്ധ്യ സംഘടിപ്പിച്ചു. സഹിഷ്ണുതയുടെയും സാഹോദര്യത്തിന്റെയും മതമാണ് ഹിന്ദുമതം എന്ന് സ്വാമി വിവേകാനന്ദന്‍ ചിക്കാഗോയില്‍ പ്രസംഗിച്ചപ്പോഴാണ് ലോകം ഹിന്ദുമതത്തെക്കുറിച്ച് കൂടുതല്‍ അറിഞ്ഞതെന്ന് ദൂരദര്‍ശന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ (ന്യൂസ്) അജയ് ജോയ് ഐഐഎസ്. സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റെ 130-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഭാരതീയ വിചാരകേന്ദ്രം തിരുവനന്തപുരം സ്ഥാനീയ സമിതി ‘വിശ്വമാനവികത വിവേകാനന്ദന്റ വീക്ഷണത്തില്‍’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച വിചാരസന്ധ്യ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സപ്തംബര്‍ 11 ലോകത്തില്‍ പല കാര്യങ്ങളടെ പേരില്‍ അറിയപ്പെടുന്നുണ്ടൈങ്കിലും ഭാരതത്തില്‍ വിശ്വസാഹോദര്യ ദിനമായാണ് അറിയപ്പെടുന്നത്. വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗമാണ് ഭാരതത്തിന്റെ പ്രഭാവം ലോകത്തിന് മനസ്സിലാക്കിക്കൊടുത്തത്. സ്വാമി വിവേകാനന്ദന്റെ വാക്കുകള്‍ ലോകത്തിന്റെ സാഹോദര്യത്തിനുള്ള പ്രചോദനമായി മാറി. എല്ലാ മതങ്ങളും സത്യമാണ്. എന്നാല്‍ എല്ലാ മതങ്ങളും ഒന്നല്ല എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ബഹുസ്വരതയുടെ ഈ ലോകത്ത് നാമെങ്ങനെ ജീവിക്കണം എന്ന് സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗം നമ്മെ കാണിച്ചുതരുന്നുവെന്നും അജയ് ജോയ് പറഞ്ഞു.
ഭാരതീയ വിചാരകേന്ദ്രം തിരുവനന്തപുരം സ്ഥാനീയ സമിതി വര്‍ക്കിംഗ് പ്രസിഡന്റ് ഡോ. രാജിചന്ദ്ര അധ്യക്ഷത വഹിച്ചു. ആത്മീയത എന്നത് എങ്ങനെ ചെറുപ്പക്കാരിലേക്ക് എത്തിക്കാം എന്നത് തന്റെ ചുരുങ്ങിയ കാലത്തിനുള്ളില്‍ പ്രവര്‍ത്തിച്ച് കാണിച്ച വ്യക്തിയായിരുന്നു സ്വാമി വിവേകാനന്ദന്‍ എന്ന് ഡോ. രാജി ചന്ദ്ര പറഞ്ഞു. ഇന്ത്യയില്‍ ഇത്രത്തോളം ഫിലോസഫിക്കല്‍ സ്പിരിച്വല്‍ വൈവിധ്യമുണ്ടെന്ന് ലോകത്തിന് ആദ്യമായി അറിയിച്ചു കൊടുത്ത മാര്‍ക്കറ്റിംഗ് മാനേജരാണ് സ്വാമി വിവേകാനന്ദന്‍ എന്നും അവര്‍ പറഞ്ഞു. യോഗത്തില്‍ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഡോ. ലക്ഷ്മി നായര്‍, ജോയിന്റ് സെക്രട്ടറി ആര്‍. സുരേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: