കോഴിക്കോട്: കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ നിപ സംശയത്തിൽ കഴിയുന്നവരിൽ രണ്ട് പേരുടെ നില ഗുരുതരം. മരുതോങ്കര സ്വദേശി കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ രണ്ട് മക്കളും ബന്ധുവുമാണ് ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്. മക്കളിൽ ഒമ്പത് വയസുകാരന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കുട്ടി ആശുപത്രിയിലുള്ളത്. നാല് വയസുള്ള കുട്ടിയുടെ നില ഇത്രയും ഗുരുതരമല്ലെങ്കിൽ കൂടി തീവ്രപരിചരണത്തിലാണ്. ബന്ധുവായ ഇരുപത്തിയഞ്ചുകാരന്റെ നില തൃപ്തികരമാണെന്നാണ് വിവരം.. മരിച്ച വ്യക്തിയുടെ സമ്പർക്കത്തിലുള്ളവരെ കണ്ടെത്തുന്നതിനായി ശ്രമങ്ങൾ ആരംഭിച്ചു. ഇതിനായി ആരോഗ്യ വകുപ്പ് ഫീൽഡ് സർവേയും തുടങ്ങിയിട്ടുണ്ട്.
അതേസമയം പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുമുള്ള പരിശോധനാ ഫലം ഇന്ന് ഉച്ചയോടെ ലഭിക്കും. പ്രാദേശിക പരിശോധനയിൽ നിപ സ്ഥിരീകരിച്ചതായാണ് വിവരം. ഉച്ചയോടെ ലഭിക്കുന്ന പരിശോധനാ ഫലത്തിൽ നിപ സ്ഥിരീകരിക്കുകയാണെങ്കിൽ നിപ പ്രോട്ടോകോൾ നടപടികളിലേക്ക് ആരോഗ്യ വകുപ്പ് കടക്കും. പനി ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ ആളും ഇയാൾ ചികിത്സയിലിരിക്കെ അച്ഛനുമായി ആശുപത്രിയിൽ എത്തിയ ആളുമാണ് മരിച്ചത്.
ഇതിന് പിന്നാലെയാണ് ആശുപത്രിയിൽ പിതാവിന് കൂട്ടിരിക്കാൻ എത്തിയ ആൾക്ക് സമാന രോഗലക്ഷണം കണ്ടെത്തിയത്. ഏറെ വൈകാതെ ഇയാളും മരിച്ചതോടെയാണ് ആരോഗ്യ വിഭാഗത്തിന് സംശയങ്ങൾ തോന്നിയത്. അപ്പോഴേക്കും ആദ്യം മരിച്ചയാളുടെ മക്കളും ബന്ധുക്കളുമടക്കം നാല് പേർക്ക് കൂടി രോഗലക്ഷണങ്ങൾ തുടങ്ങിയിരുന്നു. ഇതോടെയാണ് നിപയായിരിക്കാമെന്ന സംശയം ബലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: