വിഴിഞ്ഞം: സ്ത്രീധനമായി വലിയൊരു തുക കൈപ്പറ്റി വിവാഹം കഴിച്ച യുവാവ്, വീണ്ടും സ്ത്രീധനത്തിന്റെ പേരില്‍ ഇരുപത് ദിവസം മാത്രം ഒരുമിച്ച് കഴിഞ്ഞ ഭാര്യയെ ഉപേക്ഷിച്ചതായി പരാതി. വീണ്ടും പണം ആവശ്യപ്പെട്ട് മാനസികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ യുവാവിനെതിരെ വിഴിഞ്ഞം പോലീസ് കേസെടുത്തു. തമിഴ്നാട് മാര്‍ത്താണ്ഡം വിളവംകോട് മഹാത്മജി ഹൗസില്‍ ഐശ്വര്യയുടെ പരാതിയില്‍ വെണ്ണിയൂര്‍ നെല്ലിവിളയില്‍ റോണി (28) നെതിരെയാണ് സ്ത്രീധന നിരോധന നിയമ പ്രകാരം വിഴിഞ്ഞം പോലീസ് കേസെടുത്തത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 31 നായിരുന്നു റോണിയും ഐശ്വര്യയും തമ്മിലുള്ള വിവാഹം നടന്നത്. ഉപരിപഠന ശേഷം സിവില്‍ സര്‍വീസ് കോച്ചിംഗ് ക്ലാസില്‍ പോകുന്ന യുവാവിന് 175 പവന്റെ ആഭരണവും 40 ലക്ഷം രൂപ കൈമണിയായും രണ്ട് ഏക്കര്‍ വസ്തുവും സ്ത്രീധനം നല്‍കിയതായി പരാതിയില്‍ പറയുന്നു.
വിവാഹ ദിവസം തന്നെ 155 പവന്റെ ആഭരണം യുവാവിന്റെ മാതാവ് ലോക്കറില്‍ വയ്ക്കാനെന്ന് പറഞ്ഞ് വാങ്ങിയിരുന്നു. വിവാഹശേഷവും സിവില്‍ സര്‍വീസ് കോച്ചിംഗിന് തിരുവനന്തപുരത്ത് തങ്ങി നിന്ന് പഠിക്കുന്ന റോണിയുമായി ഇരുപത് ദിവസത്തെ ബന്ധം മാത്രമാണുള്ളതെന്ന് യുവതി വിഴിഞ്ഞം പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇതിനിടയില്‍ സ്ത്രീധനമായി നല്കിയ രണ്ട് ഏക്കര്‍ വസ്തു വില്‍ക്കണമെന്നും യുവതിയുടെ കുടുംബ ഷെയറില്‍ ബാക്കിയുള്ള വസ്തുവിന്റെ പകുതിയും വീടും വേണമെന്ന് ആവശ്യപ്പെട്ടതായും പറയുന്നു.
കൈമണിയായി വാങ്ങിയ നാല്പത് ലക്ഷം രൂപയ്ക്ക് യുവാവിന്റെ വീടും വസ്തുവും രണ്ടുപേരുടെയും പേരില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന വ്യവസ്ഥയും ലംഘിക്കപ്പെട്ടു. കഴിഞ്ഞ ഡിസംബറില്‍ യുവതിയെ വീട്ടില്‍ കൊണ്ടാക്കിയ യുവാവ് പിന്നെ തിരിഞ്ഞ് നോക്കിയിട്ടില്ല. ഒടുവില്‍ ഒരുമിച്ച് താമസിക്കാന്‍ തയ്യാറല്ലെന്നറിയിച്ച റോണി വിവാഹ മോചനം ആവശ്യപ്പെട്ട് കേസ് ഫയല്‍ ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ വിഴിഞ്ഞം സ്റ്റേഷനില്‍ എത്തിയ ഐശ്വര്യയും ബന്ധുക്കളും വിട്ടുവീഴ്ചയ്ക്ക് തയ്യാറായെങ്കിലും റോണിയും വീട്ടുകാരും വഴങ്ങിയില്ല. അനുനയ ചര്‍ച്ചകള്‍ പരാജയപ്പെട്ട ശേഷം ഇന്നലെ വൈകുന്നേരം സ്ത്രീധന പീഡനത്തിന് വിഴിഞ്ഞം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ബെംഗളൂരുവില്‍ രണ്ടാം വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ഥിനിയാണ് ഐശ്വര്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: