കാലടി: സനാതന ധര്‍മ്മത്തില്‍ അധിഷ്ഠിതമായ ഭാരതസംസ്കൃതിക്ക് നാശമില്ലെന്ന് ഗോവ ഗവര്‍ണര്‍ പി.എസ.് ശ്രീധരന് പിള്ള. ആത്മീയതയും ഭൗതികതയും സമന്വയിപ്പിച്ചുള്ള ഒരു ചിന്താധാരയാണ് ഭാരതത്തിന്റെ അടിത്തറ.
മാതൃരാജ്യത്തെ ദൈവമായി ആരാധിക്കാനും സര്വധര്മ്മസമ ഭാവനയിലൂടെ ജീവിക്കാനും ആഹ്വാനം ചെയ്ത സ്വാമി വിവേകാനന്ദനെ കിട്ടിയിരുന്നുവെങ്കില്‍ എന്ന് പാശ്ചാത്യലോകം കൊതിക്കുകയാണ്.
ബ്രിട്ടന്, ചൈന, ജപ്പാന്, ഫ്രാന്‍സ്, റഷ്യ തുടങ്ങിയ രാജ്യങ്ങളിലെല്ലാം ധാര്‍മ്മികതയും ഈശ്വരചിന്തയും ഇല്ലാതായി, രാജ്യം തകര്‍ച്ചയില്‍ എത്തിയിരിക്കുന്നു. എന്നാല്‍ ഭാരതത്തില്‍ കാല്‍ശതമാനം പോലും ധാര്‍മ്മികത നശിച്ചിട്ടില്ല.
ഇതിന് കാരണം സ്വാമി വിവേകാനന്ദനും ശ്രീനാരായണ ഗുരുദേവനും പോലുള്ള ഋഷിവര്യന്മാര് പകര്‍ന്ന് നല്കിയ ശക്തമായ സാംസ്കാരിക മൂല്യബോധമാണെന്നും അത് തലമുറകളിലേക്ക് പകര്‍ന്ന് നല്കുവാന് പാഠ്യപദ്ധതിയില്‍ വിവേകാനന്ദ സന്ദേശങ്ങളും ജീവിതവും വിഷയങ്ങളാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്വാമി വിവേകാനന്ദന്റെ ചരിത്രപ്രസിദ്ധമായ ചിക്കാഗോ പ്രസംഗത്തിന്റെ 130-ാം വാര്‍ഷിക ദിനമായ ഇന്നലെ കാലടി ശ്രീരാമകൃഷ്ണ അദൈ്വതാശ്രമത്തില്‍ സ്ഥാപിച്ച സ്വാമി വിവേകാനന്ദന്റെ പൂര്‍ണ്ണകായ വെങ്കല പ്രതിമ അനാച്ഛാദനത്തോട് അനുബന്ധിച്ചുള്ള സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.
ഇരുപതിനായിരം സ്ക്വയര്‍ ഫീറ്റില്‍ നിര്‍മിച്ച മനോഹരമായ പൂന്തോട്ടവും ടൈല്‍ വിരിച്ച നടപ്പാതയും പ്രൗഢമായി ഉയര്‍ന്ന് നില്ക്കുന്ന വിവേകാനന്ദ പ്രതിമയും കാലടിയില്‍ എത്തുന്ന ഏവര്‍ക്കും ആദ്ധ്യാത്മിക അനുഭൂതി പകരുന്ന കേന്ദ്രമായി മാറട്ടെ എന്ന് ഗവര്‍ണര്‍ ആശംസിച്ചു.
ശ്രീരാമകൃഷ്ണ മിഷന് സീനിയര്‍ ട്രസ്റ്റിയും ദീക്ഷ ഗുരുവുമായ ശ്രീമദ് സ്വാമി ദിവ്യാനന്ദജി മഹരാജ് ചടങ്ങില്‍ അധ്യക്ഷനായി. സ്വാമി വിവേകാനന്ദന്റെ സന്ദേശങ്ങള്‍ക്ക് പ്രസക്തിയും പ്രശസ്തിയും ഏറിവരികയാണെന്ന് സ്വാമിജി പറഞ്ഞു. കരുത്തിന്റെയും ലക്ഷ്യബോധത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും ഊര്‍ജ്ജം പകരുന്ന ശക്തികേന്ദ്രമായി വിവേകാനന്ദ പ്രതിമ മാറുമെന്ന് സ്വാമിജി പ്രത്യാശിച്ചു.
ജസ്റ്റിസ് കെ.രാമകൃഷ്ണന്, യുവഗായകന് അനൂപ് ശങ്കര്‍, കാലടി അദൈ്വതാശ്രമം പ്രസിഡന്റ് സ്വാമി ശ്രീവിദ്യാനന്ദ , സ്വാമി ആഗമാനന്ദ സ്മാരക സമിതി പ്രസിഡന്റ് പ്രൊഫ. കെ.എസ്. ആര്. പണിക്കര്‍, എസ്. വിജയന് എന്നിവര്‍ സംസാരിച്ചു. ആശ്രമാങ്കണത്തില്‍ സ്ഥാപിച്ച പൂര്‍ണ്ണകായ വിവേകാനന്ദ പ്രതിമയുടെ ശില്പി ഡോ. കെ. രാജേന്ദ്രനെ ചടങ്ങില്‍ ഗവര്‍ണര്‍ പൊന്നാട അണിയിച്ച് ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: